കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധയുടെ ഉറവിടം സ്ഥിരീകരിക്കാനാകാതെ അധികൃതര്‍. നിപ്പാ വൈറസ് ബാധ പരത്തുന്നത് വവ്വാലുകളാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുവരെ അധികൃതര്‍ അത് സ്ഥിരീകരിച്ചിരുന്നില്ല. നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സമീപപ്രദേശങ്ങളിലെ വവ്വാലുകളുടെ സാമ്പിള്‍ ശേഖരണം നടത്താനായിരുന്നു അധികൃതരുടെ തീരുമാനം.
എന്നാല്‍ ഇപ്പോള്‍ വവ്വാലുകളുടെ സാമ്പിള്‍ പരിശോധന പ്രതിസന്ധിയിലായിരിക്കുകയാണ്. തുടര്‍ച്ചയായുണ്ടാകുന്ന മഴയാണ് വവ്വാലുകളുടെ സാമ്പിള്‍ ശേഖരണത്തിന് വിലങ്ങുതടിയാകുന്നത്. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും ശേഖരണം തുടരുമെന്നും ശേഖരിച്ച സാമ്പിളുകള്‍ തിങ്കളാഴ്ച തന്നെ ലാബുകളിലേക്ക് അയയ്ക്കാന്‍ ശ്രമിക്കുമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി ഇന്നലെ മരണപ്പെട്ടിരുന്നു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലാഴി വടക്കേ നാരാട്ട് കലവാണിഭവന്‍ പറമ്പില്‍ അബിന്‍ (26) ആണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. ഇതോടെ നിപ സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഇതില്‍ പത്തുപേരും കോഴിക്കോട് ജില്ലക്കാരാണ്. മൂന്നുപേര്‍ മലപ്പുറംജില്ലക്കാരും.
ഓട്ടോഡ്രൈവറായ അബിന് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുകയാണ്. അബിന് പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിപ ബാധിതരുമായി എങ്ങനെയോ സമ്പര്‍ക്കമുണ്ടായിട്ടുണ്ടെന്നാണ് സംശയമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍. സരിത പറഞ്ഞു.
മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പോയപ്പോള്‍ വൈറസ് ബാധിച്ചെന്നാണ് ബന്ധുക്കളുടെ സംശയം. എന്നാല്‍, ഫെബ്രുവരി ആദ്യം ഒരു ഗൃഹപ്രവേശത്തിനാണ് അബിന്‍ അവസാനമായി പേരാമ്പ്രയില്‍ പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അബിന് നിപ സ്ഥിരീകരണത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന അമ്മ, അടുത്തിടപഴകിയ പേരാമ്പ്ര സ്വദേശികളായ ബന്ധുക്കള്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് രോഗബാധയില്ലെന്നും പരിശോധനയില്‍ വ്യക്തമായി.
രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലായിരുന്ന കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍പേരെ നിരീക്ഷിക്കാനായി ആരോഗ്യവകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കും. ഇതിനായി ആശ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ പരിശീലനം നല്‍കും. 77 രക്ത പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ 15 എണ്ണം മാത്രമാണ് പോസീറ്റീവ്. ബാക്കി 62 എണ്ണം നെഗറ്റീവാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിപ്പാ വൈറസിന്റെ സാന്നിധ്യമറിയാന്‍ വവ്വാലുകളിലുള്ള പരിശോധന തുടരുകയാണ്.
Post Your Comments