തിരുവനന്തപുരം: ഡിജിപിയുടെ കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ പദവിയിൽ ബി.എസ്.മുഹമ്മദ് യാസിന്റെ നിയമനം വിവാദത്തില്‍. കേഡർ തസ്തികകളിൽ ഡിജിപി റാങ്കിലുള്ളവരെത്തന്നെ നിയമിക്കണമെന്നാണു കേന്ദ്ര നിർദേശം. നിലവിൽ സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും രണ്ടു കേഡർ തസ്തികകളും രണ്ടു എക്സ് കേഡർ തസ്തികളുമാണു ഡിജിപി പദവിയിൽ കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്.
കേഡർ തസ്തികയിൽ ഡിജിപി റാങ്കിലുള്ളവരെ പുറത്തുനിർത്തി മറ്റാരെയും നിയമിക്കരുതെന്നു കേന്ദ്രം നേരത്തെ സംസ്ഥാന സർക്കാരിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കഴിഞ്ഞ സർക്കാർ എൻ.ശങ്കർ റെഡ്ഡിയെ ഇത്തരത്തിൽ നിയമിച്ചപ്പോഴായിരുന്നു അത്. ഡിജിപിമാരായ ഋഷിരാജ് സിങ്ങിനെയും ഹേമചന്ദ്രനെയും മറികടന്നാണു മുഹമ്മദ് യാസിനെ വിജിലൻസ് ഡയറക്ടറാക്കിയത്. ഉത്തരവിൽ വിജിലൻസ് ഡയറക്ടറുടെ കേഡർ തസ്തിക മാറ്റിയിട്ടുമില്ല. ജേക്കബ് തോമസ് സസ്പെൻഷനിലായതിനാൽ പരിഗണിക്കേണ്ടതില്ല.
എന്നാൽ ആറു മാസത്തേക്കു താൽക്കാലികമായി ഇത്തരത്തിൽ നിയമനം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. യാസിന് അടുത്ത ഫെബ്രുവരി വരെ മാത്രമേ സർവീസുള്ളൂ. അതിനിടെ ഈ പദവിക്ക് അർഹരായ ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലോ മറ്റാരെങ്കിലും ഹൈക്കോടതിയിലോ ഈ നിയമനത്തെ ചോദ്യം ചെയ്താൽ സർക്കാർ പ്രതിരോധത്തിലാകും. എന്നാൽ കേന്ദ്ര ഡപ്യൂട്ടേഷനു തയാറായി നിൽക്കുന്ന ഋഷിരാജ് സിങ്ങിനും അഗ്നിശമനസേനാ മേധാവിയായ എ.ഹേമചന്ദ്രനും അതിനു താൽപര്യമില്ലെന്നാണു സൂചന.
Post Your Comments