റഫേൽ യുദ്ധവിമാനങ്ങൾ സംബന്ധിച്ച് ആദ്യം മുതൽ കോൺഗ്രസുകാരും അവരുടെ കൂട്ടുകാരും ഉന്നയിച്ചുവന്ന എല്ലാ ആക്ഷേപങ്ങളും ജനമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടത് നേരത്തെ രണ്ട് ലേഖനങ്ങളിൽ സൂചിപ്പിച്ചിരുന്നുവല്ലോ. അതൊക്കെ ഒന്നുകൂടി അനുസ്മരിച്ചുകൊണ്ട് അടുത്ത വിഷയത്തിലേക്ക് കടക്കാം. ഒന്ന്, പ്രതിരോധ ഇടപാടിലെ വിവരങ്ങൾ പുറത്തുവിടരുത് എന്ന് യുപിഎ സർക്കാർ ഫ്രാന്സുമായി 2008 ൽ കരാറുണ്ടാക്കിയില്ല എന്ന കോൺഗ്രസ് വാദം ലോകസഭയിൽ പൊളിഞ്ഞു. ആ ധാരണാപത്രത്തിന്റെ കോപ്പി കേന്ദ്ര പ്രതിരോധ മന്ത്രി ലോകസഭയുടെ മേശപ്പുറത്ത് വെച്ചുവല്ലോ. അതിന് പിന്നാലെ, ഫ്രഞ്ച് സർക്കാരും അത് സ്ഥിരീകരിച്ചു; മാത്രമല്ല, യുദ്ധവിമാന ഇടപാടിലും ആ രഹസ്യ കരാറിലെ വ്യവസ്ഥകൾ ബാധകമാണ് എന്നതാണ് ഫ്രഞ്ച് നിലപാട് എന്നും അവർ സംശയലേശമന്യേ വ്യക്തമാക്കി. യഥാർത്ഥത്തിൽ ഇത്തരമൊരു സുപ്രധാന വിഷയത്തിൽ രാഹുൽ ഗാന്ധിയും കൂട്ടരും എത്രമാത്രം കള്ളത്തരമാണ് പ്രചരിപ്പിച്ചത്; അത് എന്ത് ലക്‌ഷ്യം വെച്ചുകൊണ്ടായിരുന്നു………… ഇതൊക്കെ ഇന്ത്യൻ ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇവിടെ ഒരു കാര്യം കൂടി പറയാതെ വയ്യ. ഇങ്ങനെ ഒരു കരാറില്ല എന്നും സർക്കാർ കള്ളത്തരം വിളമ്പുകയാണ് എന്നും രാഹുലാദികൾ പറഞ്ഞുനടന്നപ്പോൾ ഒരാൾ പാലിച്ച മൗനമാണ് അത്; സാക്ഷാൽ എകെ ആന്റണിയുടെ കാര്യമാണ്. ആ കരാറിൽ ഒപ്പുവെച്ചയാൾ എന്ന നിലക്ക് ഒന്നുകിൽ ആന്റണി രാഹുലിനോട് പറയണമായിരുന്നു, വസ്തുതകൾ മുഴുവൻ. തെറ്റ് പറഞ്ഞുനടക്കരുതെന്ന് ഉപദേശിക്കണമായിരുന്നു. ഇനി അത് എന്തുകൊണ്ട് പറഞ്ഞില്ല?. അതോ പറഞ്ഞിട്ടും രാഹുൽ ഗാന്ധി രാജ്യത്തെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ?. രണ്ടായാലും കാര്യം ഗൗരവതരം തന്നെ. ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ട ബാധ്യത എകെ ആന്റണിക്കുണ്ട്.
Read Also: ആദ്യഭാഗം
അതുകഴിഞ്ഞാണ്, തങ്ങൾ വാങ്ങാനിരുന്നതിനേക്കാൾ കൂടുതലാണ് നരേന്ദ്ര മോഡി സർക്കാർ നൽകിയ വില എന്ന ആക്ഷേപം കോൺഗ്രസ് ഉന്നയിച്ചത്. അതിന്റെ വില വിവരങ്ങൾ പുറത്തുവന്നപ്പോൾ അതും പൊളിഞ്ഞു. യഥാർഥത്തിൽ യുപിഎ ഏതാണ്ട് എട്ടോ ഒൻപതോ വര്ഷം മുൻപ് തത്വത്തിൽ നിശ്ചയിച്ചതിനേക്കാൾ വളരെ കുറവാണ് മോഡി നൽകിയത്. ഒരു വിമാനത്തിൽ മാത്രം ഏതാണ്ട് 59 കോടി രൂപയുടെ കുറവാണുള്ളത്. ആകെയുള്ള ഇടപാടിൽ ഇന്ത്യക്ക് മോഡി സർക്കാർ ലാഭമുണ്ടാക്കിക്കൊടുത്തത് 2,124 കോടി. ഇത് എട്ട് വര്ഷം മുൻപ് കോൺഗ്രസുകാരുമായി ചർച്ചചെയ്ത വിലയുടെ അടിസ്ഥാനത്തിലാണ്. ഇപ്പോഴുണ്ടായിട്ടുള്ള വില വർധന കണക്കിലെടുത്താൽ ലാഭം അതിലേറെയാവും,സംശയമില്ല.
