Latest NewsKerala

തീവ്രവാദി ഭീഷണി…. പത്രാധിപര്‍ മീശ വടിച്ചു, പത്രം പൂട്ടിപ്പോയി- ഒരു പഴയ കഥ പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍

തിരുവനന്തപുരം• എന്‍.ഡി.എഫ് തീവ്രവാദികളുടെ ഭീഷണി മൂലം സായാഹ്നപത്രം പൂട്ടിപ്പോയ കഥ പങ്കുവച്ച് മാധ്യമപ്രവര്‍ത്തകനായ എം.എസ് സനില്‍ കുമാര്‍. 2007 കാലഘട്ടത്തിലാണ് സനില്‍ കുമാറും ചില മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് തിരുവനന്തപുരത്ത് ന്യൂസ് അറ്റ്‌ 2 പിഎം എന്ന പേരില്‍ പത്രം തുടങ്ങുന്നത്. തീവ്രവാദ എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ നല്‍കിയതോടെയാണ് പത്രം തീവ്രവാദ സംഘടനകളുടെ കണ്ണിലെ കരടായി മാറിയത്. പത്രം പുറത്തുവിട്ട ലവ് ജിഹാദ്, ചെറിയതുറ വെടിവെപ്പ്, കേരളത്തിലെ താലിബാന്‍ കോടതി തുടങ്ങിയ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.

എന്‍.ഡി.എഫ് ഭീഷണി പത്രം അച്ചടിച്ചിരുന്ന തിരുവനന്തപുരത്തെ പ്രസിലുമെത്തി. ഇതോടെ പത്രത്തില്‍ അച്ചടിക്കുന്ന വാര്‍ത്തകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന നിബന്ധനയുമായി പ്രസുടമ. ചിലരുടെ ഭീഷണി ഉള്ളതിനാലാണെന്നും പ്രസ് അറിയിച്ചു. അത് സാധ്യമല്ലെന്ന് അറിയിച്ചതോടെ പത്രം അച്ചടി മുടങ്ങിയതായും സനില്‍ കുമാര്‍ പറയുന്നു.

സനില്‍ കുമാറിന്റെ വാക്കുകളിലൂടെ..

