കുമളി: വീട്ടില്‍നിന്നു കാണാതായ സഹോദരങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ആനക്കുഴി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അനീഷ്-ഇസാക്കിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത്(8), ലക്ഷ്മിപ്രിയ (6) എന്നിവരെയാണു ശനിയാഴ്ച പുതുവലില്‍ ഏലത്തോട്ടത്തിലെ പടുതാകുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മുങ്ങിമരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും.
എന്നാല്‍ തുടരന്വേഷണത്തിനു മുതിരാതെ കേസ് അവസാനിപ്പിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് ആക്ഷേപിച്ച് കുട്ടികളുടെ പിതാവ് അനീഷും നാട്ടുകാരും രംഗത്തെത്തിയതോടെ ഇന്നലെ രാവിലെ നിശ്ചയിച്ചിരുന്ന സംസ്കാരച്ചടങ്ങുകളും വൈകി. എച്ച്.എം.എല്‍. പൊതുശ്മശാനത്തില്‍ സംസ്കരിക്കാനാണ് നിശ്ചയിച്ചിരുന്നത്. സംഭവത്തില്‍ തുടരന്വേഷണം നടത്താമെന്ന ഉറപ്പു ലഭിക്കാതെ സംസ്കാരച്ചടങ്ങുകള്‍ നടത്തേണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും തീരുമാനിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഇ.എസ്. ബിജിമോള്‍ എം.എല്‍.എയും ഇതേ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് 11 മണിയോടെ സ്ഥലത്തെത്തിയ കട്ടപ്പന ഡി.വൈ.എസ്.പി: എം.സി. രാജ്മോഹനുമായി ജനപ്രതിനിധികള്‍ ചര്‍ച്ച നടത്തുകയും കേസെടുത്ത് അന്വേഷണം നടത്താമെന്ന് ഡി.വൈ.എസ്.പി. ഉറപ്പുനല്‍കുകയും ചെയ്തു. സംശയമുള്ളവരുടെ മൊബൈല്‍ ഫോണ്‍കോളുകള്‍ നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും മൃതദേഹം കണ്ടെത്തിയ പടുതാക്കുളത്തിലെ വെള്ളം വറ്റിച്ച് പരിശോധന നടത്തുകയും ചെയ്യുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ ഉറപ്പു നല്കി. ഇക്കാര്യം ജനങ്ങളെ അറിയിച്ചശേഷമാണ് സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ബിജിമോള്‍ എം.എല്‍.എയും പറഞ്ഞു.
Post Your Comments