ഇതും പുറത്തുവന്നപ്പോൾ അവർ മറ്റൊരു വിഷയവുമായി രംഗത്ത് വന്നു. യഥാർഥത്തിൽ വിലവിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്നും അത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താം എന്നുമാണ് കോൺഗ്രസും സിപിഎമ്മുമൊക്കെ കരുതിയത്. ശരിയാണ്, അത് ഔപചാരികമായി പുറത്തുവിടാൻ ഫ്രാൻസുമായുള്ള കരാർ മൂലം ഇന്ത്യക്കാവില്ല. പക്ഷെ ഇതുസംബന്ധിച്ച് ലോക്‌സഭയിൽ രാഹുൽ ഗാന്ധി തെറ്റായ പ്രസ്താവന നടത്തുകയും ഫ്രഞ്ച് പ്രസിഡന്റിനെ വരെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്തപ്പോൾ യഥാർഥ വിവരം പുറത്തുവരുന്നതാണ് നല്ലതെന്ന് ആ രാജ്യവും കരുതിയിരിക്കണം. ഇപ്പോഴും സർക്കാർ ഔദ്യോഗികമായി അത് പ്രസിദ്ധീകരിച്ചിട്ടില്ല; എന്നാൽ വില വിവരങ്ങൾ പുറത്തുവന്നു….. ചോർത്തി നൽകി എന്നൊക്കെ പറയാമോ എന്നറിയില്ല. പക്ഷെ ജനങ്ങളെ എല്ലാ കാര്യങ്ങളും ധരിപ്പിക്കുന്നതാണ് നല്ലതെന്ന് മോഡി ഭരണ കൂടം തീരുമാനിച്ചു എന്ന് തീർച്ച. മടിയിൽ കനമില്ലാത്തവർക്ക് എന്തിനാണ് പേടി എന്നതല്ലേ ശരി.
Read Also: രണ്ടാം ഭാഗം
അപ്പോഴാണ് മറ്റൊരു ആക്ഷേപവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്. രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞത്, റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് ( റിലയൻസ് വന്നതിനാൽ ) ഇന്ത്യക്കാർ റിലയൻസിന് വേണ്ടി അന്പത് വര്ഷം നികുതി കൊടുക്കേണ്ടിവരും എന്നാണ്. വിവരക്കേടിൻറെ കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷനോപ്പം നില്ക്കാൻ ഇന്ത്യയിലെ മുൻ നിര രാഷ്ട്രീയക്കാർ കുറവാണ് എന്നത് പറയേണ്ടതില്ലല്ലോ. രാഷ്ട്രീയ ജ്ഞാനം മാത്രമല്ല പൊതു വിജ്ഞാനത്തിന്റെ കാര്യത്തിലും അദ്ദേഹം കുറെ പിറകിലാണ് എന്ന് ഇന്ത്യൻ രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് അറിയാൻ കഴിയേണ്ടതാണ്. എച്ച് എ എല്ലിന് എന്തുകൊണ്ട് യുദ്ധവിമാനമുണ്ടാക്കാനുള്ള കരാർ കൊടുത്തില്ല എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഒന്ന്: എച്ച് എ എല്ലിൽ ഈ വിമാനങ്ങൾ ഉണ്ടാക്കാമെന്ന് പറഞ്ഞത് യുപിഎ ഭരണകൂടമാണ്. എന്നാൽ അതിനുള്ള സൗകര്യങ്ങൾ അവർക്കില്ല. മറ്റൊന്ന്, ചിന്തയിൽ മാത്രമൊതുങ്ങിയ യുപിഎയുടെ ഇടപാടിൽ, എഴുതിത്തയ്യാറാക്കുകയോ സർക്കാരുകളോ കമ്പനികളോ അംഗീകരിക്കുകയോ ചെയ്യാത്ത കരാറിൽ, അങ്ങിനെ എന്തെങ്കിലും ഉണ്ടായിരുന്നുവെന്ന് കരുതി അത് പ്രവർത്തികമാവണം എന്നുണ്ടോ?. യുപിഎയുടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതാണ് എന്നതല്ലേ വസ്തുത?.
