Article

വിശുദ്ധ റമദാനിലൊരു അജ്മീര്‍ യാത്ര

ശിവാനി ശേഖര്‍

പരിശുദ്ധ അല്ലാഹുവിന്റെ വചനങ്ങളുരുവിട്ട് നന്മയുടെ വഴിയിലൂടെ, പുണ്യമാസത്തിലെ നോമ്പുകാലം അവസാനിക്കുമ്പോള്‍ വായനക്കാര്‍ക്കേവര്‍ക്കും സന്തോഷം നിറഞ്ഞ ‘ഈദ് മുബാരക്’!

വിശുദ്ധ റമദാനിലെ നോമ്പുനാളുകള്‍ ജന്നത്തിലേയ്ക്കുള്ള വഴി കാട്ടുമ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരിടമുണ്ട്. ‘പാവങ്ങളുടെ രക്ഷകന്‍’ ഖ്വാജ മു-ഈ-നൂദ്ദിന്‍ ചിഷ്ടി അന്ത്യവിശ്രമം കൊള്ളുന്ന ‘അജ്മീര്‍ ദര്‍ഗ’. മരുഭൂമികളുടെയും ഒട്ടകങ്ങളുടെയും നാടായ രാജസ്ഥാനിലെ ‘പിങ്ക് സിറ്റി’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജയ്പൂരിലെ ദേശീയപാത 8 ലൂടെയാണ് അജ്മീരിലേക്കുള്ള യാത്ര തുടങ്ങുന്നത്. നഗരത്തിന്റെ എല്ലാ ഭാഗത്തു നിന്നും ബസ്,ടാക്‌സി സൗകര്യങ്ങള്‍ ഗവണ്‍മെന്റും സ്വകാര്യസ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്.

ദര്‍ഗയിലേയ്ക്ക്

ഖ്വാജാ…..മേരെ ഖ്വാജാ…..
യാ ഗരീബ് നിവാസ്….
മേരെ ദില്‍ മേം സമാജാ….
വിഖ്യാത സംഗീതഞ്ജന്‍ ഏ ആര്‍ റഹ്മാന്റെ മാസ്മരിക ശബ്ദം ഭക്തിയോടു സമ്മേളിക്കുമ്പോള്‍ കേട്ടു നില്ക്കുന്നവരുടെ മനസ്സില്‍ആത്മീയതയുടെ അനുഭൂതി കോറിയിട്ട് അജ്മീര്‍ ദര്‍ഗയും,ഖ്വാജയും തിളങ്ങി നില്ക്കും!അജ്മീര്‍ ദര്‍ഗയിലേയ്ക്കുള്ള വഴികള്‍ മാലിന്യം നിറഞ്ഞതും തിരക്കേറിയതുമാണെങ്കിലും ബുലന്ദ് ദര്‍വാസാ’എന്ന ഭീമാകാരമായ പ്രവേശനകവാടം കടന്ന് ഉള്ളിലേയ്ക്കു പ്രവേശിക്കുന്ന ഏതൊരാളെയും സ്വര്‍ഗ്ഗതുല്യമായ അന്തരീക്ഷത്തിലേയ്ക്കാണ് ആനയിക്കപ്പെടുന്നത്. ജാതിമതഭേദമെന്യേ ആര്‍ക്കും കടന്നു ചെല്ലാവുന്ന ഇവിടുത്തെ അന്തരീക്ഷം ശാന്തസുരഭിലമാണ്.’ഖവാലികള്‍’പാടുന്ന സൂഫി സംഗീതത്തിന്റെ അലയൊലികള്‍ മാറ്റുരയ്ക്കുന്ന അന്തരീക്ഷത്തില്‍ ചന്ദനത്തിരികളുടെ സുഗന്ധം തങ്ങി നില്ക്കുന്നു!
പനിനീര്‍പ്പൂക്കള്‍ നിറച്ച ചെറിയ താലവുമായി ശിരസ്സ് മൂടി(ഇവിടെയെത്തുന്നവരെല്ലാം ശിരസ്സ് മൂടണമെന്ന് നിര്‍ബന്ധമാണ്) വിശാലമായ അങ്കണത്തിലെ നീണ്ട ക്യൂവിലൂടെ അകത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ നിശബ്ദമായ പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു കൂട്ട്.സൂഫിവര്യന്റെ കുടീരത്തിനു മുന്നില്‍ കണ്ണടച്ചു നില്ക്കുമ്പോള്‍ ഫക്കീറുകള്‍ മയില്‍പ്പീലി കൊണ്ട് തഴുകി അനുഗ്രഹിക്കും.പുറത്ത് നിരവധിയാളുകള്‍ ചെറിയ ചരടുകള്‍ ഒരു പ്രത്യേകസ്ഥലത്ത് കൂട്ടത്തോടെ കെട്ടുന്നുണ്ടായിരുന്നു.അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്,ആഗ്രഹപൂര്‍ത്തീകരണത്തിനായാണ് ചരടുകള്‍ കെട്ടുന്നത്. ഖ്വാജി മു-ഈ-നുദ്ദിന്‍ ചിഷ്ടിയുടെ വിശുദ്ധ ദര്‍ഗയില്‍ പ്രാര്‍ത്ഥനയോടെ ഇരുമ്പു ജാലകത്തില്‍ ചരട് കെട്ടുകയാണെങ്കില്‍ ആ വ്യക്തി ആഗ്രഹിക്കുന്നതെന്തും സഫലമാകുമെന്നാണ് വിശ്വാസം.

