KeralaLatest News

നിറഞ്ഞ കൈയ്യടിയോടെ ‘ഗുഹാമുഖത്തു നിന്ന് ക്യാമറാമാനോടൊപ്പം’

തിരുവനന്തപുരം• നര്‍മ്മകൈരളി നാടകത്തിന്റെ സില്‍വര്‍ ജൂബിലി സമ്മാനമായ ഡോ. തോമസ് മാത്യു സംവിധാനം നിര്‍വഹിച്ച ‘ഗുഹാമുഖത്തു നിന്ന് ക്യാമറാമാനോടൊപ്പം’ എന്ന ഹാസ്യനാടകം നിറഞ്ഞ കൈയ്യടിയോടെ അവതരിപ്പിച്ചു. തായ്‌ലാന്റ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടുപോയ കുട്ടികളുടെ അവസ്ഥ മറ്റ് സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവതിപ്പിച്ചപ്പോള്‍ അത് ഹൃദ്യമായ അനുഭവമായി മാറി. ഗുഹയിലെ അകത്തും പുറത്തുമുണ്ടാകുന്ന സംഭവങ്ങളും അത് വേറിട്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചാനലും പ്രേക്ഷകരില്‍ ചിരി പടര്‍ത്തി. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തു വരുന്ന അവര്‍ നാടിന്റെ അവസ്ഥ കണ്ട് നാടിനെക്കാള്‍ നല്ലത് കാട് തന്നെയാണെന്ന് പറഞ്ഞ് തിരികെ ഗുഹയ്ക്ക് അകത്തേയ്ക്ക് തന്നെ പോകുന്നു.

ഡോ. തോമസ് മാത്യു, എ.എസ്. ജോബി, കരമന ഗ്രേസി, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, അഡ്വ. മംഗളതാര, അഡ്വ. രാജാനന്ദ്, അഡ്വ. ശ്രീന ശ്രീകുമാര്‍, അഞ്ജന ശ്രീകുമാര്‍, ഈശ്വരന്‍ പോറ്റി, ഗായത്രി ഈശ്വര്‍, വേണു പെരുകാവ്, സന്‍വീന്‍ ശ്രീകുമാര്‍, ദീപു അരുണ്‍, പ്രദീപ് അയിരൂപ്പാറ, കൃഷ്ണദത്ത്, ദേവദത്ത്, രാധാകൃഷ്ണന്‍, വൈഗ വിനു എന്നിവര്‍ രംഗത്തെത്തി. ചമയം ശശി പൂജപ്പുര, കലാ സംവിധാനം പ്രദീപ് അയിരൂപ്പാറ. ശബ്ദ മിശ്രണം വിനു ജെ. നായര്‍.

സ്വാമി സന്ദീപാനന്ദ ഗിരി നര്‍മ്മ കൈരളി വേദിയില്‍ അതിഥിയായെത്തി. വി. സുരേശന്‍ എഴുതിയ ‘ഫയലുകള്‍ ഫലിതങ്ങളല്ല’ എന്ന പുസ്തകം സ്വാമി സന്ദീപാനന്ദ ഗിരി പ്രകാശനം നിര്‍വഹിച്ചു. സുകുമാര്‍ പുസ്തകം സ്വീകരിച്ചു. നര്‍മ്മ കൈരളി വേദിയില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച ഡോ. തോമസ് മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു.

നാടകത്തിന് മുമ്പ് നടന്ന ചിരിയരങ്ങില്‍ സുകുമാര്‍, കൃഷ്ണ പൂജപ്പുര, വി. സുരേശന്‍ എന്നിവര്‍ രാഷ്ട്രീയ സാമൂഹ്യ ഫലിതങ്ങള്‍ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button