ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ തീരുമാനം. നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയാകാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്ത് വന്നിരിക്കുകയാണ്. വിവാദങ്ങള്‍ക്കുള്ള മറുപടി നാഗ്പുരില്‍ പറയാമെന്നു പ്രണബ് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നു വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണു വിശദീകരണം.
‘എനിക്കെന്താണോ പറയാനുള്ളത് അതു നാഗ്പുരില്‍ പറയും. ഒരുപാടു കത്തുകളും ഫോണ്‍ കോളുകളും വന്നിട്ടുണ്ട്. ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല’- പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിഷയത്തിനു രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്നും നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.
പ്രണബിന്റെ തീരുമാനത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാനില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും യോജിച്ചു വിയോജിച്ചും നേതാക്കള്‍ രംഗത്തു വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നു ജയറാം രമേശ്, സി.കെ.ജാഫര്‍ ഷെരീഫ്, രമേശ് ചെന്നിത്തല, അദിര്‍ ചൗധരി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രപതിയായിരുന്ന വേളയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഒന്നിലേറെ തവണ പ്രണബ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിസ്ഥാനത്തുണ്ടായിരുന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു പാര്‍ട്ടിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Post Your Comments