ലുഷ്നിക്കിയില് ഇന്നൊരു ടീമിന്റെ ആനന്ദക്കണ്ണീര് കാണാം. തോല്‍വിയുടെ പടുകുഴിയില്‍ വീണ മറ്റൊരു ടീമിന്റെ നിരാശയുടെ കണ്ണീരും കാണാം. സ്വപ്നങ്ങളുടെ , കളിയഴകിന്റെ , കരുത്തിന്റെ , വേഗത്തിന്റെ, വിയര്‍പ്പിന്റെ , തന്ത്രങ്ങളുടെ , ഭാഗ്യത്തിന്റെ , പ്രാര്‍ഥനകളുടെ ഒക്കെ ആകെത്തുക ആര്‍ക്കൊപ്പം ആയിരിക്കുമെന്ന് ഇന്ന് രാത്രി അറിയാം. കഴിഞ്ഞ ഒരു മാസമായി ലോകം റഷ്യയിലെക്കായിരുന്നു ഉറ്റുനോക്കിയിരുന്നത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഒട്ടേറെ മത്സരങ്ങള്‍. വമ്പന്‍ ടീമുകള്‍ ആരാധകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് പുറത്തായിക്കഴിഞ്ഞു. പ്രവചനങ്ങള്‍ക്ക് വില ഇല്ലാതായ ലോകകപ്പ് ! വിപ്ലവത്തിന്റെ നാട്ടില്‍ ഇതിനകം പലതവണ വിപ്ലവങ്ങള്‍ നടന്നു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ രണ്ടേ രണ്ടു പേര് ! അതിലൊന്ന് ഇന്ന് കരിഞ്ഞു വീഴും. മറ്റൊന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തപ്പെടും. ക്രോയേഷ്യയോ ഫ്രാന്‍സോ ?
വിപ്ലവത്തിന്റെ നാട്ടിലെ ആദ്യവിപ്ലവം നടത്തിയ ക്രോയേഷ്യയെ കുറിച്ച് തന്നെ ആദ്യം നോക്കാം. ഡി ഗ്രൂപ്പിലായിരുന്നു ക്രോയേഷ്യ. ഈ ലോകകപ്പിലെ അപകടം നിറഞ്ഞ ഒരേയൊരു ഗ്രൂപ്പായി കരുതപ്പെട്ടിരുന്നു ഡി ഗ്രൂപ്പ്. ചാമ്പ്യനാകും എന്നുവരെ കരുതപ്പെട്ടിരുന്ന അര്‍ജന്റീന , അട്ടിമറികളുടെ ആഫ്രിക്കന്‍ കരുത്തായിരുന്ന നൈജീരിയ , ഹോളണ്ട് – ഇംഗ്ലണ്ട് ടീമുകളെയെല്ലാം വിറപ്പിച്ച് ചന്ദ്രഹാസം ഇളക്കി വന്ന ഐസ്ലാന്‍ഡ് എന്നിവര്‍ അടങ്ങുന്ന മരണഗ്രൂപ്പ് ! മരണഗ്രൂപ്പ് എന്ന് വിളിക്കുന്നതിലും നല്ലത് ആത്മഹത്യാഗ്രൂപ്പ് എന്ന് വിളിക്കുന്നതാണ് നല്ലത്. ചാകണമെന്ന് ആഗ്രഹം ഉള്ളവര്‍ക്കൊക്കെ പോയി ചാകാം. അതിനുള്ള സൌകര്യങ്ങള്‍ ഉള്ള ഗ്രൂപ്പ്. അവിടെ അര്ജന്റീനക്കും നൈജീരിയക്കും ഐസ്ലാണ്ടിനും അടി തെറ്റി. കളിതീരാന്‍ നേരം നേടിയ ഗോളിലൂടെ അര്‍ജന്റീന അടുത്ത റൌണ്ടിലേക്ക് കടന്നുകൂടി. അങ്ങനെയുള്ള ഒരു ഗ്രൂപ്പില്‍ നിന്നാണ് ക്രൊയേഷ്യയുടെ പടയോട്ടം തുടങ്ങുന്നത്.
നൈജീരിയയുമായുള്ള ആദ്യ കളിയില്‍ 2-0 ന്റെ വിജയം. ഞങ്ങളിതാ വരുന്നു എന്ന് കാഹളം നടത്തിയ വിജയം. ആ വിജയത്തിന് ആഹ്ലാദം അര്‍ജന്റീനയെ 3-0 ന് വീഴ്ത്തി അവര്‍ അരക്കിട്ടുറപ്പിച്ചു. ഇതിനകം അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടിയ അവര്‍ ഐസ്ലാണ്ടിനെ 2-1 നു തോല്‍പ്പിച്ചു പൂര്‍ണവിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി രണ്ടാം റൌണ്ടിലേക്ക്. അവിടെ ഡെന്മാര്ക്ക് ആയിരുന്നു എതിരാളി. ആദ്യത്തെ നാല് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടു ടീമുകളും ഓരോ ഗോള്‍ നേടിയ ശേഷം കളി വിരസമായി. അധികസമയത്തേക്ക് കളി നീണ്ടു. ജയിക്കാനുള്ള അവസരമായി വന്നു ചേര്‍ന്ന പെനാല്‍റ്റി ക്രൊയേഷ്യയുടെ വീരനായകന് ലൂക്കാ മോദ്രിച് നഷ്ടമാക്കി. എന്നിട്ടും ഷൂട്ടൌട്ടില്‍ ഗോളി ഡാനിയല്‍ സുബാസിച് മൂന്നു സേവുകള്‍ നടത്തി ടീമിനെ രക്ഷിച്ചു. ക്വാര്‍ട്ടറില്‍ റഷ്യ ആയിരുന്നു എതിരാളി. സ്വന്തം കാണികളുടെ ആവേശത്തിന്റെ ബലത്തില്‍ ക്രോയേഷ്യയുമായി കൊമ്പ് കോര്‍ത്ത റഷ്യ 1-1 നു സമനില പിടിച്ചു. അധികസമയത്ത് വീണ്ടും ഓരോ ഗോള്‍ കൂടി ഇരുവരും നേടി. ഗോളി സുബാസിച് വീണ്ടും ഷൂട്ടൌട്ടില്‍ രക്ഷകനായി. ക്രോയേഷ്യ ഒരിക്കല്‍ കൂടി സെമിയിലേക്ക് ! സെമിയില്‍ സര്‍വ ആയുധങ്ങളും സൂക്ഷിച്ചുവരുന്ന ഇംഗ്ലണ്ട്. ആദ്യ മിനിറ്റുകളില്‍ തന്നെ ക്രോയേഷ്യ പിന്നിലായി. ട്രിപ്പിയര്‍ നേടിയ ഫ്രീകിക്കില്‍ ക്രോയേഷ്യ തളര്‍ന്നില്ല. അലസമായ കളി കളിച്ച ഇംഗ്ലണ്ട് പെരിസിച് നേടിയ ഗോളില്‍ സമനിലയില്‍ കുരുങ്ങി. വീണ്ടും അധികസമയം. മന്സുകിചിന്റെ മനോഹരമായ ഗോളില്‍ ക്രോയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിലേക്ക് !
