ചെന്നൈ: കോട്ടയത്തെ കോടീശ്വരിയായ സ്ത്രീ ആരോരുമില്ലാതെ ചെന്നൈയിലെ അഗതി മന്ദിരത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന നിലയില്‍ കണ്ടെത്തി. കോട്ടയം തൂമ്പില്‍ കുടുംബാംഗമായ പരേതനായ മാത്തന്റെ മകള്‍ മാഗിയാണ് ചെന്നൈയിലെ അയനാവരത്തുള്ള അന്‍പകം അഗതി മന്ദിരത്തില്‍ കഴിയുന്നത്. തെരുവിൽ അലഞ്ഞു തിരിയുമ്പോൾ പോലീസ് ആണ് ഇവരെ ഇവിടെ എത്തിച്ചത്. എന്നാൽ മനോവൈകല്യമുള്ള ഇവര്‍ക്ക് തന്റെ വീട്ടുകാരെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ കഴിയുന്നുമില്ല.
അന്‍പകം സ്ഥാപക ട്രസ്റ്റി മുഹമ്മദ് റാഫി നടത്തിയ അന്വേഷണത്തിനൊടുവില്‍ കോട്ടയത്തുള്ള ബന്ധു ബേബി ഈപ്പനാണ് ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞത്. മാഗിയുടെ പിതാവ് മാത്തന്‍ വ്യോമസേനയിലായിരുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും ജോലി ചെയ്ത ശേഷം ഇദ്ദേഹം ചെന്നൈയില്‍ സ്ഥിരതാമസമാക്കി. പ്ലസ് ടു വരെ പഠിച്ച മാഗിയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
താമ്പ്രത്ത് വാടകവീട്ടില്‍ ഭര്‍ത്താവുമൊന്നിച്ച് കഴിയുകയായിരുന്നെന്നും സുവിശേഷകനായ ഭര്‍ത്താവ് കഴിഞ്ഞ സെപ്റ്റംബറില്‍ മരിച്ചതോടെ മറ്റ് മാര്‍ഗമില്ലാതെ തെരുവിലേക്ക് ഇറങ്ങുകയായിരുന്നുവെന്നുമാണ് പറയുന്നത്. എന്നാല്‍ ഭര്‍ത്താവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചാല്‍ ഇവർക്ക് ഒന്നും പറയാനും കഴിയുന്നില്ല. മാഗിയുടെ സഹോദരന്‍ മനോജ് ചെന്നൈയില്‍ തന്നെ ഉണ്ടെങ്കിലും ഇയാള്‍ മരിച്ചു എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സഹോദരിയെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇവർ തയ്യാറാകുന്നുമില്ല.
മാഗിക്കും കുടുംബത്തിനും കൂടി കോട്ടയം തിരുനക്കരയിലുള്ളത് ഒന്നരക്കോടിയുടെ സ്വത്താണ്. 15 ലക്ഷത്തോളം വിലവരുന്ന 20 സെന്റ് സ്ഥലമാണ് ഇവർക്ക് കോട്ടയം ടൗണിൽ ഉള്ളത്. ഇത് സഹോദരൻ മനോജിന്റേതാണെന്നു ഇവർ പറയുന്നുണ്ട്. എന്നാൽ മനോജ് വിൽപ്പനക്ക് ശ്രമിച്ചപ്പോൾ മാഗിയുടെ ഒപ്പില്ലാതെ വിൽപ്പന നടന്നില്ല എന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments