ദീപ.റ്റി.മോഹന്‍
‘പെണ്‍കുട്ടികള്‍ രാവിലെ കുളിച്ചു അമ്പലത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനല്ല , തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി അമ്പലത്തിലെ തിരുമേനിമാരെ അറിയിക്കാന്‍ ആണത്രേ .മാസത്തില്‍ നാലഞ്ചു ദിവസം പോകാന്‍ പറ്റാത്ത ദിവസങ്ങള്‍ തങ്ങള്‍ക്ക് അതിനു കഴിയില്ല എന്നറിയിക്കാനാണത്രേ’
എഴുത്തില്‍ ശ്രദ്ധേയനായ വ്യക്തി ഒരു ആഴ്ചപ്പതിപ്പില്‍ എഴുതിയ നോവലില്‍ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലെ സംഭാഷണമാണ്.ഇതൊരു ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാന്‍ കഴിയില്ല, എഴുത്തുകാരിയെന്ന നിലയിലും, അതിലുപരി സ്ത്രീയെന്ന നിലയിലും. ഓര്‍മ്മവച്ച കാലം മുതല്‍ ഇന്നു വരെയും ദിവസവും രാവിലെ അമ്പലത്തില്‍ പോയി തൊഴുന്ന വ്യക്തിയാണ് ഞാനും.
അതിന്‍റെ സന്തോഷവും സമാധാനവും ഈശ്വരാനുഗ്രഹത്താല്‍ എന്‍റെ ജീവിതത്തിലുണ്ട്.
സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നതു എന്തിനോ വേണ്ടിയാണെന്ന കാഴ്ചപ്പാടില്‍ എഴുതിയ(ഭാവനയില്‍ ആണങ്കില്‍ കൂടി) മാന്യന്‍ എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീകളെ അടച്ചാക്ഷേപിച്ചത് ?
ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ ഞാനുള്‍പ്പെടുന്ന സ്ത്രീസമൂഹത്തിന്റെ അഭിമാനം കൂടിയാണ് ചോദ്യചെയ്യപ്പെടുന്നത് . ഇതിൽ രാഷ്ട്രീയമോ മതമോ ഇല്ല .
സ്ത്രീയുടെ വ്യക്തിത്വം മാത്രം .
മുത്തശ്ശിയുടെ ഉപദേശം കേട്ടു വളര്‍ന്നതാണ് , അമ്പലത്തില്‍ പോകുമ്പോള്‍ കുളിച്ചു കഴുകിഉണക്കിയ വസ്ത്രങ്ങള്‍ ധരിച്ചു പോകണമെന്ന് .ആ ഉപദേശം പാലിച്ചാണ് വളര്‍ന്നത്,കൂടാതെ പുറത്തു ഇറങ്ങുമ്പോള്‍ അത്യാവശ്യം ഭംഗിയായി തന്നെയാണ് പോകാറും.അത് ആരെയും ആകർഷിക്കാനല്ല.
മാസമുറ വരുന്ന സമയങ്ങളില്‍ ഞങ്ങള്‍ അമ്പലത്തില്‍ പോകാറില്ല .അത് ശീലിച്ച രീതിയാണ് . ആരു വിചാരിച്ചാലും മാറ്റാന്‍ തയ്യാറുമല്ല .അതിനു വേറൊരു അര്‍ത്ഥം കണ്ട മനുഷ്യാ നിങ്ങളുടെ വീട്ടിലുമില്ലേ സ്ത്രീകള്‍ .അവരും ഇതൊക്കെ പാലിക്കുന്നവരാകും.അല്ലങ്കില്‍ അവരോടൊപ്പം അമ്പലത്തില്‍ പോയ ഫോട്ടോ ഫേസ്ബൂക്കില്‍ ഇടില്ലല്ലോ .ഇതിന്റെ പേരില്‍ ആ കുടുംബത്തെ ഞാന്‍ അപമാനിക്കുന്നില്ല .
എഴുത്തുകാര്‍ പൊതുവേ അവരുടെ കാഴ്ചപ്പാടുകളും ഭാവനകളും മാന്യത നിറഞ്ഞ വ്യക്തമായ കാഴ്ച്ചപ്പാടിലൂടെയാണ് എഴുതാറുള്ളത് .വിശ്വാസത്തെ ഹനിക്കുന്ന എഴുത്തുകള്‍ നമ്മള്‍ ബോധപൂര്‍വം ഒഴിവാക്കണം . ഏത് തരം അധിക്ഷേപവും സ്ത്രീ മാനം ഭയന്ന് സഹിച്ചുകൊള്ളുമെന്ന കാലഘട്ടം കടന്നു പോയി . ജീവിതത്തിന്റെ എല്ലാ തുറകളിലും സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീയെ അപമാനിക്കുന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും വിളയാടുന്നുണ്ട്. പെണ്ണുടലും ജീവിതവും മറ്റൊരാളുടെ കാഴ്ച്ചപ്പാടിന്റെ വൈകല്യങ്ങള്‍ തീര്‍ക്കാനുള്ളതല്ല .പാരമ്പര്യവും മതവും നിലനിറുത്താനുള്ള വസ്തുവല്ല സ്ത്രീകള്‍ .സ്ത്രീകളെപ്പറ്റി എഴുതുന്നവരും ,പറയുന്നവരും അതിലെ ന്യായം നന്നായി പരിശോധിക്കണം,ആശയങ്ങളോട് നീതി പുലര്‍ത്തണം .മതം ,രാഷ്ട്രീയം ഈ വക കാര്യങ്ങളില്‍ ഉറഞ്ഞു തുള്ളുന്നവര്‍ സ്ത്രീപക്ഷ കാര്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് കാണുന്നു .
Post Your Comments