ഇനി കോൺഗ്രസ്, സീതാറാം യെച്ചൂരിയും, പറഞ്ഞുനടക്കുന്നത് എന്താണ്?. ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന വിമാനങ്ങൾ നിർമ്മിക്കുന്നത് ഇന്ത്യയിലാണ്; അത് എച്ച് എ എല്ലിൽ നിർമ്മിക്കാമായിരുന്നു. എന്നാൽ എന്താണ് വസ്തുത….. ഇന്ത്യക്ക് ഫ്രാൻസ് നൽകുന്ന 36 യുദ്ധ വിമാനങ്ങൾ ‘റെഡി മേയ്ഡ്’ ആയിട്ടാണ് ലഭിക്കുന്നത്. അതെല്ലാം നിർമ്മിക്കുന്നത് ഫ്രാൻസിലാണ്….. അവ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. ഒരെണ്ണം പോലും ഇന്ത്യൻ നിർമ്മിക്കുന്നില്ല; റിലയൻസ് അവിടെ അതുവരെ ചിത്രത്തിൽ വരുന്നതേയില്ല. ഇന്ത്യക്കാവശ്യമുള്ള വിമാനങ്ങൾ റിലയൻസ് നിർമ്മിച്ച് നൽകുന്നെങ്കിലല്ലേ വിവാദത്തിന് അടിസ്ഥാനമുള്ളൂ. നരേന്ദ്ര മോഡി റിലയൻസിന്റെ ദല്ലാൾ ആണ് എന്നൊക്കെ പറഞ്ഞും ആക്ഷേപിച്ചും നടന്നവർ യഥാർഥത്തിൽ എന്താണ് നടക്കുന്നത് എന്നുപോലും മനസിലാക്കാൻ ശ്രമിച്ചില്ല എന്നതല്ലേ വസ്തുത.
എന്നാൽ റിലയൻസ് രംഗത്ത് വരുന്നില്ലേ……… ഉണ്ട്. അത് ഭാവിയിലാണ്. അതിലേക്ക് വരാം. ഈ ഇൻഡോ- ഫ്രഞ്ച് സർക്കാരുകൾ തമ്മിലുള്ള കരാറിൽ ഒരു വ്യവസ്ഥയുണ്ട്; ഈ വിമാന ഇടപാടിനൊപ്പം ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ വിമാന നിർമ്മാണം തുടങ്ങണം. ഇവിടെ നിക്ഷേപം നടത്തണം. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി അതിനെ കാണാം. പ്രതിരോധ രംഗത്ത് കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ഇന്ത്യ ഇറക്കുമതി മാത്രമാണ് നടത്തുന്നത്. ഏതാണ്ടൊക്കെ സർവ്വതിനുമെന്നപോലെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നു. മോഡി അധികാരമേറ്റതിന് ശേഷമുണ്ടായ പ്രധാന തീരുമാനങ്ങളിൽ ഒന്ന് ഇന്ത്യയെ പ്രതിരോധ സാമഗ്രികളുടെ നിർമ്മാണ ഹബ് ആയി മാറ്റണം എന്നതാണ്. കുറെയേറെ കമ്പനികൾ ഇവിടെ ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്. ഇത്തവണ അനവധി പ്രതിരോധ ഓർഡറുകൾ നൽകിയത് ഇന്ത്യയിലെ സ്ഥാപനങ്ങൾക്കാണ്. അതുകൊണ്ടുണ്ടാവുന്ന നേട്ടമെന്താണ്……… ഇന്ത്യക്കാവശ്യമുള്ള സാമഗ്രികൾ ഇന്ത്യയിൽ തന്നെ ലഭിക്കും. ആ കമ്പനികൾ കയറ്റുമതി നടത്തിയാൽ അതിന്റെ ഗുണവും ഈ രാജ്യത്തിന് തന്നെ. ആ പദ്ധതിയുടെ, ആലോചനയുടെ, ഭാഗമായിട്ടാണ് ഇന്ത്യയിൽ യുദ്ധവിമാനം നിർമ്മിക്കാൻ തയാറാവണം എന്ന വ്യവസ്ഥ കരാറിൽ ഉണ്ടാക്കിയത്.
