പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിലെ പനിമരണങ്ങള്‍ക്ക് കാരണം നിപാ വൈറസ് ആണെന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് ഇതുവരെ ഒമ്പത് പേരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഒരു മരണം സ്ഥിരീകരിച്ചത്. നേരത്തെ വൈറസ് ബാധമൂലം മരിച്ചവരെ ശുശ്രൂഷിച്ച നഴ്‌സാണ് ഇന്ന് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനിയാണ് മരിച്ചത്.
പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് നിപാ വൈറസാണ് മരണങ്ങള്‍ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇത് കേരളത്തിലാകെ ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്.
also read: പനി മരണത്തിന് കാരണം നിപാ വൈറസ് എന്ന് സ്ഥിരീകരണം
അതേസമയം പനിയെ നേരിടാനായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചു. വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് പുറമെ ഇരുപത്തിയഞ്ച് പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.
അതേസമയം പനി മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്കാണ് നേരിടുന്നത്. രോഗം പടരുമെന്ന പേടിമൂലം മരിച്ച വീടുകളില്‍ ആരും പ്രവേശിക്കുന്നില്ല. ബന്ധുക്കളും നാട്ടുകാരും എത്തായതോടെ വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്.
Post Your Comments