‘അജ്മീര്‍ ദര്‍ഗ’

രാജസ്ഥാനിലെ അജ്മീര്‍ നഗരത്തില്‍ ആനാസാഗര്‍ തടാകത്തിന്റെ തീരത്താണ് അജ്മീര്‍ ദര്‍ഗ.’ഗരീബി നവാസ്’അഥവാ പാവങ്ങളുടെ രക്ഷകനായിരുന്ന ‘ഖ്വാജി മു-ഈ-നുദ്ദീന്‍ ചിഷ്ടിയുടെ ശവകൂടിരമാണ് ദര്‍ഗയിലെ ആത്മീയ ശാന്തിയുടെ പ്രധാന ആകര്‍ഷണം. ‘ബുലന്ദ് ദര്‍വാസാ’എന്ന ഭീമാകാരമായ പ്രവേശനകവാടത്തിലൂടെയാന് അകത്തേയ്ക്ക് പ്രവേശിക്കുന്നത്.വിശാലമായ അങ്കണവും ,ജമാ മസ്ജിദും,ആരാധനാലയവും,സൂഫിസംഗീതം മഴ പെയ്യിക്കുന്ന മെഹ്ഫില്‍ ഖാനയുമമൊക്കെ വരുന്ന അതിഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു.മുഗള്‍ വാസ്തുവിദ്യയില്‍ സാധാരണ കാണാറുള്ള താഴികക്കുടങ്ങളും മാര്‍ബിളിന്റെ ഉപയോഗവുമൊക്കെ.ഇവിടെയും കാണാന്‍ കഴിയും. ഹിജറ വര്‍ഷത്തിലെ ഏഴാംമാസത്തില്‍ നടക്കുന്ന ‘ഉറൂസ്’ആണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. 6 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷവേളയില്‍ ദര്‍ഗയുടെ കവാടം ദിവസം മുഴുവന്‍ വിശ്വാസികള്‍ക്കായി തുറന്നിരിക്കും. വിശുദ്ധ-ഖുര്‍-ആനിലെ പുണ്യസൂക്തങ്ങള്‍ ഇടതടവില്ലാതെ ഉരുവിട്ടു കൊണ്ടേയിരിക്കും. ഈ സമയത്തും,ഈദ് ആഘോഷങ്ങളിലുമാണ് ഏകദേശം 4480 കിലോയോളം വരുന്ന ഭീമാകാരന്‍ ചെമ്പില്‍ പായസവും മറ്റും തയ്യാറാക്കുന്നത്. റമദാനില്‍ ഈ പരിസരത്തു വിശന്നു നടക്കുന്ന ഒരാള്‍ പോലുമുണ്ടാവില്ല!