എന്നാൽ ഒന്ന് ഓർമ്മിക്കണം; ഫ്രഞ്ച് വിമാനക്കമ്പനി ഇന്ത്യയിൽ തുടങ്ങുമ്പോൾ ആരെയാണ് കൂടെച്ചേർക്കേണ്ടത്, ആരെയാണ് ഒഴിവാക്കേണ്ടത് എന്നതൊക്കെ മോദിയല്ല തീരുമാനിക്കുന്നത്; ഫ്രഞ്ച് സർക്കാരുമല്ല. ആ വിമാന നിർമ്മാണ കമ്പനിക്ക് ആവശ്യമുള്ളവരെ കണ്ടെത്താനുള്ള അധികാരമുണ്ട്; പക്ഷെ ഇന്ത്യയിൽ നിർമ്മിക്കണം, അതിനുള്ള കമ്പനി തുടങ്ങണം. നാളെ റഫേൽ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചാൽ അത് ഇന്നത്തേതിനേക്കാൾ വിലകുറച്ച് നമുക്ക് ലഭിച്ചുകൂടായ്കയില്ല. പിന്നെ, അവർ കയറ്റുമതി നടത്തുമ്പോൾ അത് ഇന്ത്യക്ക് ഗുണകരമാണ്. അതിലെല്ലാമുപരി അനവധി പേർക്ക് ജോലി ലഭിക്കുകയും ചെയ്യും. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ എത്രയോ അത്തരം കമ്പനികൾ, വിവിധ മേഖലകളിൽ, ഇതിനകം രാജ്യത്ത് പ്രവർത്തനം തുടങ്ങിയിരിക്കുന്നു എന്നതുമോർക്കണം.
ഫ്രഞ്ച് സ്വകാര്യ കമ്പനി അതിനായി കണ്ടെത്തിയത് റിലയൻസിനെയാണ് . അവർക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്നതൊന്നും നാം നോക്കേണ്ടതില്ല; അത് ഫ്രഞ്ച് കമ്പനിയാണ് നോക്കേണ്ടത്. അവർക്ക് സ്വീകാര്യമായവരെ അവർ തീരുമാനിക്കുന്നു. അങ്ങിനെയാവണം റിലയൻസ് രംഗത്ത് വന്നത്. അംബാനിക്ക് പ്രതിരോധ രംഗത്ത് പരിചയമുണ്ടോ, അവർക്ക് സഹായിക്കാൻ കഴിയുമോ എന്നതൊക്കെ നോക്കേണ്ടതും ഇന്ത്യ സർക്കാരല്ല….. ഫ്രഞ്ച് സർക്കാരുമല്ല; അത് ഫ്രാൻസിലെ വിമാനക്കമ്പനി മാത്രമാണ്. ഒന്നുകൂടി ഓർമ്മിക്കുക, ഒരു പരിചയവുമില്ലാത്ത ഒരാളെ ഇത്തരം പദ്ധതിയിൽ പങ്കാളിയാക്കാൻ ഏതെങ്കിലും ആഗോള സ്ഥാപനങ്ങൾ തയ്യാറാവുമോ?. ലോകത്ത് ലഭിക്കുന്ന മികച്ച യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നവരാണ് ഇവർ എന്നാരെങ്കിലും വിമർശകർ ഓർക്കേണ്ടതല്ലേ. രാഹുൽ ഗാന്ധിക്കും യെച്ചുരിക്കുമൊക്കെ എന്തും പറഞ്ഞുനടക്കാം ; യുദ്ധവിമാന നിർമ്മാതാക്കൾ തങ്ങളുടെ സഹയോഗിയെക്കുറിച്ച് എത്രവട്ടം ആലോചിച്ചിട്ടുണ്ടാവും എന്ന് ചിന്തിച്ചു നോക്കൂ.