തീവ്രവാദി ഭീഷണി….പത്രാധിപര്‍ മീശ വടിച്ചു, പത്രം പൂട്ടിപ്പോയി ….ഒരു പഴയ കഥ

കാലം 2007. ഞാന്‍ ഇന്ത്യാവിഷനില്‍ നിന്നും രാജിവെച്ചു. സീ ടി വിയില്‍
നിന്നും റോയ് മാത്യുവും. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന്‍ തിരുവനന്തപുരത്ത്
നിന്നും ഒരു സായാഹ്ന പത്രം ആരംഭിക്കാന്‍ ആലോചന തുടങ്ങി. രണ്ട്
ഇന്‍വെസ്റ്റര്‍മാര്‍ തയ്യാറായി മുന്നോട്ട് വന്നു. അങ്ങനെ ജവഹര്‍ നഗറില്‍
ഓഫീസ് എടുത്തു. വൃത്തിയായി ഫര്‍ണിഷ് ചെയ്തു. പത്രം തുടങ്ങാന്‍ തയ്യാറായി.
പ്രമുഖ മാധ്യമപ്രവര്‍ത്തകരെ കൂടെക്കൂട്ടി. ഞാന്‍ മാനേജിംഗ് എഡിറ്റര്‍.
റോയ് മാത്യു ചീഫ് എഡിറ്റര്‍. വിജു വി നായര്‍ ( വിജു ചേട്ടന്‍ കലാകൌമുദി
വിട്ടു നില്‍ക്കുന്ന സമയം ) എക്സിക്യൂട്ടീവ് എഡിറ്റര്‍. വി.ഉണ്ണികൃഷ്ണന്‍
( മുന്‍ മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ ) അസ്സോസിയെറ്റ്‌ എഡിറ്റര്‍.
ഡസ്ക് നയിക്കാന്‍ അനില്‍ സര്‍ക്കാര്‍ ( രാഷ്ട്ര ദീപിക വിട്ട് വന്നു ),
ബി.രാജേഷ് ( സൂര്യ ടി വി വിട്ടു വന്നു ), പ്രശാന്ത് ( സൂര്യ ടി വിയില്‍
നിന്ന് ). ബ്യൂറോയില്‍ അരുണ്‍, .സി .ആര്‍ .മാത്യു. അങ്ങനെ ടീം സെറ്റ്
ആയി. അപ്പോഴാണ്‌ ആദ്യത്തെ പ്രഹരം.ഒരു നിക്ഷേപകന് വലിയ സാമ്പത്തിക
പ്രതിസന്ധി. അദ്ദേഹം പിന്മാറി. രണ്ടാമത്തെ ആള്‍ക്ക് ഒരു സായാഹ്ന പത്രം
ഒറ്റയ്ക്ക്ഓടിച്ചു കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷി ഇല്ല. അങ്ങനെ
പ്രോജക്റ്റ് മാറ്റി. സായാഹ്ന പത്രത്തിനു പകരം ഒരു ഇ-പേപ്പര്‍ തുടങ്ങുക.
തുടങ്ങി. ന്യൂസ് അറ്റ് 2 പി.എം. മലയാളത്തിലെ ആദ്യത്തെ ഇ-പേപ്പര്‍.
മലയാളത്തിലും ഒപ്പം ഇംഗ്ലീഷിലും. മലയാളം 8 പേജ്-ഇംഗ്ലീഷ് 8 പേജ്.
ഉച്ചയ്ക്ക് 2 മണിക്ക് പത്രം നെറ്റില്‍ എത്തും. കുറഞ്ഞകാലം കൊണ്ട് പത്രം
ഹിറ്റായി. ഗംഭീര എക്സ് ക്ലൂസീവുകള്‍, വാര്‍ത്തകള്‍. പക്ഷെ
മാര്‍ക്കറ്റിംഗ് പൂര്‍ണ്ണ പരാജയം. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ പരസ്യം
കൊടുക്കാന്‍ അന്ന് ആര്‍ക്കും വലിയ താല്പര്യം ഒന്നും ഇല്ല. സാമ്പത്തിക
പ്രതിസന്ധി കൂടി വന്നു. പത്രം നിര്‍ത്തി. ജീവനക്കാര്‍ പിരിഞ്ഞുപോയി.

