ന്യൂഡല്‍ഹി: 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി നടത്തുന്ന അണിയറ നീക്കങ്ങള്‍ പരസ്യമായി. എല്ലാവരേയും ഞെട്ടിക്കുന്ന തീരുമാനമാണ് ബി.ജെ.പി കൈക്കൊള്ളുക എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. എന്‍.ഡി.എയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങുന്ന സാഹചര്യത്തില്‍ എന്ത് വില കൊടുത്തും വിജയിക്കാനുള്ള ശ്രമത്തിലാണ് അമിത് ഷായും കൂട്ടരും. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2014ല്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ സീറ്റില്‍ നിന്നും വിജയിച്ചാണ് അദ്വാനി ലോക്സഭയിലെത്തിയത്. പ്രധാനമന്ത്രി പദത്തിനായി അവകാശം ഉന്നയിച്ചിരുന്നെങ്കിലും നരേന്ദ്ര മോദിയുടെ കടന്ന് വരവോടെ അദ്വാനി മാറ്റി നിര്‍ത്തപ്പെടുകയായിരുന്നു. പാര്‍ട്ടിയിലെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും പുറത്തായ അദ്വാനിക്കും ജോഷിക്കുമായി പുതിയൊരു ഉപദേശക സമിതി മാര്‍ഗ് ദര്‍ശക് മണ്ഡല്‍ പാര്‍ട്ടി രൂപികരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ് എന്നിവരായിരുന്നു ഇരുവരെയും കൂടാതെ സമിതിയിലെ അംഗങ്ങള്‍. എന്നാല്‍ ഇതുവരെ സമിതിയുടെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല.
പ്രായാധിക്യം കാരണം സ്ഥാനാര്‍ത്ഥികളെ മാറ്റി നിര്‍ത്തുന്നതില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവ് നല്‍കണമെന്ന് നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി.ഡി.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എന്‍.ഡി.എ വിട്ടതും ശിവസേന ഇടഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ബി.ജെ.പി.
Post Your Comments