പാലക്കാട്•മലപ്പുറം എടപ്പാള്‍ തീയറ്ററില്‍ ബാലികയെ 60 കാരനായ വ്യവസായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ 35 കാരിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍. പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവായ യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാലികയുടെ മാതാവുമായി ഏറെ നാളത്തെ ബന്ധമുണ്ടെന്നാണ് മൊയ്തീന്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.
യുവതി ഏറെനാളായി മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു താമസം. കഴിഞ്ഞ 18-നു മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍നിന്നു തൃത്താലയിലേക്കു കൊണ്ടുപോകാന്‍ യുവതി മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഈ യാത്രയ്ക്കിടെയാണ് ഇവര്‍ എടപ്പാള്‍ തീയറ്ററില്‍ സിനിമ കാണാന്‍ കയറിയതും ബാലികയെ ക്രൂരപീഡനത്തിന് ഇരയാക്കിയതും.
തീയറ്റര്‍ ഉടമ സി.സി.ടി.വി ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ഏപ്രില്‍ 26-നു തെളിവുസഹിതം പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്.ഐ: കെ.ജി. ബേബിയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെയും പോസ്കോ നിയമപ്രകാരം കേസെടുക്കും
പീഡനത്തിനിരയായ ബാലികയ്ക്കു പ്ലസ്‌വണിനും ബിരുദത്തിനും പഠിക്കുന്ന രണ്ടുസഹോദരിമാരുണ്ട്. പീഡനത്തിനിരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം സാമൂഹികനീതി വകുപ്പിന്റെ നിര്‍ഭയ ഭവനിലേക്കു മാറ്റി. പ്രതികള്‍ കുട്ടിയുമൊത്തു തീയറ്ററിലെത്തിയ ബെന്‍സ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
മൊയ്തീന്‍കുട്ടിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികളെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് കോടതി പരിസരത്ത് എത്തിച്ചേര്‍ന്നത്. ഇരുവര്‍ക്കും എതിരേ അസഭ്യവര്‍ഷം നടത്തി ജനക്കൂട്ടം രോഷാകുലരായി. ഇവരെ പിന്തിരിപ്പിച്ച് പ്രതികളെ വാഹനത്തില്‍ കയറ്റാന്‍ പോലീസിനു ബലപ്രയോഗം വേണ്ടിവന്നു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും.
മലപ്പുറം ഡി.സി.ആര്‍.പി. ഡി.വൈ..എസ്.പി: ഷാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments