കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം സഭയില്‍ മറ്റൊരു വിവാദത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. ജലന്ധര്‍ രൂപതയില്‍ ഏറെക്കാലമായി പുകയുന്ന ആഭ്യന്തര കലാപത്തിന്റെ ക്ലൈമാക്സ് ആണ് പീഡന പരാതിയെന്നാണ് അവിടെനിന്നുള്ള ചില വൈദികരുടെ വെളിപ്പെടുത്തല്‍. വൈദികരും ബിഷപ്പും തമ്മിലുള്ള രൂക്ഷമായ ‘ഈഗോ’ പുതിയ രൂപത്തില്‍ പുറത്തുവന്നിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു.
പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മുന്‍പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു വിഭാഗം വൈദികര്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ ബിഷപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപണമുണ്ട്. ബിഷപ്പ് രക്ഷാധികാരിയായ സന്യാസിനി സമൂഹത്തിലെ ഉന്നത സ്ഥാനത്തിരുന്ന ആളായിരുന്നു പരാതിക്കാരി. ഗ്രൂപ്പ് കളിയുടെ ഭാഗമായതോടെ പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ ഇവരെ നീക്കുകയും പുതിയ മേലധികാരി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.
അതിനിടെ, മറ്റൊരു യുവതിയും ഇവര്‍ക്കെതിരെ സന്യാസ സഭാ നേതൃത്വത്തിന് പരാതി നല്‍കി. അവരുടെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു പരാതി. ഇതോടെ ബിഷപ്പ് 2016 ഡിസംബറില്‍ കന്യാസ്ത്രീക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കടുത്ത അച്ചടക്ക നടപടി വന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു.
Read More : ബിഷപ്പിനെതിരായ പരാതിയിൽ ഉറച്ച് നിന്ന് കന്യാസ്ത്രീ
ഈ സമയം, അന്വേഷണ കമ്മീഷനു മുമ്പാകെ ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ കന്യാസ്ത്രീയും ഉന്നയിച്ചിരുന്നു. തങ്ങളുടെ സന്യാസിനി സമൂഹത്തെ തകര്‍ക്കാന്‍ ബിഷപ്പ് ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകളെ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും സ്‌കൂളുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും നടത്തിപ്പിലെ വരുമാനത്തില്‍ കൈകടത്തിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജനറാള്‍ തെരഞ്ഞെടുപ്പില്‍ ബിഷപ്പിന് താല്‍പര്യമുള്ള കന്യാസ്ത്രീക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ പല തരത്തിലുള്ള പീഡനങ്ങളും അവഗണനകളും നേരിട്ടിരുന്നു തുടങ്ങിയ നിരവധി ആരോപണങ്ങള്‍ കന്യാസ്ത്രീ ഉന്നയിക്കുന്നുണ്ട്. സഭയിലെ പല കന്യാസ്ത്രീകളോടും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും അത് മേലധികാരികള്‍ക്കു പോലും അറിവുള്ളതാണെന്നും പലരുടെയും കുടുംബത്തിനും പണം നല്‍കി ഒതുക്കിയെന്നും വരെ ഇവര്‍ ആരോപിച്ചിരുന്നു. പല കന്യാസ്ത്രീകളും തങ്ങളുടെ ദുരവസ്ഥ വിവരിക്കുന്ന കത്തുകള്‍ പരാതിക്കാരിയുടെ പക്കല്‍ ഉണ്ടെന്നും പറയപ്പെടുന്നു.
കന്യാസ്ത്രീക്കെതിരായ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ബിഷപ്പിന് കേരളത്തില്‍ നിന്നും ഭീഷണിക്കത്ത് വന്നത്. കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ അതിഗുരുതരമായ പ്രത്യാഘാതം നേരിടുമെന്നും പീഡനകേസില്‍ പെടുത്തുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു. രൂപതയ്ക്കുള്ളിലെ അഭ്യന്തര കലഹം രൂക്ഷമായതോടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അടക്കം കന്യാസ്ത്രീ ബിഷപ്പിനെതിരായ പരാതിയും നല്‍കിയിരുന്നു. രൂപത അതിരൂക്ഷമായ പ്രതിസന്ധിയുടെ മുന്നില്‍ നില്‍ക്കുമ്പോഴും ഭീഷണി ശക്തമായതോടെയാണ് ബിഷപ്പ് കോട്ടയം പോലീസിന് പരാതി നല്‍കിയത്. ഈ പരാതി ലഭിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് കന്യാസ്ത്രീയുടെ പീഡന പരാതിയും പോലീസിന് ലഭിക്കുന്നത്.
Post Your Comments