ആറ്റു നോറ്റിരുന്നുണ്ടായ കണ്മണിയുടെ പിഞ്ചു മുഖത്തുണ്ടായ ആ പാടുകള്‍ അമ്മയുടെ ഹൃദയത്തിലെ മുറിപ്പാടുകളായിരുന്നു. ആ നീറ്റലിന്റെ ഇടയ്ക്ക് ആശ്വാസം കണ്ടെത്താന്‍ ആ അമ്മ കാട്ടിയത് നാമേവരുടെയും കണ്ണു നിറയ്ക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിലുള്പ്പടെ ഏറ്റവുമധികം വൈറലായ പേരാണ് കരോളിന്റെയും മകന് എന്‍സോയുടേയും. സിസേറിയനിലൂടെ ജനിച്ച എന്‍സോ കഴുത്തില്‍ അപകടകരമായ രീതിയില്‍ പൊക്കിള്‍കൊടി ചുറ്റിയ നിലയിലായിരുന്നു ജനിച്ചത്. ഒരു വര്‍ഷം മുന്‍പാണ് എന്‍സോയുടെ ജനനം. കുഞ്ഞിന് ആരോഗ്യത്തിന് കുഴപ്പമൊന്നും ഇല്ലായിരുന്നെങ്കിലും ഇടത് കണ്ണും നെറ്റിയുടെ പാതി ഭാഗവും മൂടിയ ബര്‍ത്ത് മാര്‍ക്ക് ആ അമ്മയുടെ നെഞ്ചില്‍ നീറ്റലായി. പുറത്ത് കുഞ്ഞുമായി പോകുമ്പോള്‍ കുഞ്ഞിന്റെ മേലുള്ള എല്ലാവരുടേയും തുറിച്ചു നോട്ടം ആ നീറ്റലിന്റെ ആഴവും കൂട്ടി. വിദഗ്ധമായ പരിശോധനകള്‍ നടത്തിയപ്പോള്‍ ആ പാടുകള്‍ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നും വ്യക്തമായി. പക്ഷേ ആളുകള്‍ തന്റെ പിഞ്ചോമനയെ തുറിച്ചു നോക്കുന്നതില്‍ അമ്മയുടെ ഉള്ള് നീറുകയായിരുന്നു. കണ്ണാടിയില്‍ തന്റെ മുഖം കാണുമ്പോള്‍ കുഞ്ഞിന്റെ വാടിയ മുഖവും കരോളിനെ തളര്‍ത്തി.
തന്റെ കുഞ്ഞ് അനുഭവിക്കുന്നത് തനിക്കും ഒരു ദിനമെങ്കിലും അറിയണമെന്നുള്ള തീരുമാനം കരോളിനെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മുന്നിലെത്തിച്ചു. മകന്റെ മുഖത്തെ പാടുകള്‍ പോലെ തന്നെ തന്റെ മുഖത്തും വരച്ചു. കുഞ്ഞിനെ അത് കാട്ടി സന്തോഷപ്പിച്ചു. ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി. അന്നേ ദിവസം ഓഫിസിലും പുറത്ത് ചുറ്റാനും അതേ രൂപത്തില്‍ തന്നെ ഇരുവരും പോയി. മുന്‍പ് ആ അമ്മയേയും കുഞ്ഞിനേയും കണ്ടവര്‍ക്ക് അതൊരു ഓര്‍മ്മപ്പെടുത്തലായിരുന്നു. മാതൃവാത്സല്യം എന്ന ആഴത്തിന്റെ. താന്‍ എടുത്ത ചിത്രങ്ങള്‍ ഭാവിയില്‍ അവനു വേണ്ടി സൂക്ഷിയ്ക്കുമെന്ന് കരോളിന് പറയുന്നു. മുഖത്തെ പാടുകള്‍ മാതൃത്വത്തിന്റെ മഹിമയും ദൈവത്തിന്റെ കയ്യൊപ്പുമായി കരോളിന് കാണുന്നു. ദൈവികതയുടെ പ്രതിരൂപമായ ഈ അമ്മയ്ക്കും മകനും സര്‍വ്വ വിധ ആശംസകളും നമുക്ക് നേരാം.
Post Your Comments