ഏതൊരു ശുഭാരംഭത്തിനും മുന്‍പ് വിഘ്നേശ്വരനെ പൂജിക്കുന്നവരാണ് ഹൈന്ദവര്‍. വിഘ്നങ്ങള്‍ മാറ്റുന്ന സര്‍വ്വേശ്വരനായ ഗണപതിയ്ക്ക് ഏറ്റവും ഇഷ്ടമായ വഴിപാടാണ് കറുകമാല. കറുകമാല ഗണപതിക്ക് പ്രിയങ്കരമായതെങ്ങനെ എന്നതിനു പിന്നെ കഥ അറിയാം.
ദേവന്മാരെ ശല്യം ചെയ്തിരുന്ന അനിലാസുരന് എന്ന അസുരനാണ് അതിനു പിന്നില്‍. അതിനെക്കുറിച്ച് പ്രചരിക്കുന്ന ഐതീഹ്യമിങ്ങനെ.. ദുഷ്ടനായ അനലാസുരന്റെ ശല്യത്താല്‍ വലഞ്ഞ ദേവകള്‍ ഗണപതിയെ ശരണം പ്രാപിച്ചു. ഭൂതഗണങ്ങളോടൊപ്പം അനലാസുരനുമായി ഗണപതി യുദ്ധം തുടങ്ങി. എന്നാല്‍ അനലാസുരന് തന്റെ അഗ്നിജ്വാലകള്‍ കൊണ്ട് ഭൂതഗണങ്ങളെ ദഹിപ്പിക്കുന്നത് കണ്ട് കുപിതനായ ഭഗവാന് അനലാസുരനെമുഴുവനായും വിഴുങ്ങി. എന്നാല്‍ അസുരന്റെ ചൂട് മൂലം ഗണപതിയുടെ വയറും ശരീരവും ചുട്ടു പൊള്ളുവാന്‍ തുടങ്ങി. വെള്ളം ഒഴിച്ചും മറ്റും ചൂടാറ്റുവാന്‍ ദേവകള്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം വിഫലമായി. അപ്പോള്‍ അവിടെ എത്തിയ കശ്യപമുനിയും ഋഷിമാരും കറുകപുല്ല് ഭഗവാന്റെ ശിരസ്സിലും ശരീരത്തിലും ചാര്‍ത്തുകയും അതോടെ അഗ്നിശമനം വരുകയും ഗണപതിക്ക് സുഖമാകുകയും ചെയ്തു. അന്നു മുതല്‍ക്ക് ഗണപതിക്ക് ഏറ്റവും പ്രിയങ്കരമായ വഴിപാടായി കറുകമാല ചാര്‍ത്തല്‍ മാറി.
ഉദ്ദിഷ്ട കാര്യസാധ്യത്തിനും തടസ്സ നിവാരണത്തിനും ഗണപതിക്ക് കറുകമാല ചാര്‍ത്തുന്നത് ഏറ്റവും ഗുണകരമാണ്. ഒരു മണ്ഡലകാലം (41 ദിവസം) തുടര്‍ച്ചയായി കറുകമാല ചാര്‍ത്തിക്കുന്നവരുടെ ആഗ്രഹം ഗണപതി തടസ്സം കൂടാതെ സാധിപ്പിക്കും എന്നതാണ് വിശ്വാസം. നാല്പത്തിയൊന്നാം ദിവസം വിശേഷാല്‍ അഷ്ടോത്തര പുഷ്പാഞ്ജലിയും നടത്തുന്നു. ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതും നല്ലതാണ്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന് ഇല്ലാതാക്കുമെന്നാണ് വിശ്വാസം.
Post Your Comments