Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
India

മാപ്പ് അപേക്ഷിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ആറു വര്‍ഷത്തിനും പത്തു മാസത്തിനും ഇടയില്‍ കോപം കൊണ്ട് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മനപ്പൂര്‍വമല്ലെന്നും മാപ്പു ചോദിക്കുന്നു എന്നും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജെ. ചെലമേശ്വര്‍. സുപ്രീംകോടതിയുടെ പടിയിറങ്ങുന്നതിന്റെ തലേദിവസം ജസ്റ്റീസ് ചെലമേശ്വറിനെ വാനോളം പുകഴ്ത്തിയ മുതിര്‍ന്ന അഭിഭാഷകര്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

രണ്ടാം നമ്പര്‍ കോടതി മുറിയില്‍ നിന്ന് ഉച്ചഭക്ഷണത്തിനു പിരിയുന്നതിന് മുന്‍പായാണ് മുതിര്‍ന്ന് അഭിഭാഷകനായ ശാന്തി ഭൂഷന്‍ ജസ്റ്റീസ് ചെലമേശ്വറിനെ പ്രശംസിച്ചത്. മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന എച്ച്.ആര്‍ ഖന്നയോടാണ് ശാന്തി ഭൂഷന്‍ ജസ്റ്റീസ് ചെലമേശ്വരെ ഉപമിച്ചത്. ഇവര്‍ രണ്ടു പേരും സുപ്രീംകോടതിയുടെ രണ്ടാം നന്പര്‍ മുറിയിലിരുന്ന് വാദം കേട്ടും വിധി പ്രസ്താവിച്ചും ചീഫ് ജസ്റ്റീസ് ആകാതെ പടിയിറങ്ങിയവരാണ്. തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേയും അദ്ദേഹത്തെ പ്രശംസിച്ചു.

മുതിര്‍ന്ന അഭിഭാഷകരുടെ പ്രശംസയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് ജസ്റ്റീസ് ചെലമേശ്വര്‍ പറഞ്ഞതിങ്ങനെയാണ്: ‘കഴിഞ്ഞ ആറു വര്‍ഷത്തിനും പത്തുമാസത്തിനും ഇടയ്ക്ക് ഞാന്‍ ആരോടെങ്കിലും അകാരണമായി കോപം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മനപൂര്‍വമല്ല, ആരോടും വ്യക്തിപരമായി ഒരു അകല്‍ച്ചയും ഇല്ല. അത് വേണ്ട മുന്‍കരുതലുകള്‍ ഇല്ലാത്തതുകൊണ്ടും ആ സമയത്തെ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടുമാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു’.

ഈ മാസം 22നാണ് ജസ്റ്റീസ് ചെലമേശ്വര്‍ സുപ്രീംകോടതിയില്‍ നിന്നു വിരമിക്കുന്നത്. കോടതി വേനല്‍ അവധിയിലേക്കു പ്രവേശിക്കുന്നതിനാല്‍ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിവസം. കീഴ്‌വഴക്കമനുസരിച്ച് വെള്ളിയാഴ്ച ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലിരുന്ന് അദ്ദേഹം വാദം കേള്‍ക്കും. വിരമിക്കുന്നതിനോടനുബന്ധിച്ചു സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ നല്‍കാനിരുന്ന യാത്ര അയപ്പു ചടങ്ങില്‍ നിന്ന് ജസ്റ്റീസ് ചെലമേശ്വര്‍ വിട്ടു നിന്നത് ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button