Kerala

‘ഒരു പക്ഷേ ആ വീട്ടിൽ അവന്റെ ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ ദുർവ്വിധി അവന് വരില്ലായിരുന്നു’ സീരിയല്‍ താരം മനോജ് പിള്ളയുടെ മരണത്തെ ഓർത്ത് വേദനയോടെ നടൻ മനോജ് കുമാർ

തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) യുടെ ആകസ്മിക മരണം സീരിയൽ സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ് .ഇപ്പോൾ അദ്ദേഹത്തിൻറെ മരണത്തെ ഓർമ്മിച്ച് സഹപ്രവർത്തകനും പ്രശസ്ത സിനിമാ സീരിയൽ നടനുമായ മനോജ് കുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഓർമ്മക്കുറിപ്പ് എഴുതിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം: എന്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ സീരിയൽ നടൻ മനോജ് പിള്ള ഓർമ്മയായി… സീരിയൽ രംഗത്ത് എല്ലാവരോടും നിറഞ്ഞ സ്നേഹത്തോടേയും സൗഹൃദത്തോടേയും പെരുമാറിയിരുന്ന ഒരു നല്ല വ്യക്തിത്വത്തിനുടമയായിരുന്നു മനോജ് … അതു കൊണ്ട് തന്നെ സീരിയൽ രംഗത്ത് അവന്റെ വിയോഗം എല്ലാവർക്കും വേദനാജനകമായ ഒരു വാർത്തയായി മാറി… ഈ കഴിഞ്ഞ 15 ന് സീരിയൽ നടീനടന്മാരുടെ സംഘടനയായ ആത്മയുടെ വാർഷിക യോഗത്തിൽ വച്ച് ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു…

പുതിയ ഒരു സീരിയലിൽ നല്ല വേഷം കിട്ടിയതിന്റെ സന്തോഷവും അവൻ പങ്കുവെച്ചു….. മനുഷ്യന്റെ കാര്യം ഇത്രയേ ഒള്ളൂ … നമ്മൾ ഓരോ സ്വപ്നങ്ങൾ കണക്കുകൂട്ടുന്നു… ദൈവം ഒന്ന് നിശ്ചയിക്കുന്നു…. രണ്ടു ദിവസം മുമ്പ് രാത്രി അവനൊരു ‘ഫിറ്റ്സ്” വന്നതാ… പക്ഷെ നിർഭാഗ്യവശാൽ അവൻ വീട്ടിൽ ഒറ്റക്കായിരുന്നു .. ഭാര്യ ടീച്ചറാണ് ഗുജറാത്തിൽ വർക്ക് ചെയ്യുന്നു … രാവിലെ ഷൂട്ടിംഗിന് വിളിക്കാൻ വണ്ടി വന്നപ്പോൾ അവരാണ് അബോധാവസ്ഥയിൽ കിടന്ന മനോജിനെ കണ്ടതും ആശുപത്രിയിൽ എത്തിച്ചതും … പക്ഷെ അപ്പോഴേക്കും സമയം ഒരു പാട് വൈകിയിരുന്നു … രണ്ടു ദിവസം ICU വിൽ കിടന്നെങ്കിലും ജീവൻ രക്ഷിക്കാൻ ഡോക്ടര്‍മാര്‍ക്ക്  ആയില്ല… ഇന്നലെ രാത്രി അവൻ നമ്മളേ വേർപിരിഞ്ഞ് പോയി… ഒരു പക്ഷേ ആ വീട്ടിൽ അവന്റെ ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ ദുർവ്വിധി അവന് വരില്ലായിരുന്നു… പറഞ്ഞിട്ട് കാര്യമില്ല… ദൈവനിശ്ചയം മറികടക്കാൻ നമുക്കാവില്ലല്ലോ…

സീരിയലിന് പുറത്തും മനോജിന് വിപുലമായ ഒരു സുഹൃത് വലയം ഉണ്ടായിരുന്നു… സ്നേഹവും സൗഹൃദവും എന്നും അവന്റെ ദൗർബല്യം ആയിരുന്നു… ആരോടും ഒരു മുഷിച്ചിലില്ലാതെ … പരിചയപ്പെടുന്നവർക്കൊക്കെ സ്നേഹ നിമിഷങ്ങൾ സമ്മാനിച്ചിരുന്ന എന്റെ പ്രിയപ്പെട്ട സോദരന്…. അഭിനയരംഗത്ത് ഒരു പാട് സ്വപ്നങ്ങൾ ബാക്കി വച്ചു പോയ എന്റെ സഹപ്രവർത്തകന്… അകാലത്തിൽ വേർപിരിഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട മനോജ് പിള്ളക്ക് എന്റേയും കുടുംബത്തിന്റേയും കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലികൾ…. ആർക്കും ഇങ്ങനെയൊരു ദുർവ്വിധി വരത്തല്ലേയെന്നു മനമുരുകി പ്രാർത്ഥിക്കുന്നു…

ഒപ്പം അവന്റെ ഭാര്യക്കും അമ്മക്കും കുടുംബാംഗങ്ങൾക്കും ഇതു താങ്ങാനുള്ള മനക്കരുത്ത് നല്കണേയെന്നും….. പ്രണാമം പ്രിയപ്പെട്ടവനേ….. അശ്രുപ്രണാമം…. നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ… പ്രാർത്ഥിക്കുന്നു… അതല്ലേ നിനക്കു വേണ്ടി ഇനി ഞങ്ങൾക്ക് ചെയ്യാൻ കഴിയൂ…..

shortlink

Post Your Comments


Back to top button