
തിരുവനന്തപുരം: കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് യുപിയിലെ ഡോക്ടറായ കഫീല്‍ ഖാന്റെ കേരളത്തിലേക്കുള്ള വരവ് നിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). കഫീല്‍ ഖാന് നിപ്പ വൈറസ് രോഗബാധിതര്‍ക്കിടയില്‍ സേവനമനുഷ്ഠിക്കാന്‍ കേരളത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ കഫീല്‍ ഖാന്റെ സേവനം നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഎംഎ.
മാത്രമല്ല, കഫീല്‍ ഖാന് കേരളത്തിലേക്ക് വരുന്നത് മെഡിക്കല്‍ ആവശ്യത്തിനല്ലെന്നും രാഷ്ട്രീയ ആവശ്യമായിരിക്കാമെന്നും അത് അദ്ദേഹത്തിന് അറിയാമെന്നും അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ എന്‍ സുല്‍ഫി വ്യക്തമാക്കി. കേരളത്തിലെ ആരോഗ്യമേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്നാണ് ഡോക്ടര്‍ എന്‍ സുല്‍ഫി പറയുന്നത്. അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് സംസ്ഥാനം നിപ്പയെ നേരിട്ട രീതിയാണ്.
പുതിയ രോഗങ്ങളെ കണ്ടെത്താല്‍ മറ്റ് രാജ്യങ്ങള്‍ നിരവധി മാസങ്ങളെടുത്തപ്പോള്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിപ്പയെ പിടികൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഏതൊരു പൗരനെപ്പോലെയും രാജ്യത്തിന്റെ ഏത് കോണിലും ജോലി ചെയ്യാനുള്ള അവകാശം കഫീല്‍ ഖാനുമുണ്ട്. എന്നാല്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് കഫീല്‍ഖാന്റെ ചികിത്സാ പരിശീലനം ഒരു തരത്തിലും ആവശ്യമില്ല. അദ്ദേഹത്തിനേക്കാളും പതിന്മടങ്ങ് ചികിത്സാ പ്രാവീണ്യമുള്ളവരാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍. അദ്ദേഹത്തിന് ഇങ്ങോട്ട് വരാം, ഞങ്ങളില്‍ നിന്ന് പഠിക്കാം’- ഡോക്ടര്‍ എന്‍ സുല്‍ഫി പറഞ്ഞു.
Post Your Comments