ന്യൂഡല്‍ഹി: പ്രിയതമന് രാജ്യത്തിന്റെ നൊമ്പരപ്പാടായി മറഞ്ഞിട്ടും രാജ്യത്തിനായി മകനും പോരാടണമെന്ന് ആഗ്രഹിച്ച ഒരമ്മയുടെ സ്വപ്നസാഫല്യമായിരുന്നു ആ നിമിഷം. പത്തൊൻപത് വർഷങ്ങൾക്കു ശേഷം മറ്റൊരു ജൂൺ 12 പുലരുന്നത് മറ്റൊരു വാർത്തയുമായാണ്. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ബച്ചൻ സിംഗിന്റെ മകൻ ഹിതേഷ് കുമാർ ഇന്ത്യൻ സൈന്യത്തിൽ അച്ഛൻ ജോലി ചെയ്ത അതേ രജപുത്താന റൈഫിൾസിലെ ലെഫ്റ്റനന്റായി ജോലിയിൽ പ്രവേശിക്കുന്നു.
രാഷ്ട്രസ്നേഹിയായ അച്ഛന് അർഹിക്കുന്ന തിലോദകം.അച്ഛന് മരിക്കുമ്പോള്‍ ഹിതേഷിന് ആറ് വയസ് ആയിരുന്നു. ചെറുപ്പത്തില്‍ തന്നെ അച്ഛന്റെ വീര കഥകള്‍ കേട്ടാണ് ഹിതേഷ് വളര്‍ന്നത്. അതുകൊണ്ട് തന്നെ ചെറുപ്പത്തില്‍ തന്നെ ഹിതേഷിന്റെ ആഗ്രഹവും ഇന്ത്യന്‍ സേനയുടെ യൂണിഫോം അണിയാന്‍ തന്നെയായിരുന്നു. 1999 ജൂൺ 12 ന് ടോലോലിംഗ് പിടിക്കാൻ പാഞ്ഞുകയറിയ രജപുത്താന റൈഫിൾസിലെ ലാൻസ് നായിക്കായിരുന്നു ബച്ചൻ സിംഗ്.
ശത്രുവിന്റെ വെടിയുണ്ടകൾക്കിരയായി സെക്കൻഡ് ബറ്റാലിയനിലെ മേജർ വിവേക് ഗുപ്തയും നൂറോളം സൈനികരും കൊല്ലപ്പെട്ടപ്പോൾ അതിൽ ഒരാളായിരുന്നു ബച്ചൻ സിംഗ് . അന്ന് മകൻ ഹിതേഷ് കുമാറിന് വയസ്സ് 6.കഴിഞ്ഞ പത്തൊൻപതു വർഷമായി മനസ്സിൽ താലോലിക്കുന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്ന് ബച്ചൻ സിംഗിന്റെ ഭാര്യ കാമേഷ് ബാല കണ്ണീരോടെ പറഞ്ഞു. ഇതിലധികമൊന്നും തനിക്ക് മകനോട് ആവശ്യപ്പെടാനില്ല .
അച്ഛൻ മരിച്ചതിനു ശേഷം മക്കളെ സൈന്യത്തിൽ ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ജീവിച്ചതെന്നും അവർ കൂട്ടിച്ചേർത്തു . ഈ വാക്കുകള്‍ സത്യമായ പകലില്‍ അതുകാണാന്‍ അവന്റെ അമ്മയും സഹോദരനും കൂട്ടുവന്നിരുന്നു. ഹിതേഷ് മാത്രമല്ല, സഹോദരന് ഹേമന്തും സേനയില്‍ ചേരാന്‍ ഒരുങ്ങുകയാണ് അമ്മ കാമേഷ് ബാല പറയുന്നു. രാജ്യത്തിന് വേണ്ടി ജീവന് ദാനം നല്കിയ ഒരു വീര യോദ്ധാവിന്റെ ഭാര്യയുടെ വാക്കുകളിലും രാജ്യസ്നേഹം തുളുമ്പി നിന്നു.
അമ്മ മാത്രമല്ല താനും ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നെന്ന് ഹിതേഷ് കുമാറും പറഞ്ഞു. അഭിമാനത്തോടെ എനിക്ക് ഇനി ഭാരതത്തിനു വേണ്ടി സൈനിക സേവനം നടത്താം. ഹിതേഷ് കുമാർ കൂട്ടിച്ചേർത്തു.പാസ്സിംഗ് ഔട്ട് പരേഡിനു ശേഷം ഹിതേഷ് കുമാർ നേരേ പോയത് അച്ഛന്റെ സ്മാരകത്തിലേക്കാണ് .
Post Your Comments