തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റാകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ കെപിസിസി ഓഫീസിന് മുന്നില്‍ അദ്ദേഹത്തിനെതിരെ പോസ്റ്ററുകളൊട്ടിച്ച് പ്രവര്‍ത്തകര്‍. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്നതിന് തുല്യമെന്നാണെന്നും ഒറ്റുകാരും കള്ളന്‍മാരും പാര്‍ട്ടിയെ നയിക്കേണ്ടെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടിയെ ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റുന്നതിന് തുല്ല്യമാണെന്നും ഇന്ദിരാ ഭവന് മുന്നില്‍ ഉമ്മന്‍ ചാണ്ടിക്ക് സ്വാഗതമരുളിക്കൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ പറയുന്നു. എം.എം. ഹസന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പാര്‍ട്ടി ഐസിയുവിലായിരുന്നെന്നും എന്നാല്‍ ഇനി മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കുന്നതിന് തുല്യമാണെന്നാണ് പരിഹാസം.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരാനിരിക്കെയാണ് ഇന്ദിരാഭവന് മുന്നില്‍ വിമര്‍ശനങ്ങളുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നുത്.
Post Your Comments