ദുബായ് : യു എ ഇ യിലെ ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസിൽ നിന്നും മോചിതനായ പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ പുതിയ തുടക്കത്തിനായുള്ള തയ്യാറെടുപ്പിൽ ആണ്. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നു തന്നെ സഹായിച്ച എല്ലാവരെയും അദ്ദേഹം നന്ദിപൂർവം സ്മരിക്കുന്നു. ഒരു ചെറിയ ക്ഷീണം, അതിനപ്പുറം താൻ അനുഭവിച്ച വീഴ്ചയെ പറ്റി രാമചന്ദ്രൻ ഓർക്കുന്നേയില്ല . തെറ്റ് ചെയ്തിട്ടില്ല എന്ന ഉറപ്പും, ഈ രാജ്യത്തോടും ഇവിടത്തെ നിയമങ്ങളോടുമുള്ള വിശ്വാസവുമാണ് മറഞ്ഞു നിൽക്കാൻ താൻ ശ്രമിക്കാത്തതിന് കാരണമെന്ന് അദ്ദേഹം പറയുന്നു.
അറ്റ്ലസ് രാമചന്ദ്രൻ എന്ന എം എം രാമചന്ദ്രൻ സന്തോഷവാനാണ്. 2015 ആഗസ്ത് 23 മുതൽ രണ്ടു വർഷവും പത്തു മാസവും നീണ്ടു നിന്ന ഒറ്റപ്പെടൽ അവസാനിച്ചതിന്റെ സന്തോഷം. ഒപ്പം, പുതിയ തുടക്കവും, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും നൽകുന്ന ആവേശം. ജനകോടികൾ വിശ്വസ്തതയോടെ നിലനിർത്തിയ അറ്റ്ലസ് എന്ന നാമം, അഭിമാനത്തോടെ സ്വന്തം പേരിനൊപ്പം ചേർത്ത് നിർത്തുകയാണ് ഇപ്പോഴും അദ്ദേഹം.ബിസിനസ്സിൽ ഉണ്ടായ തകർച്ചക്ക് ഒരു കാരണം തന്റെ അശ്രദ്ധ കൂടിയാണ് എന്ന് തിരിച്ചറിയുന്നുണ്ട് രാമചന്ദ്രൻ.
ആ തിരിച്ചറിവ് ഇനി മുന്നോട്ട് പോകുമ്പോൾ തന്നെ സഹായിക്കും എന്ന് കരുതുന്നു .കേന്ദ്ര സർക്കാരും, ബിജെപി കേരള ഘടകവും, എൻ ആർ ഐ സെല്ലും നൽകിയ പിന്തുണ താൻ സ്വതന്ത്രനാവാൻ കാരണമായിട്ടുണ്ട് എന്ന് പറയുന്നു അദ്ദേഹം. എന്തായാലും, കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ചോർത്തിരിക്കാൻ അറ്റ്ലസ് രാമചന്ദ്രന് ഇപ്പോൾ സമയമില്ല. നിലവിൽ, ബാങ്കുകളുമായി കേസുകൾ ഒന്നുമില്ല, കുറച്ചു പണം തിരിച്ചടക്കാനുണ്ട്.
അതിനുള്ള കാലാവധി സംബന്ധിച്ച് ബാങ്കുകളുമായി ബന്ധപ്പെട്ടു കഴിഞ്ഞു. താൻ, പുറത്തുണ്ടായിരുന്നു എങ്കിൽ ആ ബാധ്യതയും ഇപ്പോൾ ഉണ്ടാവില്ലായിരുന്നു. പുതിയ തുടക്കത്തിനായുള്ള ഒരുക്കത്തിൽ ആണ്. ഇത്രകാലവും തന്നെ നിലനിർത്തിയ ജനകോടികൾ ഇനിയങ്ങോട്ടും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ.
Post Your Comments