തിരുവനന്തപുരം: ഇലക്ട്രിക് ത്രാസിലെ അളവുതൂക്കത്തിൽ കൃത്രിമം കാട്ടി വൻ തട്ടിപ്പ്. തിരുവനന്തപുരം കുളത്തൂർ മുക്കോലയ്ക്കൽ ബൈപാസ് ജംഗ്ഷനു സമീപത്തെ ചിക്കൻ സെന്ററാണ് ഇലക്ട്രിക് ത്രാസിലെ അളവുതൂക്കത്തിൽ കൃത്രിമം കാട്ടി തട്ടിപ്പു നടത്തിയതിന് പൊലീസ് പൂട്ടിച്ചത്. കടയ്‌ക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ കേസെടുത്ത് 5000 രൂപ പിഴയും ചുമത്തി. കൃത്രിമം കാട്ടിയ സർട്ടിഫൈ ചെയ്യാത്ത ത്രാസും അനുബന്ധ മെഷീനുകളും അധികൃതർ പിടിച്ചെടുത്തു.
കുളത്തൂർ സ്വദേശി സതീഷിന്റെ പരാതിയിൽ ഞായറാഴ്ച രാവിലെയായിരുന്നു പരിശോധന. കടയിൽ നിന്നു കോഴിയിറച്ചി വാങ്ങാനായി അളവു തൂക്കിയപ്പോൾ, ഇലക്ട്രിക് ത്രാസിലെ റീഡിങ്ങിൽ കോഴിയുടെ ഭാരം മൂന്നു കിലോ രേഖപ്പെടുത്തിയിരുന്നു. അതു ഡ്രസ് ചെയ്തു കഷണങ്ങളാക്കി വീട്ടിൽ കൊണ്ടുചെന്നപ്പോൾ സാധാരണ അളവിനെക്കാൾ വലിയതോതിൽ കുറവുള്ളതായി തോന്നി. അങ്ങനെ സമീപത്തെ പലചരക്കുകടയിൽ കൊണ്ടുപോയി തൂക്കം നോക്കിയപ്പോൾ അവിടുത്തെ ത്രാസിൽ 1.75 കിലോ ആയിരുന്നു ഭാരം. ഇത്രയും കുറവു വന്നതിൽ എന്തോ കൃത്രിമം നടന്നിട്ടുണ്ടെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടു.
സതീഷ് പിറ്റേന്നു കടയിൽ നിന്നു രണ്ടു കിലോ പഴവും വാങ്ങി നാട്ടുകാരെയും കൂട്ടി പൗൾട്രിഫാമിലെത്തി അവിടത്തെ ത്രാസിൽ തൂക്കിയപ്പോൾ 1 കിലോ 300 ഗ്രാം. കൃത്രിമം മനസ്സിലാക്കിയ നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പരാതി ശരിയാണെന്നു ബോധ്യമായതോടെ പോലീസ് ലീഗൽ മെട്രോളജി വിഭാഗത്തെയും അറിയിച്ചു. അധികൃതർ നടത്തിയ പരിശോധനയിൽ ത്രാസിലെ കൃത്രിമം കൂടുതൽ വ്യക്തമായി. ഒരു കിലോ തൂക്കം വരുന്ന വസ്തുവിന് ഒരു കിലോ 125 ഗ്രാം എന്ന നിലയ്ക്കാണ് ത്രാസിൽ ക്രമീകരിച്ചിരിക്കുന്നത്.
നിരവധി കേസുകളാണ് അളവുതൂക്ക ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്
Post Your Comments