കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് കോടതി. വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്നാണ് എറണാകുളം സെഷന്‍സ് കോടതിയുടെ നിരീക്ഷണം. കേസില്‍ തെളിവു നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ രാജു ജോസഫ് എന്നിവരുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്.
മുഖ്യപ്രതി പള്‍സര്‍ സുനി ഇവരെയാണ് ഫോണ്‍ ഏല്‍പിച്ചതെന്നാണ് കണ്ടെത്തല്‍. ഇവരെ വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഇതിനു പിന്നാലെയാണ് കേസ് വേഗത്തില്‍ തീര്‍ക്കേണ്ടേതിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാണിച്ചത്. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി നേരത്തേ ഉത്തരവിട്ടതാണ്.
എന്നാല്‍, കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസ്സമാവുകയാണെന്നും കോടതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Post Your Comments