കൊല്ലം: റേഷന്‍കടകളിലെ ഇ-പോസ് തട്ടിപ്പിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തട്ടിപ്പ് കണ്ടെത്തിയ കൊല്ലത്തെ പത്ത് കടകളുടെ ലൈസന്‍സ് റദ്ദാക്കിയെങ്കിലും ക്രമക്കേട് ഇപ്പോഴും തുടരുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലെത്തുന്നത് തടയാന്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ച ഒന്നാണ് ഇപോസ് മെഷീന്‍. കാര്‍ഡുടമ അല്ലെങ്കില്‍ അംഗങ്ങള്‍ എത്തി ഇപോസ് മെഷീനില്‍ കൈവിരല്‍ പതിച്ചാലേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്നാണ് പുതിയ നിയമം.
എന്നാല്‍ ഈ മെഷീനിലെ പഴുതുകള്‍ മുതലാക്കി വ്യാപാരികള്‍ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നു. കൊല്ലത്തെ റേഷന്‍ കടകളില്‍ ഇപോസ് മെഷീനുകള്‍ ഉണ്ടെങ്കിലും അത് ഉപയോഗിക്കാറില്ല എന്നതാണ് സത്യാവസ്ഥ. ആര്‍ക്കും എപ്പോഴും റേഷന്‍ സാധനങ്ങള്‍ സുലഭമായി വാങ്ങാന്‍ സാധിക്കും.സ്ഥിരമായി റേഷന്‍വാങ്ങാന്‍ വരാത്തവരുടെയും ശാരീരിക അവശതകള്‍ കാരണം കടകളിലെത്താന്‍ സാധിക്കാത്തവരുടെയും റേഷനാണ് കടക്കാര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.
റേഷന്‍കാര്‍ഡ് നമ്പര്‍ മെഷീനില്‍ അടിക്കുമ്പോള്‍ ഉപഭോക്താക്കളുടെ പേര് വിവരം തെളിയും. പിന്നീട് അംഗത്തിന്റെ കൈവിരല്‍ പതിക്കാന്‍ ആവശ്യപ്പെടും. ഇത് ക്യാന്‍സല്‍ ചെയ്ത് കടക്കാരന്‍ മൂന്ന് തവണ കൈവിരല്‍ അമര്‍ത്തുകയാണെങ്കില്‍ വിഹിതം തെളിയും. ഒന്ന് കൂടി അമര്‍ത്തി ബില്ലടിച്ച് സാധനങ്ങളെടുക്കാം. ഈ രീതിയാണ് കൂടുതല്‍ വ്യാപാരികളും പിന്തുടരുന്നത്.
Post Your Comments