തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ കുത്തഴിഞ്ഞതോടെ രാഷ്ട്രീയ പിന്തുണയോടെ നാട്ടുരാജാക്കന്മാരെപ്പോലെ വിലസുകയാണ് ക്രമസമാധാന പാലകരാകേണ്ട പോലീസുകാർ. ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട എസ്.ഐമാര്‍ കേസുകളും പണമിടപാടുകളും തീര്‍പ്പാക്കിക്കൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ പൂഴ്ത്തുന്നു. ഉന്നതബന്ധങ്ങളുള്ള ഇവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടാവാറില്ല.
196 സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാരായി ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചതോടെ എസ്.ഐമാര്‍ക്ക് മേലുള്ള മേല്‍നോട്ടത്തിന്റെ ഒരു തട്ട് ഇല്ലാതായി. ഇന്സ്പെക്ടര്മാരാവട്ടെ അധികാരം പരിമിതപ്പെടുത്തിയതിന്റെ ദേഷ്യത്തിലുമാണ്. ഈ സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർക്കും ഡിവൈ.എസ്.പിമാർക്കും കൂടുതൽ ചുമതലയേൽക്കേണ്ടിവന്നു. അതോടെ സ്റ്റേഷനുകളിലേക്ക് മേലുദ്യോഗസ്ഥർ എത്താതെയായി. അതോടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനും ആരും ഇല്ലാതായതോടെ എസ്.ഐമാര്‍ അധികാരദുര്‍വിനിയോഗം നടത്താൻ കാരണവുമായി.
പ്രധാന പദവികളിലെല്ലാം ജനങ്ങളുമായി ബന്ധമില്ലാത്ത അന്യസംസ്ഥാന ഉദ്യോഗസ്ഥരെ നിയമിച്ചു. റേഞ്ച് ഐ.ജിമാരില്‍ ഒരാളൊഴികെയുള്ളവര്‍ അഴിമതി, കസ്റ്റഡിമരണക്കേസുകളില്‍ ആരോപണ വിധേയരാണ്. ഡി.ജി.പിമാര്‍ പുറത്തുനില്ക്കുമ്പോള്, ലോക്കല്‍ പോലീസിംഗില്‍ പരിചയക്കുറവുള്ള എ.ഡി.ജി.പി അനില്‍കാന്ത് ഉത്തര, ദക്ഷിണ മേഖലകളുടെ ചുമതല വഹിക്കുന്നു.
പോലീസും വിവിധ രാഷ്ട്രീയ നേതാക്കളും കൂട്ടായ ആലോചനയിലൂടെ പരിഹാരമുണ്ടാക്കുന്നത് ഇല്ലാതായി. ഡി.ജി.പിക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം ഉത്തരവാദിത്വം എന്ന നിലയിലായി കാര്യങ്ങൾ . താഴേതട്ടുവരെ പിടിമുറുക്കാന്‍ ഡി.ജി.പിക്ക് കഴിയാതെ വരുന്നു. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നത് ചീഫ്സെക്രട്ടറി റാങ്കിലുള്ള ഉപദേശകന് രമണ്‍ ശ്രീവാസ്തവ, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഡി.ജി.പി ടോമിന് തച്ചങ്കരി എന്നിവരാണ്. അഴിമതിക്കേസില്‍ കുടുങ്ങിയവരടക്കമുള്ള എസ്.പിമാരാണ് ഇവര്‍ക്കു പിന്നില്‍. പ്രധാന നിയമനങ്ങളില്‍ ഉള്‍പ്പെടെ ത്രിമൂര്‍ത്തികളുടെ ഉപദേശമാണ് സര്‍ക്കാരിനെ വഴിതെറ്റിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടം ഭയന്ന് പോലീസിനെതിരായ പരാതികള്‍ ഒതുക്കുന്നത് വ്യാപകമായിട്ടുണ്ട്.
Post Your Comments