ന്യൂഡല്‍ഹി: സാധാരണ രീതിയില്‍ സ്ത്രീധനമായി ചോദിക്കുന്നത് പണമോ സ്വര്‍ണമോ ഭൂസ്വത്തോ ഒക്കെയാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായൊരു കാര്യം പ്രതിശ്രുത വരന് ചോദിച്ചതാണ് ഇപ്പോള്‍ സമൂഹത്തെ ഏറെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധനമായി ഫലവൃക്ഷത്തൈകള്‍ നല്‍കാനാണ് അധ്യാപകനായ സരോജ് കാന്ത ബിശ്വാള്‍ ആവശ്യപ്പെട്ടത്. ഒറീസയിലുള്ള കേദരാപാടാ ജില്ലയിലെ ബല്‍ഭദ്രപൂര്‍ ഗ്രാമത്തിലാണ് സംഭവം.
ബല്ഭഗ്രപൂരില് അധ്യാപകനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ആഡംബരമുള്ള ജീവിതം ഒട്ടും ആഗ്രഹമില്ലായിരുന്നു. സാധാരണ രീതിയില്‍ ജീവിക്കാനിഷ്ടപ്പെടുന്ന ഇദ്ദേഹം വിവാഹം ഉറപ്പിച്ച സമയം വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടത് 1001 വൃക്ഷത്തൈകള്‍ തരണമെന്നായിരുന്നു. മറ്റൊന്നും ഇദ്ദേഹം അവശ്യപ്പെട്ടതുമില്ല. ഇതോടെ യുവാക്കള്‍ക്കിടയില്‍ താരമായി മാറിയിരിക്കുകയാണ് സരോജ്. മരം ഒരു കൂട്ട് എന്ന പദ്ധതിയിലെ അംഗമാണ് ഇദ്ദേഹം. സ്ത്രീധനം വാങ്ങുന്നതിനോട് തനിക്ക് എതിര്‍പ്പാണെന്നും ചെറുപ്പം മുതല്‍ തന്നെ പ്രകൃതിയെ സ്നേഹിക്കുന്നുണ്ടെന്നും അതിനാലാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും സരോജ് പറയുന്നു. സരോജിന്റെ പ്രതിശ്രുത വധു രശ്മി രേഖയും അധ്യാപികയാണ്.
ജൂണ്‍ 22നാണ് ഇവരുടെ വിവാഹം രശ്മിയുടെ വീട്ടില്‍ വെച്ച് നടത്തിയത്. സരോജ് ആവശ്യപ്പെട്ട പ്രകാരം വൃക്ഷത്തൈകളും ചടങ്ങില്‍ കൈമാറി. വിവാഹചടങ്ങുകള്‍ക്ക് ശേഷം പങ്കെടുത്ത എല്ലാവര്ക്കും സരോജ് വൃക്ഷത്തൈകള്‍ പങ്കു വെച്ചു നല്കി. അധ്യാപകന്റെ തീരുമാനം സമൂഹത്തിന് ഒരു മാതൃക തന്നെയായി തീര്‍ന്നിരിക്കുകയാണ്.
Post Your Comments