നോക്കൊട്ടിന്റെ രണ്ടു ഘട്ടങ്ങളിലും പെനാല്‍റ്റി ഷൂട്ടൌട്ട് വേണ്ടി വന്നപ്പോള്‍ ക്രോയെഷ്യയെ ഭാഗ്യടീം എന്ന് മാത്രമാണ് വിശേഷിപ്പിച്ചത്. രണ്ടു കളികളും 120 മിനിറ്റ് വീതം കളിച്ചിട്ടും സമ്മര്‍ദ്ദം ഏറ്റവും അധികം ഉണ്ടായിട്ടും ക്രോയേഷ്യ തളര്‍ന്നില്ല. സെമിയില്‍ വീണ്ടും 120 മിനിറ്റ് അവര്‍ കളിച്ചു. ഫൈനല്‍ നേടി. തികഞ്ഞ പോരാളികള്‍ ആണ് ക്രോയേഷ്യ. ഒരിക്കലും ഒന്നും വിട്ടുകൊടുക്കാത്ത പ്രകൃതം നമ്മള് ഇതുവരെ കണ്ടതാണ്. തളരാത്ത ചുവടുകളുമായി അവസാന നിമിഷം വരെ പൊരുതുന്ന ക്രോയേഷ്യ ഈ ലോകകപ്പിന്റെ മനക്കരുത്തിന്റെ പ്രതീകം കൂടിയാണ്. അവര്‍ക്ക് ഈ ലോകകപ്പ് വേണം. പ്രത്യേകിച്ചും ലൂക്കാ മോദ്രിചിന്. റയല്‍ മാഡ്രിഡിന്റെ പ്ലേമേക്കറായ ലൂക്കക്ക് സ്വന്തം നാട്ടില്‍ അത്ര നല്ല പേരല്ല. അഭയാര്ഥിഫുട്ബോള് ജീവിതത്തില്‍ നിന്നും ക്രോയേഷ്യയിലേക്ക് തിരികെ കൊണ്ട് വരാന്‍ സഹായിച്ച ഫുട്ബോള്‍ ഭീമനും അഴിമതിക്കാരനുമായ മേധാവിയെ കോടതില്‍ എനിക്കൊന്നുമറിയില്ല എന്നൊരു വാചകത്താല് മോദ്രിച് സഹായിച്ചു. തന്റെ ഫുട്ബോള്‍ ജീവിതം തന്നെ മാറ്റിമറിക്കാന്‍ സഹായിച്ചതിന് ലൂക്കാ കോടതിയില്‍ ഒരു നന്ദി ചെയ്യുകയായിരുന്നു. പക്ഷെ ക്രോയേഷ്യന്‍ ജനതക്ക് അത് രസിച്ചില്ല. ലോകകപ്പിന് ടീമിനെ യാത്രയാക്കാന്‍ പോകുമ്പോള്‍ പോലും ആരാധകര്‍ ലൂക്കായുടെ ജഴ്സിക്ക് പുറകില്‍ ”I don’t know anything” എന്നെഴുതിയാണ് കളിയാക്കി വിട്ടത്. ഇന്ന് ലൂക്കാ അവരുടെ ആരാധനാമൂര്‍ത്തിയാണ്. എങ്കിലും ലൂക്കാക്ക് ആ കറ മായ്ച്ചു കളയണമെങ്കില്‍ ലോകകപ്പുമായി തിരികെ പോയെ മതിയാകൂ. ടീമിലെ സകലരും കോച്ചും അതിനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ്. ലോകകപ്പ് നേടാനുള്ള മനക്കരുത്ത് അവര്‍ നേടിക്കഴിഞ്ഞു.
ക്രോയെഷ്യക്ക് വാശിയും വീറും ടെന്‍ഷനും ഭാരവും കല്ലും മുള്ളും നിറഞ്ഞതായിരുന്നു ഫൈനലിലേക്കുള്ള വഴിയെങ്കില്‍ അപ്പുറത്ത് ഫ്രാന്‍സ് സൌകര്യങ്ങള്‍ നിറഞ്ഞ രാജപാതയിലൂടെ ആയിരുന്നു എത്തിയത്. ശല്യമാകുമെന്നു കരുതിയവരെ അവര്‍ നിഷ്കരുണം അരിഞ്ഞു തള്ളി. ഗ്രൂപ്പ് സി യില്‍ ഫ്രാന്‍സിന്റെ കയ്യില്‍ നിന്നും ചൂട് ആദ്യമറിഞ്ഞത് കുഞ്ഞന്മാരായ ആസ്ട്രേലിയ ആയിരുന്നു. 2-1 ന്. ജയിച്ചെങ്കിലും ഫ്രാന്സിന്റെത് ആധികാരിക പ്രകടനം ഒന്നുമായിരുന്നില്ല. ആസ്ട്രേലിയക്ക് എതിരെ അത്രയേ വേണ്ടൂ എന്ന മട്ടിലാണ് അവര്‍ കളിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ കീഴടക്കിയപ്പോഴും ഉറങ്ങിക്കിടക്കുന്ന പോലെയായിരുന്നു ഫ്രാന്‍സ്. പെറുവിനെതിരെയും ഞങ്ങള്‍ ഇങ്ങനെ തന്നെയേ കളിക്കൂ എന്ന പോലെയായിരുന്നു ആ പ്രകടനവും. ഈ വിജയത്തോടെ ഫ്രാന്‍സ് രണ്ടാം റൌണ്ടില്‍ കടന്നു. പിന്നീടാണ് ഈ ലോകകപ്പ് കണ്ട ഏറ്റവും വിരസമായ കളി ഉണ്ടായത്. ഡെന്മാര്ക്ക് – ഫ്രാന്‍സ് മത്സരം അതിവിരസമായ കളി സമ്മാനിച്ചു എന്ന് മാത്രമല്ല ആദ്യ റൌണ്ടിലെ ഒരേയൊരു ഗോള്രഹിതസമനിലയും ആയി മാറി. ഉറങ്ങിക്കിടക്കുന്ന സിംഹം എന്നുവരെ ഫ്രാന്‍സിനെ വിദഗ്ദര്‍ വിലയിരുത്തി.
