Article

ധ്യാനത്തില്‍ ഏകാഗ്രമായിരിക്കാം ഈ പുണ്യ നാളുകളില്‍

തോമസ്‌ ചെറിയാന്‍.കെ

റമദാന്‌റെ നാളുകള്‍ ആഗതമായി. മനസും ശരീരവും തിരുസന്നിധിയില്‍ അര്‍പ്പിച്ച് പുണ്യത്തിന്‌റെ വിശുദ്ധിയെ തേടിയുളള പ്രയാണമാണ് വിശുദ്ധ നോമ്പിലെ ഓരോ നിമിഷവും. പ്രാര്‍ത്ഥനകള്‍ മുഴങ്ങുന്നത് പോലെ തന്നെ പ്രധാനമാണ് ഏകാഗ്രമായുള്ള ധ്യാനവും. അതില്‍ അലിഞ്ഞിരിക്കുമ്പോള്‍ നാം ശാന്തിയെന്ന അനുഭൂതിയിലേക്ക് കടക്കും. പ്രാര്‍ത്ഥന പോലെ തന്നെ മനസിനെ തേജസിന്‌റെ മൂടുപടമണിയിക്കുന്ന ഒന്നാണ് ധ്യാനം. നോമ്പിന്‌റെ നാളുകളില്‍ പ്രാര്‍ത്ഥനകളോടൊപ്പം ഒറ്റയ്ക്കുള്ള ധ്യാനത്തിനും നാം പ്രാധാന്യം കൊടുക്കണം. നമ്മുടെ ചിന്താ ചക്രവാളങ്ങള്‍ക്കപ്പുറമുള്ള ശക്തിയെ ആഗീകരിക്കുന്ന കാര്യം കൂടിയാണ് ധ്യാനമെന്നത്. അതില്‍ നിന്നും നമ്മിലേക്ക് ലഭിക്കുന്നത് ഏറ്റവും ദൈവികമായ അനുഭവമാണ്. മസസ് ശരീരം എന്നിവയ്ക്ക് ഒരു പോലെ സമാധാനപൂര്‍വ്വമായ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്. ആ അനുഭവത്തെ സ്ഥിരമായി നിലനിര്‍ത്തുക എന്നതും ഏറെ പ്രധാനമായ സംഗതിയാണ്. എത്രത്തോളം കൃത്യതയോടെ ധ്യാനനിരതനായി ഇരിക്കാന്‍ സാധിക്കുന്നുവോ അത്രയും ആത്മീയ അനുഭവം നമ്മിലേക്ക് എത്തിച്ചേരും. നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുന്ന കാര്യം കൂടിയാണത്.

പ്രവാചകന്മാരും പുരോഹിതരും എന്തിന് പ്രാര്‍ഥനയില്‍ അല്ലാഹുവിനെ തിരിച്ചറിഞ്ഞ ഏവരും ധ്യാനത്തില്‍ മുഴുകി ആത്മീയ ദര്‍ശനം നേടിയതായി വിശുദ്ധ ഖുറാന്‍ നമ്മെ ഓര്‍പ്പിപ്പിക്കുന്നു. അല്ലാഹുവിന്‌റെ കടന്നു വരവ് ധ്യാനത്തിലൂടെ നമുക്ക് തിരിച്ചറിയുവാന്‍ സാധിക്കും. ധ്യാനമെന്നത് ആത്മീയതയെ മാത്രമല്ല ശരീരത്തിന്‌റെ സര്‍വ്വ അവയവങ്ങളെയും ഗുണകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ധ്യാനം സ്ഥിരമായി ശീലിച്ചയാള്‍ക്ക് മാനസികവും ശാരീരീകവുമായ അസുഖങ്ങള്‍ കുറവായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എത്രത്തോളം നേരം ധ്യാനിച്ചു എന്നതിലല്ല എത്ര മാത്രം ഏകാഗ്രത അതില്‍ ചെലുത്താന്‍ സാധിച്ചു എന്നതിലാണ് ധ്യാനം നടത്തുന്നതിന്‌റെ വിജയം ഒളിഞ്ഞിരിക്കുന്നത്. നോമ്പിന്‌റെ നാളുകളില്‍ ഭക്ഷണം വെടിഞ്ഞ് വ്രത ശുദ്ധിയോടെ ഇരിക്കുന്ന നമ്മുടെ ശരീരവും മനസും ധ്യാനത്തിന് പറ്റിയ ഒന്നാണ്. നോമ്പിന്‌റെ നാളുകളില്‍ ധ്യാനം നടത്തുന്നത് പോലെ മികച്ചൊരു സമയമില്ലെന്ന് നമുക്ക് നിസംശയം പറയാം. ഈ നോമ്പിന്‌റെ നാളുകളില്‍ വ്രതശുദ്ധിയുടെ ചുവടുകള്‍ നാം വയ്ക്കുമ്പോള്‍ ധ്യാനത്തില്‍ അലിയാനും നമുക്ക് ശ്രമിക്കാം. അല്ലാഹുവിന്‌റെ കാരുണ്യം ഈ നോമ്പിന്‌റെ നാളുകളില്‍ നമ്മിലേക്ക് അനുഗ്രഹ വര്‍ഷമായി എത്തിച്ചേരട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button