കോട്ടയം: അർജന്റീനയുടെ ദയനീയ പരാജയത്തിൽ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്ത ദിനുവിന്റെ അച്ഛൻ മറ്റുള്ളവർക്ക് ഉപദേശമായി മകന്റെ മരണം തന്നെ ഉദാഹരണമായി കാട്ടുന്നു. അര്‍ജന്റീനയുടെയും മെസ്സിയുടേയും തോല്‍വികളില്‍ മനംനൊന്ത് ജീവിതത്തില്‍ നിന്ന് സ്വയം യാത്രപറഞ്ഞിറങ്ങിയ ദിനു അലക്സിന്റെ അച്ഛന്‍ അലക്സാണ്ടര്‍ക്കും അമ്മ ചിന്നമ്മയ്ക്കുമൊന്നും ഇപ്പോഴും മകന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്തുവെന്നത് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹത്തിനെ വാക്കുകളിലേക്ക്,
‘ ആരും ഇങ്ങനെയൊന്നും ചെയ്യരുത്. കളിയെ എല്ലാവരും കളിയായിതന്നെ എടുക്കണം. കളിയുടെ ഊര്‍ജം എല്ലാവര്‍ക്കും വേണം. പക്ഷേ, അതിനെ അമിതമായി ആരാധിക്കരുത്. കളിയും ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. സിനിമ കണ്ട് മോഹന്‍ലാല്‍ അടിക്കുന്നതുപോലെ അടിക്കാന്‍ എല്ലാവരും നടന്നാല്‍ എന്താവും സ്ഥിതി.’ – മകന്റെ വേർപാട് തളർത്തിയ ഈ അച്ഛൻ വിതുമ്പിക്കൊണ്ട് പറയുന്നു. മകന്റെ മരണത്തിനിടയാക്കിയ മകന്റെ പഴയ സാധനങ്ങളും വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞു.
മിടുക്കനായിരുന്നു അവനെന്നും ഫുട്ബോള്‍ വിടാതെ കാണുമെങ്കിലും ഇത്രത്തോളം ആരാധനയുണ്ടെന്നും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അച്ഛന്‍ ഓർമ്മിക്കുന്നു. ഫുട്ബോള്‍ ഭ്രാന്ത് തലയ്ക്കുപിടിച്ച് അര്‍ജന്റീനയെയും മെസ്സിയേയും അന്ധമായി ആരാധിച്ചതാണ് ദിനുവിന് വിനയായത്. ഒടുവില്‍ റഷ്യന്‍ ലോകകപ്പില്‍ ഇഷ്ട ടീം തോല്‍ക്കുകയും ആരാധകര്‍ മുഴുവന്‍ മിശിഹയായി കാണുന്ന മെസ്സി ലോകകപ്പ് മത്സരത്തില്‍ പരാജിതനായി ഹതാശനായി നില്‍ക്കുന്ന കാഴ്ച കാണുകയും ചെയ്തതോടെയാണ് അവന്‍ ജീവിതത്തോടു തന്നെ വിടപറയാന്‍ തീരുമാനിച്ചതും.
വീട്ടില്‍ ഒറ്റയ്ക്കിരുന്നാണ് ദിനു കളി കണ്ടിരുന്നത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെ ടിവിയുടെ വെളിച്ചം കണ്ട് എഴുന്നേറ്റ് വന്ന പിതാവ് അലക്സ് ദിനുവിനോട് ഉറങ്ങാന്‍ പറഞ്ഞ് കിടക്കാന്‍ പോയി. പുലര്‍ച്ചെ എഴുന്നേറ്റ് അമ്മ ചിന്നമ്മ നോക്കിയപ്പോള്‍ ദിനുവിന്റെ മുറിയില്‍ ലൈറ്റ് ഇല്ലായിരുന്നു. അടുക്കള വാതില്‍ തുറന്നു കിടക്കുന്നതാണ് കണ്ടത്. കള്ളന്‍ കയറിയാതാകാമെന്ന് കരുതി അവര്‍ ദിനുവിനേയും അലക്സിനേയും വിളിച്ചു. എന്നാല്‍ ദിനു വന്നില്ല. വീണ്ടും മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ കണ്ടത് ദിനുവിന്റെ ആത്മഹത്യാ കുറിപ്പായിരുന്നു.എന്നിട്ടും ആ അച്ഛനും അമ്മയുമെല്ലാം കാത്തിരുന്നു.