രണ്ടാം അദ്ധ്യായം

കുറച്ച് നാള്‍ ഞാനും റോയ് മാത്യുവും വെറുതെ ഇരുന്നു. വീണ്ടും ഐഡിയ.
അങ്ങനെ മറ്റൊരു നിക്ഷേപകനെ തപ്പി. പുള്ളി സായാഹ്ന പത്രം തുടങ്ങാം എന്ന്‍
ഏറ്റു. കുറഞ്ഞ ജീവനക്കാര്‍. ചെലവ് പരമാവധി ചുരുക്കണം. ഒരു 2500
കോപ്പിയില്‍ തുടങ്ങണം. ഡെസ്ക്കില്‍ രണ്ട് പേര്‍ക്ക് പുറമേ ഞാനും റോയ്
മാത്യുവും. പത്രത്തിന്റെ പേജ് ചെയ്യുന്നത് സുജിത് സുരെശനും ( ബാലു )
നിയാസ് അബ്ദുല്‍ കരീമും. നിയാസ് പകല്‍ ന്യൂസ് അറ്റ് 2 പി എമ്മില്‍ ജോലി
ചെയ്യും. രാത്രി മാധ്യമം ഡസ്ക്കിലും. ഇനി വേണ്ടത് കുറഞ്ഞ ചെലവില്‍ പത്രം
അച്ചടിക്കുന്ന ഒരു പ്രസ് ആണ്. ടാബ്ലോയിഡ് സൈസ് കളര്‍ ആണ് പത്രം. എല്ലാ
പ്രസ്സിലും അത് അടിക്കാന്‍ പറ്റില്ല.മൂന്ന്‍ പ്രസ്സുകള്‍ ആണ് ഇതിനു
പറ്റിയതായി അന്ന്‍ തിരുവനന്തപുരത്ത് ഉള്ളത്. അതില്‍ രണ്ട് പ്രസ്സുകാരും
വിസമ്മതിച്ചു. ദിവസം കുറഞ്ഞത് പതിനായിരം കോപ്പിയെങ്കിലും അടിച്ചാല്‍
മാത്രമേ അവര്‍ പത്രം അച്ചടിക്കൂ. അത് താങ്ങാനുള്ള സാമ്പത്തിക ശേഷി
ഞങ്ങള്‍ക്കില്ല. പ്രതീക്ഷയോടെ മൂന്നാം പ്രസ്സിലെത്തി. അവര്‍ തയ്യാര്‍.
വലിയ റേറ്റും ഇല്ല. അങ്ങനെ ന്യൂസ് അറ്റ് 2 പി എം അച്ചടി മഷി
പുരണ്ടു.അന്നാണ് കൊച്ചി കലക്റ്ററെറ്റില്‍ സ്ഫോടനം നടന്നത്.സ്ഫോടനത്തിനു
ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ ഡീറ്റെയില്‍സും ഉപയോഗിച്ച രാസവസ്ത്തുക്കളുടെ
പേരും അടങ്ങിയ എക്സ് ക്ലൂസീവ് ബ്രേക്കിംഗ് ലീഡ് സ്റ്റോറിയോടെയാണ്
അന്നത്തെ പത്രം പുറത്തിറങ്ങിയത്. 2500 കോപ്പി ദിവസം.12 പേജ്. പത്രം
അടിച്ച ശേഷം ഞാനും വിവേകും കൂടി എന്റെ കാറില്‍ പത്രം നഗരം മുഴുവന്‍
വിതരണം ചെയ്യും..ഫ്രീ ആയി. ദിവസവും ലീഡ് ആയി മറ്റൊരു സായാഹ്ന പത്രത്തിലും
ഇല്ലാത്ത എക്സ് ക്ലൂസീവ് ലീഡ് വാര്‍ത്ത. ദിവസങ്ങള്‍ കൊണ്ട് ഫ്രീ
ആയിക്കിട്ടുന്ന ഈ പത്രം ഹിറ്റായി. ജംഗ്ഷനുകളില്‍ ആളുകള്‍ എന്റെ കാര്‍
കാത്ത് വൈകുന്നേരം നില്‍ക്കുന്ന അവസ്ഥ. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ഒരു
എക്സ് ക്ലൂസീവ് ലീഡ് വാര്‍ത്ത നല്‍കി. അതിങ്ങനെ ആയിരുന്നു….

1. കാമുകന്‍ തീവ്രവാദി ആകാം.

കേരളത്തില്‍ ലവ് ജിഹാദ് എന്ന പ്രതിഭാസം ഉണ്ടെന്ന് ഇന്റലിജന്‍സ്
ഏജന്‍സികള്‍. ചില തീവ്രവാദി സംഘടനകളാണ് ഇതിനു പുറകില്‍. പിന്നെ
വാര്‍ത്തയുടെ വിശദാംശങ്ങള്‍.

അന്ന് വൈകിട്ടത്തെ വാര്‍ത്തയില്‍ ഇന്ത്യാവിഷനില്‍ എസ്.വിജയകുമാറും ഈ
വാര്‍ത്ത കാരി ചെയ്തു. അതോടെ ലവ് ജിഹാദ് കേരളത്തില്‍ ചര്‍ച്ച ആയി.

മറ്റൊരു ദിവസം

2. ചെറിയതുറ വെടിവെയ്പുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ആയിരുന്നു ലീഡ്.
കലാപകാരികള്‍ ഉപയോഗിച്ച ആയുധങ്ങളില്‍ ഒന്ന്‍ സൈന്യം ഉപയോഗിക്കുന്ന
ഗ്രനേഡ്. കലാപത്തിനു പിന്നിലെ തീവ്രവാദ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന
വാര്‍ത്ത.

മൂന്നാമത്തെ സംഭവം.

3. അതും ചെറിയതുറ വെടിവെയ്പുമായി ബന്ധപ്പെട്ട്. കലാപകാരികളില്‍ ചില
പൊന്നാനിക്കാരുടെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞു.

ഈ വാര്‍ത്ത വന്ന അന്ന്‍ രാത്രി നിയാസ് മാധ്യമത്തിലെ ഡ്യൂട്ടി കഴിഞ്ഞ്
അവന്റെ വീട്ടിലേക്ക് പോകുന്നു. വഴിയില്‍ ചിലര്‍ നിയാസിനെ തടഞ്ഞു
നിര്‍ത്തി. എന്‍ ഡി എഫ് കാരാണ്.

ചോദ്യം…നിന്നെ ന്യൂസ് അറ്റ് 2 പി എമ്മിന്റെ ഓഫീസിനടുത്ത് വെച്ച് കണ്ടല്ലോ?

നിയാസ്….ഞാന്‍ അവിടെ പോകുന്നുണ്ട്.

ചോദ്യം…നിനക്കറിയാമല്ലോ ഞങ്ങളെപ്പറ്റി നല്ലത് പോലെ. ആ പത്രം
നമ്മളെക്കുറിച്ച് കുറേ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. അതിനി വേണ്ട. ണീ
പറഞ്ഞു അത് നിര്‍ത്തിക്കോണം. പൊയ്ക്കോ. (ഭീഷണി ).

നിയാസ് പോയി. ഓഫീസില്‍ പിറ്റേദിവസം വന്ന്‍ ഇക്കാര്യം എന്നോട് പറയുന്നു.

അടുത്ത വാര്‍ത്ത.

4. താലിബാന്‍ കോടതി കേരളത്തില്‍.

ഈരാറ്റുപേട്ടയില്‍ ഒരു തീവ്രവാദി സംഘടന ഒരു മത കോടതി സ്ഥാപിച്ചു. ഒരു
മൌലവി ആണ് ജഡ്ജി. സമുദായത്തിലെ ഏതു പ്രശ്നവും അവിടെ തീര്‍പ്പാക്കണം.
പ്രശ്നങ്ങളില്‍ അവര്‍ നേരിട്ട്‌ ഇടപെടാനും തുടങ്ങി.

വാര്‍ത്ത ലീഡ് ആയി പത്രം പുറത്തിറങ്ങി. അന്ന്‍ രാത്രി ക്രൈം പരിപാടിയില്‍
ഇന്ത്യാവിഷനില്‍ ജോയ് ശ്രീധര്‍ തമലം ഈ വാര്‍ത്ത പ്രധാന വാര്‍ത്തയായി
അവതരിപ്പിച്ചു. സംഭവം ചര്‍ച്ച ആയി.

പിറ്റേ ദിവസം.

എനിക്ക് പ്രസ്സില്‍ നിന്നും ഒരു ഫോണ്‍ കോള്‍. ഇനി മുതല്‍ നിങ്ങളുടെ
പത്രത്തില്‍ അച്ചടിക്കുന്ന വാര്‍ത്തകള്‍ എന്തൊക്കെയാണെന്ന് ഞങ്ങളെ
മുന്‍കൂട്ടി അറിയിക്കണം. ഞങ്ങള്‍ക്ക് ചിലരില്‍ നിന്ന്‍ മുന്നറിയിപ്പ്
ഉണ്ട്. ഇപ്പോള്‍ അച്ചടിക്കുന്ന വാര്‍ത്തകള്‍ പോലെയുള്ളവ വന്നാല്‍
ഞങ്ങള്‍ക്ക് പ്രശ്നമാകും.

ഞാന്‍ പറഞ്ഞു…അത് സാധ്യമല്ല.

അവര്‍…എങ്കില്‍ പത്രം അച്ചടിക്കാന്‍ പറ്റില്ല.

ഞാന്‍…ഓക്കേ.

അന്ന്‍ ന്യൂസ് അറ്റ് 2 പി എം ഇറങ്ങിയില്ല. പിന്നീടൊരിക്കലും. കുറഞ്ഞ
ചെലവില്‍ കുറഞ്ഞ കോപ്പിയില്‍ പത്രം അച്ചടിക്കാന്‍ പറ്റുന്ന ഒരു പ്രസ്സും
ഞങ്ങള്‍ക്ക് തിരുവനന്തപുരത്ത് കിട്ടിയില്ല. അതിനുള്ള സാമ്പത്തിക ശേഷി
ഞങ്ങള്‍ക്ക് ഇല്ലാതെ പോയി.

ഞാന്‍ മീശ വടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button