ആദ്യ നോക്കൌട്ട് വന്നു. എതിരാളി മെസ്സിയുടെ അര്‍ജന്റീന. ഉറങ്ങിക്കിടന്ന സിംഹം ഉണര്‍ന്നു. സര്‍വശക്തിയോടെ ആക്രമിച്ചു. അര്‍ജന്റീന നിഷ്പ്രഭമായി. എമ്ബാപ്പേ എന്ന ടീനേജരുടെ വരവ് ലോകം ആഘോഷിച്ചു. ഫ്രാന്‍സിന്റെ കരുത്തും ലോകകപ്പില്‍ ആദ്യമായി അറിഞ്ഞു. ആ ഒരൊറ്റ കളിയിലൂടെ ഫ്രാന്‍സ് ഫൈനലില്‍ എത്തുമെന്ന് സകലരും ഉറപ്പിച്ചു. പിന്നെയെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. കവാനി ഇല്ലാത്ത ഉരുഗ്വെയെ 2-0 ത്തിനു ഫ്രാന്‍സ് മടക്കി. സെമിയില്‍ കറുത്ത കുതിരകള്‍ എന്നും സുവര്‍ണ തലമുറ എന്നും വിളിപ്പേര് കിട്ടിയ ബല്‍ജിയം. പേരുകള്‍ അങ്ങനെ ആണെങ്കിലും ജപ്പാന്റെ ദയവു കൊണ്ടോ മണ്ടത്തരം കൊണ്ടോ മാത്രം രണ്ടാം റൌണ്ട് കടന്ന ടീമായിരുന്നു ബല്‍ജിയം. എങ്കിലും അവിടന്നങ്ങോട്ട് മെച്ചപ്പെട്ട കളി കളിച്ചു ബ്രസീലിനെയും മറികടന്നു ബല്‍ജിയം ഫ്രാന്‍സിന്റെ മുന്നിലെത്തി. ഒരു ഗോള്‍ നേടിയ ശേഷം ബോറന് കളി കളിച്ച ഫ്രാന്‍സിലെ സിംഹം മഞ്ഞുകാല നിദ്രയിലേക്ക് പോയി. ഗോള്‍ നേടാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും ഞങ്ങള്‍ക്ക് ഒരെണ്ണം മതി എന്ന മടിയന്റെ ചിന്ത പോലെയായിരുന്നു ഫ്രാന്‍സിന്റെ കളി. പ്രതിഭയുടെ ആലസ്യം എന്നാല്‍ ഇന്നത്തെ ഫ്രാന്‍സ് ആണ്.
പോസിബിള്‍ ലൈനപ്പ് ( ഫ്രാന്‍സ് ) : ഹ്യൂഗോ ലോറിസ് ( ഗോളി ) , ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാന്‍ , സാമുവല്‍ ഉംറ്റിറ്റി, ലൂക്കാസ് ഹെര്‍നാണ്ടസ്, പോള്‍ പോഗ്ബ , എന്‍കൊലോ കാന്റെ , കിലിയന്‍ എമ്ബാപ്പേ , ആന്റോണിയോ ഗ്രീസ്മന് , ബ്ലെയ്സ് മറ്റിയുഡി , ഒലിവര്‍ ജിരൌദ് – കോച്ച് : ദിദിയര്‍ ദിഷാംസ്
പോസിബിള്‍ ലൈനപ്പ് ( ക്രോയേഷ്യ ) : ഡാനിയല്‍ സുബാസിച് ( ഗോളി ), സിമേ വേര്സാല്കോ , ദെയാന്‍ ലോറന് , ഡോമാഗോ വിദ , ഇവാന് സ്ട്രിനിച്ച് , ഇവാന് റാകിട്ടിച്ച്, മാര്‍സലോ ബ്രോസോവിച്ച്, ആന്റെ റെബിച് , ലൂക്കാ മോദ്രിച് , ഇവാന് പെരിസിച് , മരിയോ മാന്‍സുകിച് – കോച്ച് : സ്ലാട്ട്കോ ഡാലിച്ച്.
മത്സരം : ഇന്ത്യന്‍ സമയം രാത്രി 8.30 ന് ലുഷ്നിക്കി – മോസ്കോ
എന്നും പ്രശ്നം ഉണ്ടാക്കിയിരുന്ന സംസ്ഥാനം ആയിരുന്നു ക്രോയേഷ്യ. ഒടുവില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ക്രോയെഷ്യയെ യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കില്‍ ചേര്‍ത്തു. അങ്ങനെയെങ്കിലും അവിടെ ഒരു സമാധാനം ഉണ്ടാകട്ടെ എന്ന് സ്റ്റാലിന് ആഗ്രഹിച്ചു. ഒന്നും ഉണ്ടായില്ല. ശല്യക്കാരായ ഒരു സ്ഥലമായി അതവിടെ കിടന്നു. ഒടുവില്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ വീണ്ടും ക്രോയേഷ്യ സ്വതന്ത്ര റിപ്പബ്ലിക് ആയി. സമാധാനം കാര്യമായി പുലര്ന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഇന്ന് എത്ര മാത്രം ക്രോയേഷ്യ ഫ്രാന്‍സിനെ ശല്യം ചെയ്യും എന്നറിയാം. കടലാസിലും കണക്കിലും ഫ്രാന്‍സ് മുന്നിലാണ്. മുമ്പ് രണ്ടു ഫൈനല്‍ കളിച്ച ചരിത്രവും ഒരിക്കല്‍ കപ്പു നേടിയ ഓര്‍മ്മയും ഉണ്ട്. പക്ഷെ അതൊന്നും ഇന്ന് രാത്രി ഗുണം ചെയ്യണം എന്നൊന്നുമില്ല. പ്രതിഭകളുടെ ധാരാളിത്തവും കരുത്തും ആലസ്യവും ആണ് ഫ്രാന്‍സിന്റെ ശക്തിയും ദൌര്‍ബല്യവും എങ്കില്‍ ഒരു കൂട്ടം തളരാത്ത പോരാളികളുടെ ആവേശമാണ് ക്രോയേഷ്യ. വമ്പന്‍ മത്സരങ്ങളുടെ പരിചയക്കുറവും എടുത്തുപറയാന്‍ ഒരു ഫിനിഷര്‍ ഇല്ലാത്തതുമാണ് അവരുടെ ദൌര്‍ബല്യം. ഒരു ഗോളിന് ലീഡ് എടുത്തതില്‍ പിന്നെ മയക്കത്തിലേക്ക് പോകാനാണ് ഫ്രാന്‍സിന്റെ പ്ലാനെങ്കില്‍ ക്രോയെഷ്യയെ പേടിക്കണം. 120 മിനിറ്റ് കളി എന്നാല്‍ അവര്‍ക്ക് 90 മിനിറ്റ് കളി പോലെയാണ്. ഷൂട്ടൌട്ട് എന്നാല്‍ ദിവസവും കാണുന്ന ഒരു ഏര്‍പ്പാട് പോലെയാണ് ഗോളി സുബാസിചിന്. അതുകൊണ്ട് ഫ്രാന്‍സ് ഭയക്കണം ക്രോയെഷ്യയെ !
സുജിത്ത് ചാഴൂര്‍
Post Your Comments