ബംഗളൂരു: പ്രോടെം സ്പീക്കര്‍ നിയമനത്തില്‍ കപില്‍ സിബലിന് മറുപടിയുമായി സുപ്രീംകോടതി. ആവശ്യം വന്നാല്‍ പ്രോടെം സ്പീക്കര്‍ക്ക് നോട്ടീസ് അയക്കേണ്ടിവരുമെന്നും പ്രോടെം സ്പീക്കറായ കെ.ജി ബൊപ്പയ്യയുടെ വാദം കേള്‍ക്കാതെ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ബൊപ്പയ്യയുടെ നിയമനം ചോദ്യം ചെയ്താല്‍ വിശ്വാസവോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്ന് കോണ്‍ഗ്രസിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്കി.
മുതിര്‍ന്ന അംഗത്തെ പ്രോ-ടെം സ്പീക്കര്‍ ആക്കാതിരുന്ന സാഹചര്യങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും പ്രായമല്ല സഭയിലെ കാലയളവാണ് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു. കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവേയാണ് കോണ്‍ഗ്രസ് അഭിഭാഷകന് കപില്‍ സിബല്‍ നിയമനത്തെ ചോദ്യം ചെയ്തത്.
ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോടെം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പ്രോടെം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് കെ ജി ബൊപ്പയ്യയെ മാറ്റണം, ഏറ്റവും മുതിര്‍ന്ന അംഗത്തെ ആ സ്ഥാനത്ത് നിയമിക്കണം, സഭയിലെ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണം, സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പമല്ലാതെ ഒന്നും അജണ്ടയില്‍ പാടില്ല തുടങ്ങിവ നിര്‍ദ്ദേശങ്ങളോ ഉത്തരവോ ആയി പുറപ്പെടുവിക്കണം എന്നാണ് അപേക്ഷകളിലെ പ്രധാന ആവശ്യങ്ങള്‍.
Post Your Comments