India

വൻകിട ബാങ്കുകൾ ഒളിപ്പിച്ച കിട്ടാക്കടം 45,680 കോടി

മുംബൈ : റിസര്‍വ് ബാങ്കിനു രാജ്യത്തെ അഞ്ചു പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ കണക്കില്‍ ഒളിപ്പിച്ച കിട്ടാക്കടം കണ്ടെത്തി. വൻകിട ബാങ്കുകളിൽ നിന്ന് 45,680 കോടി രൂപയാണ് കിട്ടാക്കടമായി കണ്ടെത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഡിറ്റിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ കൂട്ടത്തിൽ പെടാത്ത ഐ.ഡി.ബി.ഐ. ബാങ്കിലേതുകൂടി പരിഗണിച്ചാല്‍ തുക ഇനിയുമുയരും. ഐ.ഡി.ബി.ഐ. കണക്കാക്കിയതിലും അധികമായി 10,280 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 31- വരെയുള്ള കണക്കുകളില്‍ റിസര്‍വ് ബാങ്ക് നടത്തിയ ഓഡിറ്റിങ്ങിലാണ് ബാങ്കുകള്‍ക്ക്‌ വന്‍നഷ്ടം വരുന്ന കണക്ക്‌ കണ്ടെത്തിയിരിക്കുന്നത്. കടക്കെണിയില്‍പ്പെട്ട് പ്രതിസന്ധിയിലായ ബാങ്കുകളെ സഹായിക്കാന്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക്‌ 2.17 ലക്ഷം കോടി രൂപ മൂലധനമായി കേന്ദ്രസര്‍ക്കാര്‍ നല്‍കാനിരിക്കെയാണിത്.

ഗണ്യമായ തോതിലുള്ള വെളിപ്പെടുത്താത്ത കിട്ടാക്കടമാണ്‌ ബാങ്കിങ് മേഖലയ്ക്ക് ഇരട്ടപ്രഹരമായതെന്ന്‌ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം, രാജ്യത്തെ 22 പൊതുമേഖലാ ബാങ്കുകളില്‍ പാതിയും റിസര്‍വ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്ടീവ് ആക്‌ഷന്‌ (പി.സി.എ.) കീഴിലാണ്. പി.സി.എ. പട്ടികയിലുള്ള ബാങ്കുകള്‍ക്ക്‌ വന്‍തുക വായ്പ നല്‍കുന്നതിനും ഓഹരിയുടമകള്‍ക്ക്‌ ലാഭവീതം നല്‍കുന്നതിനും പുതിയ നിയമനങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

അതിനാല്‍ ബാങ്കിന്റെ മൂലധനാടിത്തറ ദുര്‍ബലമായാല്‍ പി.സി.എ. പ്രകാരമുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് ഈ വര്‍ഷം മുതല്‍തന്നെ ബാങ്കുകൾക്ക് ഏര്‍പ്പെടുത്തിത്തുടങ്ങും. അത്‌ രാജ്യത്തെ ഏറ്റവും നിര്‍ണായകമേഖലയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നയിക്കും. ഈ സാഹചര്യം അതിജീവിക്കാന്‍ ഏറെ പ്രയാസമാണെന്ന്‌ പി.സി.എ.യ്ക്കുകീഴിലുള്ള ചില ബാങ്കുകള്‍ പറയുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ബാങ്ക് കിട്ടാക്കടത്തിലെ വര്‍ധന (കോടി രൂപയില്‍)

എസ്.ബി.ഐ. 23,240

ബാങ്ക് ഓഫ് ബറോഡ 2,920

കനറാ ബാങ്ക് 3,250

ബാങ്ക് ഓഫ് ഇന്ത്യ 14,060

പി.എന്‍.ബി. 2,210

ഐ.ഡി.ബി.ഐ. ബാങ്ക് 10,280

shortlink

Related Articles

Post Your Comments

Related Articles


Back to top button