ഇതിനിടയിൽ റിലയൻസ് ചെയർമാൻ അനിൽ അംബാനി രാഹുൽ ഗാന്ധിക്ക് ഒരു കത്തയച്ചത് കാണുകയുണ്ടായി. ചില പത്രങ്ങൾ അത് പ്രസിദ്ധീകരിച്ചതാണ്. കോൺഗ്രസുമായി റിലയൻസിന്, അംബാനി കുടുംബത്തിനുള്ള ഊഷ്‌മളമായ ബന്ധമൊക്കെ വിശദീകരിക്കുന്ന ആ കത്തിൽ തന്റെ സ്ഥാനാപനത്തിന് ഡിഫെൻസ് പ്രൊഡക്ഷൻ രംഗത്തുള്ള പ്രാവീണ്യത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ” Reliance have the necessary experience but they are the leaders in several areas of defence manufacturing. Ambani states that Reliance has the largest private shipyard in Pipavav, Gujarat and is currently building five Naval Offshore Patrol Vessels (NPOV) for the Indian Navy and 14 Fast Patrol Vessels for the Indian Coast Guard. He stated that the Reliance Defence shipyard was the only shipyard in the region selected by the US Navy for maintenance of over a 100 ships from the 7th fleet”. അതിൽ നിന്ന് കാര്യങ്ങൾ കുറെയൊക്കെ വ്യക്തം. ഇപ്പോൾ തന്നെ റിലയൻസിന് ഒരു പ്രതിരോധ നിർമാണ കമ്പനിയുണ്ട്. അവരുടെ ഷിപ്‌യാർഡിൽ നാവികസേനയ്ക്ക്, കോസ്റ്റ് ഗാർഡിന്, ആവശ്യമുള്ള ചെറുകപ്പലുകൾ നിർമ്മിക്കുന്നുണ്ട്. അമേരിക്കയുടെ പ്രസിദ്ധമായ ഏഴാം കപ്പൽ പടയുടെ ഭാഗമായ നൂറ് കപ്പലുകളുടെ റിപ്പയർ ജോലികൾ ചെയ്യുന്നതും അവരാണ്. അതൊക്കെ അവരുടെ അവകാശവാദമാണ്. തെറ്റാണ് എന്ന് കരുതാൻ സാഹചര്യമില്ല; 2017 ഡിസംബറിൽ എഴുതിയ കത്താണിത്; ഇതുവരെ അത് നിഷേധിക്കപ്പെട്ടിട്ടുമില്ല. ഇനി വേണമെങ്കിൽ പറയാം…. കപ്പലുണ്ടാക്കുന്നവർക്ക് അല്ലെങ്കിൽ ചെറു കപ്പലുണ്ടാക്കുന്നവർക്ക് യുദ്ധവിമാനം ഉണ്ടാക്കാൻ കഴിയുമോ എന്ന്. അവിടെയാണ് നാം നോക്കേണ്ടത്, ഇത് ആരാണ് തീരുമാനിക്കുന്നത്……….. ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പന്നം ഉണ്ടാക്കി വിൽക്കാൻ വരുന്നവരുടെ തലവേദനയല്ലേ അത്. ആ പുതിയ കമ്പനിയിൽ രണ്ടു സ്വകാര്യ, കോർപ്പറേറ്റ് കമ്പനികളാണ്; അവർക്ക് ഇന്ത്യയിലെ നിയമമനുസരിച്ച് ഓഹരി പങ്കാളിത്തം തീരുമാനിക്കാം. ഇന്ത്യ സർക്കാരിന്റെ ആകെയുള്ള പ്രശ്നം, അവർ ഭാവിയിൽ, താമസിയാതെ, ഇന്ത്യയിൽ വെച്ച് യുദ്ധവിമാനങ്ങൾ നിർമ്മിക്കണം എന്നത് മാത്രം. ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ ഉണ്ടാകാൻ കഴിയുന്ന സ്വകാര്യ സംരംഭകർ ഇല്ല എന്നതും ഓർക്കേണ്ടതാണല്ലോ. മാത്രമല്ല, നമുക്ക് ഇപ്പോൾ ലഭിക്കുന്ന യുദ്ധവിമാനങ്ങൾക്ക് എന്തെങ്കിലും സർവീസിങ് ഒക്കെ വേണ്ടിവന്നാൽ അത് സഹായകരവുമാവും.
അനവധി ഇന്ത്യൻ കമ്പനികൾ ഇതിനകം വിദേശ കമ്പനികളുമായി സഹകരിച്ച് വിവിധ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. അതൊക്കെ മോഡി സർക്കാർ വന്നതിന് ശേഷമാണ്. എന്നാൽ അതിന്റെയർത്ഥം ആ വിദേശ, സ്വദേശി പങ്കാളികളെ കണ്ടെത്തിനൽകിയത് മോദിയാണ് എന്നാണോ. ഒരു കാര്യത്തിലെ മോഡി സർക്കാരിന് നിര്ബന്ധ ബുദ്ധിയുള്ളു; അത് ഇന്ത്യയിൽ കമ്പനികൾ വരണം; ഇവിടുത്തെ ചെറുപ്പക്കാർക്ക് ജോലി നൽകണം, ഇവിടെ അത് നല്ല നിലക്ക് പ്രവർത്തിക്കണം……( അവസാനിച്ചു).
Post Your Comments