ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ സണൗലി ഉദ്ഖനന കേന്ദ്രത്തില്‍ നിന്ന് അതിപുരാതന രാജവംശത്തിന്റേതെന്ന് കരുതുന്ന ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചു.മൂന്ന് ശവകല്ലറകള്‍, അസ്ഥികള്‍, രഥാവശിഷ്ടങ്ങള്‍, ആയുധങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്.ഉദ്ഖനനത്തില്‍ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് ഇന്ത്യയിൽ ആദ്യമാണ്. ഗ്രീസ്, മെസപ്പെട്ടോമിയന്‍ മേഖലയിൽ നിന്നാണ് മുൻപ് രഥാവശിഷ്ടങ്ങള്‍ ലഭിച്ചത്. ഈ കാലഘട്ടത്തിലെ പിടിയുൾപ്പെടെയുള്ള വാളുകള്‍ കണ്ടെടുക്കുന്നത് ഇതാദ്യമാണ്.
ബിസി 2000-1800 കാലഘട്ടത്തിൽ നിലനിന്നിരുന്ന വെങ്കലയുഗത്തിലേയോ പൂര്‍വ ഇരുമ്പ് യുഗത്തിലേയോ ഏതെങ്കിലും രാജവംശത്തിന്റേതാവാം ഭൗതികാവശിഷ്ടമെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി.ഏതെങ്കിലും രാജ വംശവുമായോ പുരാവൃത്തവുമായോ ഈ കണ്ടെത്തലിനെ ബന്ധിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. മഹാഭാരതവുമായും കൗരവ രാജ്യ തലസ്ഥാനമായ ഹസ്തിനപുരവുമായും ഇതിന് ബന്ധമുണ്ടെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
സൊണൗലി സ്ഥിതി ചെയ്യുന്നത് മഹാഭാരതത്തിലെ ഹസ്തിനപുരം നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്ന സ്ഥലത്തിന് സമീപമാണ്. സൊണൗലിയിലെ ഗവേഷണഫലങ്ങൾ സംബന്ധിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൗതികാവശിഷ്ടങ്ങൾ ഡി.എന്‍.എ, സിടി സ്കാൻ, എക്സ്റേ ടെസ്റ്റുകൾക്ക് വിധേയമാക്കും. ഇന്ത്യന്‍, ആര്യന്‍, മംഗോളിയന്‍ വിഭാഗത്തില്‍പ്പെട്ടവരുടേതാണോ ഭൗതികാവശിങ്ങളെന്ന് തിരിച്ചറിയാന്‍ ഇവയിലൂടെ സാധ്യമാകും.
ആയുധങ്ങളിലെ വെങ്കലത്തിന്റെയും, ചെമ്പിന്റെയും അളവും പഠനത്തിന് വിധേയമാക്കും. ജൂണ്‍ മാസത്തിലാണ് ഇവ കണ്ടെത്തിയത്. ഇവ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ എത്തിച്ചു. കണ്ണാടി, സ്വർണം ഇവ മൺപാത്രങ്ങളിലുണ്ടായിരുന്നു. മൺപാത്രങ്ങളിലുണ്ടായിരുന്ന വസ്തുക്കൾ മരണശേഷം ഉപയോഗിക്കാൻ സുക്ഷിച്ചതാണെന്നു വേണം കരുതാൻ. മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്നവരായിരുന്നു ഇവിടെ ജീവിച്ചിരുന്നത് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
Post Your Comments