
ഗയ: ബീഹാറില്‍ ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു. ഗയ ജില്ലയിലെ സോന്ദിഹ ഗ്രാമത്തിലാണ് ആയുധമേന്തിയ ഇരുപത് പേരടങ്ങുന്ന സംഘം അതിക്രമം കാട്ടിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്രചെയ്യുകയായിരുന്ന ഡോക്ടറെ അക്രമി സംഘം തടഞ്ഞുനിര്‍ത്തിയായിരുന്നു അതിക്രമം.
തുടര്‍ന്ന് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് ഭാര്യയെയും മകളെയും അടുത്തുള്ള വയലില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ ഡോക്ടറുടെ കെട്ടഴിച്ചുവിടുകയും പൊലീസിനെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ തന്റെ ഫോണില്‍നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തിയ ശേഷമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 20 യുവാക്കള്‍ പിടിയിലായിട്ടുണ്ടെന്ന് ഗയ എസ്‌എസ്‌പി രാജീവ് മിശ്ര പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പ്രതികളില്‍ രണ്ടുപേര്‍ ഒഴികെ ബാക്കിയെല്ലാവരും മുഖം മറച്ചിരുന്നു. മുഖം മറയ്ക്കാത്ത രണ്ടുപേരെയും അക്രമത്തിനിരയായവര്‍ തിരിച്ചറിഞ്ഞതായും എസ്‌എസ്‌പി പറഞ്ഞു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഗയയിലെ ഡോക്ടറുടെ ക്ലീനിക്ക് പൂട്ടിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. രാത്രി എട്ട് മണിയോടെ മരഭൂമിക്ക് സമാനമായ പ്രദേശത്തെ റോഡില്‍ വച്ചായിരുന്നു ആക്രമണം. നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. റോഡില്‍ മാര്‍ഗ്ഗ തടസ്സമുണ്ടാക്കി പ്രതികളെ രക്ഷപ്പെടുന്നതില്‍ നിന്നും നാട്ടുകാര്‍ തടയുകയായിരുന്നു.
Post Your Comments