റാഞ്ചി: നാട്ടുകാരെ ആക്രമിച്ച മാവോയിസ്റ്റ് പ്രവര്‍ത്തകനെ നാട്ടുകാര്‍ കൂട്ടംചേര്‍ന്നു തല്ലിക്കൊന്നു. മറ്റൊരാളെ മര്‍ദിച്ചവശനാക്കി ബന്ദിയാക്കി. ജാര്‍ഖണ്ഡ് ലത്തേഹര്‍ ജില്ലയിലെ മണിക പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ച രാത്രിയാണു സംഭവം. സഹോദരന്മാരായ രണ്ടുപേരെ ആയുധധാരികളായ ഒരു സംഘം മര്‍ദിക്കുന്നതു കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണു പോലീസ് പറയുന്നത്.
സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷപെട്ടു. രഞ്ജിത് ദാസ്, ദരോഗ ഒറാവോണ്‍ എന്നിവരാണ് നാട്ടുകാരുടെ പിടിയിലായത്. മത്ലോംഗ് സ്വദേശിയായ രഞ്ജിത് സംഭവസ്ഥലത്തുതന്നെ മരിച്ചു. ജാര്‍ഖണ്ഡ് ജന്‍ മുക്തി പരിഷത് എന്ന സംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വെള്ളിയാഴ്ച രാവിലെയാണു പോലീസ് സംഭവസ്ഥലത്തെത്തുന്നത്.
Post Your Comments