‘ഖ്വാജി-മു-ഈ-നുദ്ദിന്‍ ചിഷ്ടി’

ഇന്ത്യയിലെ’ ഇസ്‌ളാമിക കുലപതി ‘അഥവാ സുല്‍ത്താന്‍ ഓഫ് ഹിന്ദ് എന്നാണ് ഖ്വാജി അറിയപ്പെട്ടിരുന്നത്. അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന ഈ സന്യാസിവര്യന്‍ സൂഫി സംഘീതത്തിലു കേമനായിരുന്നു. പണ്ഡിതനും സൂഫിവര്യനുമായിരുന്ന പിതാവിന്റെ സ്‌നേഹവും ശിക്ഷണവും പതിനൊന്നാം വയസ്സില്‍ നഷ്ടമായി. ഏറെത്താമസിയാതെ മാതാവും നഷ്ടമായതോടെ പേര്‍ഷ്യയിലെ വിവിധ സ്ഥലങ്ങളിലലഞ്ഞ് അവസാനം സൂഫിവര്യനായ മുഹമ്മദ് ഘോറിയ്‌ക്കൊപ്പം ഇന്ത്യയിലെത്തുകയായിരുന്നു. പല അദ്ഭുതവേലകളും കൈവശമുണ്ടായിരുന്ന ഖ്വാജാ,അനുയായികള്‍ക്കോപ്പം നിരവധി ഭീഷണികള്‍ അജ്മീറില്‍ തന്റെ വാസമുറപ്പിച്ചത്.114 വയസ്സു വരെ ജീവിച്ചിരുന്ന വിശുദ്ധ ഖ്വാജാ 114മത്തെ വയസ്സില്‍ മുറിക്കുള്ളില്‍ കയറി കതകടച്ച് പ്രാര്‍ത്ഥനാ നിരതനായി തന്റെ ഭൗതിക ശരീരം ഭൂമിയിലുപേക്ഷിച്ച് പരമ കാരുണികനായ അല്ലാഹുവില്‍ വിലയം പ്രാപിച്ചു.

അവസാനം

അജ്മീര്‍ ദര്‍ഗയ്ക്കുള്‍വശം വൃത്തിയും വെടിപ്പുമുള്ളതാണെങ്കിലും ദര്‍ഗയിലേയ്ക്കു നയിക്കുന്ന ഓരോ തെരുവുകളും വളരെ മലിനമാണ്. മനുഷ്യ വിസര്‍ജ്യങ്ങളും ഇറച്ചിക്കടകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും ,യാചകരുമൊക്കെയായി ദുര്‍ഗന്ധം വമിക്കുന്ന തെരുവുകളാണ് കൂടുതലും. തീര്‍ത്ഥാടകര്‍ വിലപ്പെട്ട സാധനങ്ങള്‍ കൊണ്ടു പോകുമ്പോഴും സൂക്ഷിക്കണം. അടുത്തിടെ അജ്മീര്‍ ഖ്വാജയുടെ പരമഭക്തനായ ‘എ ആര്‍ റഹ്മാന്‍ ‘ അജ്മീര്‍ പരിസരങ്ങളും ക്ഷയിച്ചു കൊണ്ടിരിക്കുന്ന ആനാസാഗര്‍ തടാകവും ശുദ്ധീകരിക്കുന്നതിനായി സര്‍ക്കാരുമായി ചേര്‍ന്ന് പുതിയ പദ്ധതിക്ക് തുടക്കം കുറിയ്ക്കുകയുണ്ടായി. അഥിന്റെ ഫലമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ചൂടു കുറഞ്ഞ കാലാവസ്ഥയില്‍ സന്ദര്‍ശനം നടത്തുന്നതാണ് നല്ലത്.ശൈത്യകാലത്ത് രാവിലെ 5 മുതല്‍ രാത്രി 9 വരെയും,ചൂടുകാലത്ത് രാവിലെ 4 മണി മുതല്‍ 10 വരെയുമാണ് സന്ദര്‍ശന സമയം.എല്ലാ ദിവസവും 3 മുഥല്‍ 4 മണി വരെ ആരാധനാലയം അടച്ചിടാറുണ്ട്. ഭക്തിയും വിശ്വാസവും,സംഗീതവും,ശാന്തിയും സമ്മേളിക്കുന്ന അജ്മീര്‍ ദര്‍ഗയിലേയ്ക്ക് ഒരു വട്ടമെങ്കിലും പോകാന്‍ കഴിയുന്നത് പുണ്യമാണ്!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button