തളിപ്പറമ്പ് : ഒരു കോടിരൂപ ചെലവഴിച്ച് പണിതുയര്‍ത്തിയ കൂറ്റന്‍ കോണ്‍ക്രീറ്റ് വീട് തകര്‍ന്നുവീണു. കാര്യാമ്പലം അടിക്കുംപാറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടാണ് തകര്‍ന്നത്. തമിഴ്‌നാട് കിള്ളികുറിച്ചി സ്വദേശി മുരുകന്റെ വീടാണ് ഇത്. ഇന്നലെ ആറരയോടെയാണ് രണ്ടുനില വീട് തകര്‍ന്ന് തുടങ്ങിയത്. അല്‍പ സമയത്തിനുള്ളില്‍ വീട് നിലംപൊത്തി. കോണ്‍ക്രീറ്റ് ബീമുകളും മറ്റും ഇളകി വീഴുന്ന ശബ്ദം കേട്ട് ഇതിന് സമീപം ജോലിചെയ്യുകയായിരുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു.
മുരുകന്റെ വീടിന്റെ സമീപമുള്ള സഹോദരന്‍ ശ്രീനിവാസന്റെ വീടും തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഒരേ മതൃകയിലാണ് രണ്ട് വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ഭിത്തികള്‍ക്കും വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെ രണ്ട് നില പൂര്‍ണമായും തകര്‍ന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്നനിലയിലാണ്. ഭൂമിക്കടിയിലും ഇതിന് മുറികള്‍ നിര്‍മിച്ചിരുന്നു. ഒരു കോടിയോളം രൂപ ഇതിനായി ഇതുവരെ ചെലവഴിച്ചതായി മുരുകന്‍ പറയുന്നു.
ചിറവക്ക് കപ്പാലത്ത് മുരുകന്‍ സ്റ്റീല്‍സ് എന്ന പേരില്‍ ആക്രിക്കച്ചവടം നടത്തുന്ന മുരുകനും സഹോദരനും ഒരുവര്‍ഷം മുന്‍പാണ് ഇവിടെ വീട് നിര്‍മാണം ആരംഭിച്ചത്. അഗ്‌നിശമന സേനയെത്തി സമീപത്തുള്ള മറ്റ് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ഞായറാഴ്ച ആയിരുന്നതിനാൽ വീട് നിര്‍മാണ ജോലിക്കാര്‍ ഇല്ലാത്തതു കൊണ്ട് വൻദുരന്തം ആണ് ഒഴിവായത്.
Post Your Comments