നാദാപുരം : വാട്‌സാപ്പ് സന്ദേശത്തിന്റെ പേരില്‍ പതിനാറുകാരന് ക്രൂര മർദ്ദനം . യു.ഡി എഫ് അനുകൂല വാട്‌സാപ്പ് സന്ദേശത്തിന്റെ പേരിലാണ് അരൂർ കല്ലുമ്പുറത്ത് കൃഷ്ണന്റെ മകൻ സായന്തിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചത്. സംഭവത്തിൽ രജീഷ്, നിധീഷ് എന്നിവർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടല്ലോ എന്ന് പറഞ്ഞാണ് ഇവര്‍ സമീപിച്ചത്. തന്നെ അഭിനന്ദിക്കാനായിരിക്കുമെന്നാണ് സായന്ത് കരുതിയത്. എന്നാൽ ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്. തല്ലിയ വിവരം പുറത്തു പറഞ്ഞാൽ കൂടുതൽ അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ സംഭവം വിദ്യാർഥി വീട്ടിൽ പറഞ്ഞിരുന്നില്ല. രാത്രി പത്തോടെ വേദന കലശലായതിനെത്തുടർന്ന് വീട്ടുകാരോട് കാര്യം പറയുകയും അവർ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
കെഎസ്‌യു പ്രവർത്തകനായ സായന്ത് സിപിഎമ്മുകാർക്കെതിരെ ഫെയ്സ്ബുക്കിൽ വന്ന പോസ്റ്റ് മറ്റുള്ളവർക്ക് അയച്ചു കൊടുത്തതാണ് പ്രകോപനത്തിനു കാരണമെന്നു പറയുന്നു. വെള്ളൂർ കലാപത്തിൽ സിപിഎമ്മുകാർക്കുള്ള പങ്കിനെക്കുറിച്ചാണ് എഫ്ബി പോസ്റ്റ്. എന്നാൽ, സിപിഎമ്മുകാരെ കള്ളന്മാരെന്നു നവമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതു സംബന്ധിച്ച് സായന്തിനോട് ചോദിക്കുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചെന്ന ആരോപണം കള്ളമാണെന്നും ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.
Post Your Comments