മലപ്പുറം•ഫേസ്ബുക്കിലൂടെ വരനെ തേടിയ മലപ്പുറം സ്വദേശി ജ്യോതി കെ.ജി വിവാഹിതയായി. തമിഴ്നാട് പോലീസില്‍ ഉദ്യോഗസ്ഥനായ രാജ്കുമാര് ആണ് വരന്. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കൽകിപുരി ശിക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ജാതിയോ മതമോ പ്രശ്നമല്ലെന്ന് പറഞ്ഞ്, കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് തനിക്കൊരു കൂട്ട് തേടി മലപ്പുറം എലവണ്ണപ്പാറ സ്വദേശിയായ ജ്യോതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവിൽ ഉണ്ടെങ്കിൽ അറിയിക്കുക. ഡിമാന്റുകൾ ഇല്ല, ജാതി പ്രശ്നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്’- ഇങ്ങനെയായിരുന്നു ജ്യോതിയുടെ പോസ്റ്റ്. പോസ്റ്റ് കണ്ട നൂറുകണക്കിന് പേരാണ് വിളിച്ചത്. ഇവരില്‍ ഒരാളായിരുന്നു തമിഴ്നാട് ബർഗൂർ സ്വദേശി രാജ്കുമാര്
താന്‍ വരനെ കണ്ടെത്തിയ വിവരം ജ്യോതി നേരത്തെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ജ്യോതിയുടെ അമ്മാവന്മാരുടെയും ചെറിയച്ഛന്റെയും എതിര്‍പ്പ് അവഗണിച്ച് ആയിരുന്നു വിവാഹം. നേരത്തെ ജ്യോതിയെ കാണാനില്ലെന്ന് കാട്ടി അമ്മാവന്മാരും ചെറിയച്ഛനും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഴക്കാട് പോലീസ് ഇവരെ വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ മജിസ്ട്രേറ്റിന്റെ അടുത്ത് ഹാജരാക്കിയപ്പോൾ കോടതി ജ്യോതിയെ രാജ്കുമാറിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.
നേരത്തെ രഞ്ജിഷ് മഞ്ചേരി എന്ന ഫോട്ടോഗ്രഫറും ഫേസ്ബുക്കിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തിയിരുന്നു.
Post Your Comments