ഓരോ ക്ഷേത്രങ്ങളിലെയും പ്രതിഷ്ടയിലും പൂജയിലും വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ദേവിയുടെ പാദമുദ്രയില്‍ പൂജ നടത്തുന്ന കേരളത്തിലെ ഒരു ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം. നാരായണത്തുഭ്രാന്തന് ദുർഗാദേവി ദർശനം നൽകിയ ഇടം എന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണ് ശ്രീ രായിരനെല്ലൂർ മലയിൽ ഭഗവതീക്ഷേത്രം. കേരളത്തിലെ പ്രശസ്തമായ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണിത്. പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുന്നവഴി നടുവട്ടം എന്ന സ്ഥലത്താണ് ഈ മലയും ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. നടുവട്ടം എന്ന സ്ഥലത്തിനുമുൻപായി ഒന്നാന്തിപ്പടി എന്ന സ്ഥലത്തുനിന്നും മലകയറിയാൽ മലമുകളിൽ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നാറാണത്തുഭ്രാന്തൻപ്രതിമയെ വലം വച്ചതിനുശേഷം ദുർഗ്ഗാക്ഷേത്രദർശനവും നടത്തി പടിഞ്ഞാറുഭാഗത്തുള്ള പടവുകളിറങ്ങി നടുവട്ടം ഭാഗത്തേക്ക് മടങ്ങാവുന്നതാണ്.
മലമുകളിൽ ദേവിയുടെ കാൽപാദങ്ങൾ പതിഞ്ഞ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒൻപത് കാലടികൾ കാണപ്പെടുന്നു. അവയിലൊന്നിൽ എല്ലാക്കാലത്തും കാണപ്പെടുന്ന തീർത്ഥമാണ് ഭക്തർക്ക് പ്രസാദമായി നൽകുന്നത്. ഈ തീർത്ഥത്തിൽ ദേവീ സാന്നിദ്ധ്യം ചെയ്യുന്നുവെന്നാണ് സങ്കല്‍പ്പം. പതിവുശൈലിയിൽ പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രത്തിൽ ദേവിയുടെ പാദമുദ്രയിലാണ് പൂജകൾ. ക്ഷേത്രം അശുദ്ധമായാൽ പുണ്യാഹമല്ല പഞ്ചഗവ്യമാണ് തളിക്കുക. ഇതരക്ഷേത്രങ്ങളിലുള്ളതുപോലെ ഉത്സവവിശേഷങ്ങളും ഇവിടെയില്ല.
ദേവി നാറാണത്തുഭ്രാന്തനുമുന്നിൽ പ്രത്യക്ഷപ്പെട്ട തുലാം ഒന്ന്, ദേവിയുടെ ജന്മനക്ഷത്രമായ വൃശ്ചികമാസത്തിലെ കാർത്തിക എന്നീ ദിവസങ്ങളാണ് ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. നിത്യപൂജയുള്ളത് രാവിലെ മാത്രവും. രാവിലെ 6 മുതൽ 8 വരെയാണ് പൂജാസമയം. പ്രകൃതി ഉപാസനയെ അനുസ്മരിപ്പിക്കും വിധം ലളിതമായ ആചാരാനുഷ്ഠാനങ്ങൾ. വർഷത്തിലെ രണ്ട് വിശേഷദിവസങ്ങളോടനുബന്ധിച്ചും ധാരാളം ഭക്തജനങ്ങൾ സമീപജില്ലകളിൽ നിന്നുപോലും ഇവിടേക്ക് വന്നെത്തുന്നു. മറ്റുദിവസങ്ങളെല്ലാം യാതൊരു തിരക്കുമില്ലാതെ സ്വച്ഛന്ദമായി പ്രകൃതിഭംഗിയാൽ ചുറ്റപ്പെട്ട സങ്കേതമായി മലമുകളിലെ മൈതാനവും ക്ഷേത്രവും നാറാണത്തുഭ്രാന്തന്റെ പ്രതിമയും നിലനിൽക്കുന്നു.
Post Your Comments