ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ പ്രസംഗത്തിന് ശേഷം വിവാദങ്ങൾ ഉയർന്ന് വരുകയാണ്. സഖ്യസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് വിഷം കുടിക്കുന്നത് പോലെയാണെന്ന് സൂചിപ്പിച്ചായിരുന്നു കുമാരസ്വാമി പൊതുപരിപാടിക്കിടെ പൊട്ടികരഞ്ഞത്. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന വ്യക്തമായ സൂചനയാണ് കുമാരസ്വാമി നല്‍കിയത്.
അതേസമയം കുമാരസ്വാമിയുടെ പ്രസ്താവന രാഷ്ട്രീയമായി മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കുമാരസ്വാമി കരയാനുണ്ടായ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ കെബി കൊളിവാഡ്.
Also Read: ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങൾ; നിർണായക തീരുമാനവുമായി സുപ്രീം കോടതി
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ അംഗീകരിക്കാന്‍ കഴിയാത്ത ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെയാണ് കുമാരസ്വാമിയെ ഇത്തരത്തിൽ പീഡിപ്പിക്കുന്നതെന്ന് കൊളിവാഡ് പറഞ്ഞു. ഈ നേതാക്കൾ ആരാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പൊ പറയാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലും പേര് വെളിപ്പെടുത്താന്‍ ആകില്ലെന്ന് കൊളിവാഡ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് അറിയാം ആരാണ് ആ മുതിര്‍ന്ന നേതാവെന്ന്, അത് താന്‍ പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില ബിജെപി നേതാക്കളാണ് കുമാരസ്വാമി കരഞ്ഞതിന് പിന്നില്‍ എന്നായിരുന്നു ജെഡിഎസ് നേതാവ് പ്രസാദ് ഗൗഡയുടെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കുമാരസ്വാമി പൊതുവേദിയില്‍ വിതുമ്പാന്‍ കാരണം എന്നാണ് കൊളിവാഡ് വ്യക്തമാക്കിയത്. ഏതായാലും മുഖ്യമന്ത്രിയുടെ കരച്ചിൽ പ്രസംഗത്തിന് പിന്നാലെ കർണാടകയിൽ വലിയ രാഷ്ട്രീയ സംഭവ വികാസങ്ങൾ അരങ്ങേറിയേക്കാമെന്നാണ് ഇപ്പൊൾ നടക്കുന്ന വിവാദങ്ങൾ സൂചിപ്പിക്കുന്നത്.
Post Your Comments