മകന്‍ തിരിച്ചുവരും എന്നുതന്നെ കരുതി. പക്ഷേ, അതുണ്ടായില്ല. ഇന്നലെ രാവിലെ ഏഴരയോടെ മീനച്ചിലാറില്‍ ഇല്ലിക്കല്‍ പാലത്തിന് കിഴക്കേ കരയില്‍ നിന്ന് ദിനുവിന്റെ മൃതദേഹം ലഭിച്ചു. ഏകമകനെ അവസാനമായി ഒരുനോക്കു കാണാന്‍ പോലും കൊറ്റത്തില്‍ അലക്സാണ്ടര്‍ക്കും ഭാര്യ ചിന്നമ്മയ്ക്കും കഴിഞ്ഞില്ല. രണ്ടു ദിവസം വെള്ളത്തില്‍ കിടന്നതിനാല്‍ മൃതശരീരം വീട്ടിലെത്തിയപ്പോള്‍ പെട്ടിയില്‍ നിന്നു പുറത്തെടുത്തില്ല. അനിയനെ കാണാതായ വാര്‍ത്തയറിഞ്ഞു ദിനുവിന്റെ മൂത്ത സഹോദരി ദിവ്യയും ഭര്‍ത്താവ് ജിന്റോയും ശനിയാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയിരുന്നു.
ദിനുവിന്റെ മൃതശരീരം കണ്ടുകിട്ടിയ വിവരം അമ്മ ചിന്നമ്മയെ ആദ്യം ആരും അറിയിച്ചിരുന്നില്ല. പിന്നീടു ബന്ധുക്കളെല്ലാം ചേര്‍ന്നാണു വിവരം പറഞ്ഞത്.മൊബൈല്‍ ഫോണ്‍ ഇന്നലെ പുലര്‍ച്ചെ ആറുമാനൂര്‍ കടവില്‍നിന്നു ലഭിച്ചതോടെയാണ് ദിനു പുഴയില്‍ ചാടി മരിച്ചതാകാമെന്ന് സംശയം കൂടുതല്‍ ശക്തമായത്. പിന്നീട് തിരച്ചില്‍ ശക്തമാക്കിയതോടെ 18 കിലോമീറ്ററോളം അകലെ ഇല്ലിക്കല്‍ പാലത്തിനു കിഴക്കേക്കരയില്‍ രാവിലെ 7.30നു മൃതദേഹവും കണ്ടെത്തി. ഇന്നലെ വൈകീട്ട് മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് സംസ്‌കരിച്ചു. നാട്ടില്‍തന്നെ കൂടുതല്‍ പേരുമായി വലിയ സൗഹൃദവും ദിനുവിന് ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം ദിനുവിന്റെ മുറിയില്‍ നിന്നു കണ്ടെത്തിയ ബുക്കുകളിലെ കുറിപ്പുകളില്‍ ‘ദിനു മെസി അലക്സ്’ എന്നു പേരിനൊപ്പം ചേര്‍ത്തിരിക്കുന്നതുള്‍പ്പെടെ കണ്ടപ്പോഴാണു വീട്ടുകാര്‍ പോലും മെസ്സിയോട് ഇത്ര കടുത്ത ആരാധനയുണ്ട് മകന് എന്ന് അറിയുന്നത്. മൊബൈല്‍ ഫോണിനു വേണ്ടി മെസിയുടെ ചിത്രമടങ്ങിയ കവര്‍ നഗരത്തിലെ കടകളില്‍ നിന്നു കിട്ടാതായപ്പോള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താണ് അതു വാങ്ങിയതെന്നാണു ദിനുവിന്റെ സഹപ്രവര്‍ത്തകന്‍ പറയുന്നത്.
ദിനു വാതുവയ്പിലോ മറ്റോ പങ്കെടുത്തിരുന്നോ എന്നു സംശയം ഉയര്‍ന്നിരുന്നെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ ഇത്തരം സൂചനകള്‍ ലഭിച്ചില്ലെന്നു പൊലീസ് പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമമാണ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments