Latest NewsGulf

പ്രതീക്ഷകൾ തകർന്ന് ജീവിതം ദുരിതത്തിലായ മലയാളി യുവാവ് ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

ദമ്മാം•കുടുംബത്തിന്റെ പ്രാരാബ്ധം ഇല്ലാതാക്കാൻ പ്രവാസജോലിയ്‌ക്കെത്തിയിട്ട്, പ്രതീക്ഷകൾ തകർന്ന് ജീവിതം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മലപ്പുറം അരീക്കോട് സ്വദേശി സഫ്‌വാൻ കരിക്കാടൻ പൊയിൽ (26 വയസ്സ്) ആണ് പ്രവാസത്തിന്റെ കഷ്ടപ്പാടുകൾ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് സഫ്‌വാൻ ദമ്മാമിലെ ഒരു വീട്ടിൽ ഹൌസ്ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. കിഡ്‌നി രോഗം കാരണം ജോലിയ്ക്ക് പോകാൻ കഴിയാത്ത വാപ്പയ്ക്ക് പകരം, ഉമ്മയും, രണ്ട് അനുജന്മാരും, രണ്ടു സഹോദരിമാരും ഉൾപ്പെടുന്ന വലിയൊരു കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വന്തം തോളിലേറ്റിയാണ് സഫ്‌വാൻ പ്രവാസജോലിയ്ക്ക് പോകാൻ തീരുമാനിച്ചത്. താമരശ്ശേരിയിലെ ദുബായ് ട്രാവൽസെന്ന ഏജൻസിയ്ക്ക് എഴുപതിനായിരം രൂപ നൽകിയാണ് സഫ്‌വാൻ വിസ കരസ്ഥമാക്കിയത്.

ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളുമായി ജോലിയ്ക്ക് എത്തിയ സഫ്‌വാന് നേരെ വിപരീതമായ അനുഭവങ്ങളാണ് ജോലിസ്ഥലത്ത് നേരിടേണ്ടി വന്നത്. വൃദ്ധനായ സ്പോൺസർ നിസ്സാരകാര്യങ്ങൾക്ക് പോലും ശകാരിയ്ക്കുകയും, ദേഷ്യം കൂടുമ്പോൾ തന്റെ മുഖത്ത് അടിയ്ക്കുകയും ചെയ്യുമായിരുന്നെന്ന് സഫ്‌വാൻ പറയുന്നു. നാട്ടിലെ കുടുംബത്തിന്റെ ദയനീയാവസ്ഥ ഓർത്ത് സഫ്‌വാൻ എല്ലാം സഹിച്ചു ജീവിയ്ക്കാൻ ശ്രമിച്ചു. എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും സ്പോൺസർ ശമ്പളമൊന്നും കൊടുത്തില്ല. അതിനെപ്പറ്റി ചോദിച്ചപ്പോൾ, സ്‌പോൺസറും, പ്രായമായ ആണ്മക്കളും സഫ്‌വാനെ ക്രൂരമായി മർദിച്ചു. ആരോട് പരാതി പറയണമെന്ന് പോലുമറിയാതെ സഫ്‌വാൻ ആകെ ദുരിതത്തിലായി.

സാധനം വാങ്ങാൻ പോകുന്ന കടകളിൽ വെച്ച് പരിചയപ്പെട്ട ഫിറോസ്, ഹംസ എന്നിവരോട് സഫ്‌വാൻ തന്റെ അവസ്ഥ തുറന്നു പറഞ്ഞു. അവർ പറഞ്ഞത് അനുസരിച്ച്, നവയുഗം സാംസ്ക്കാരികവേദി രക്ഷാധികാരിയും ജീവകാരുണ്യപ്രവർത്തകനുമായ ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ഷാജി മതിലകം, സഫ്‌വാനെക്കൊണ്ടു പോയി ലേബർ ഓഫീസിൽ, സ്പോണ്സർക്കെതിരെ പരാതികൊടുത്തു. ഷാജി മതിലകത്തിന്റെ അഭ്യർത്ഥന മാനിച്ച്, ലേബർ ഓഫിസർ സ്‌പോൺസറെ വിളിച്ചു വരുത്തി വിചാരണ നടത്തി. സ്പോൺസർ ഗുരുതരമായ തൊഴിൽനിയമലംഘനങ്ങൾ നടത്തിയെന്ന് ബോധ്യമായ ലേബർ ഓഫിസർ, സഫ്‌വാന് രണ്ടുമാസത്തെ കുടിശ്ശിക ശമ്പളവും, ഫൈനൽ എക്സിറ്റ് അടിച്ച പാസ്‌പോർട്ടും നൽകാൻ ഉത്തരവിട്ടു.

അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, ജെറ്റ് എയർവേയ്‌സ് വിമാനത്തിൽ സഫ്‌വാൻ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Post Your Comments


Back to top button