തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാം പരിസരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓറഞ്ച് അലർട് (രണ്ടാം ഘട്ട ജാഗ്രതാ നിർദേശം) നൽകി എന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർത്ഥമില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
Read also: ഇടുക്കി ഡാം; തെറ്റായ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അധികൃതർ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ അതിജാഗ്രതാ നിര്‍ദ്ദേശം ( ഓറഞ്ച് അലര്‍ട്ട് ) പുറപ്പെടുവിച്ചു. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓറഞ്ച് അലർട് (രണ്ടാം ഘട്ട ജാഗ്രതാ നിർദേശം) നൽകി എന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർത്ഥമില്ല. മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം ( റെഡ് അലർട്ട് ) ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണാധികാരികളും നല്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണം.
Post Your Comments