Kerala

സ്വകാര്യ ഭാഗങ്ങളില്‍ ആരെയും തൊടാന്‍ അനുവദിക്കരുത് : ആരും വായിച്ച് പോകുന്ന ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലാകുന്നു

തിരുവനന്തപുരം : സ്വകാര്യഭാഗങ്ങളില്‍ ആരെയും തൊടാന്‍ അനുവദിയ്ക്കരുതെന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിവരുകയാണ് ഇപ്പോള്‍. ഇതിനെതിരെ പല ക്യാംപെയ്നുകളും നടക്കാറുണ്ടെങ്കിലും ഒരു ഫലവും കണ്ടിട്ടില്ല എന്ന് വേണം പറയാന്‍. മാതാപിതാക്കള്‍ കുട്ടികളോട് തീര്‍ച്ചയായും പറഞ്ഞ് കൊടുക്കേണ്ട കാര്യമാണ് കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ആരെയും തൊടാന്‍ അനുവദിക്കരുത് എന്നത്. പല മാതാപിതാക്കള്‍ക്കും ഇത്തരം കാര്യങ്ങള്‍ തന്റെ കുട്ടികളോട് എങ്ങനെ പറയണമെന്ന് അറിയില്ല. മറ്റ് ചിലര്‍ക്ക് മടി.

തങ്ങള്‍ക്കു ചുറ്റിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനൊപ്പം ഇത്തരത്തിലുള്ള കാര്യങ്ങള്‍ മാതാപിതാക്കളുമായി തുറന്നു സംസാരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യണം. മാതാപിതാക്കള്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കണമെന്ന് ഡോ. ഷിനു ശ്യാമളന്‍ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഡോ. ഷിനു ശ്യാമളന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങളുടെ കുട്ടികളുടെ ചുണ്ട്, നെഞ്ച്, സ്വകാര്യ ഭാഗങ്ങള്‍, പിറകു വശം എന്നിവിടങ്ങളില്‍ ആരെയും തൊടാന്‍ അനുവദിക്കരുത് എന്നു പറഞ്ഞു കൊടുക്കുക. ഈ കാര്യം കുട്ടികളോട് പറഞ്ഞു കൊടുക്കാത്ത അനേകം രക്ഷകര്‍ത്താക്കള്‍ ഉണ്ട്. അമ്മയല്ലാതെ മറ്റാരെയും അതിന് അനുവദിക്കരുതെന്നും പറയുക. ഡോക്ടര്‍ക്ക് പോലും പരിശോധനയുടെ ഭാഗമായി ആ ഭാഗങ്ങളില്‍ തൊടാന്‍ അമ്മയുടേയോ ,അച്ഛന്റെയോ സാന്നിധ്യത്തില്‍ മാത്രമേ പാടുള്ളൂ.

മറ്റാരെങ്കിലും ഈ ഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ ഉറക്കെ ‘തൊടരുത്’ ‘ഓടിവരണേ’ ‘രക്ഷിക്കണേ’ എന്നൊക്കെ പറയുക. സ്വകാര്യഭാഗങ്ങളില്‍ തൊട്ടുള്ള കളികള്‍ കളിക്കുവാന്‍ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അത് ശരിയായ കളിയല്ലെന്നും അതും വന്നു വീട്ടില്‍ പറയുവാന്‍ കുട്ടികളെ പഠിപ്പിക്കുക. കൂടാതെ മറ്റൊരു വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുവാന്‍ കുട്ടികളെ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അങ്ങനെ ചെയ്യരുതെന്നും അതും വീട്ടില്‍ വന്നു അച്ചനോടൊ അമ്മയോടൊ പറയുവാന്‍ പറയുക.

ഒരു വസ്തുവും ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങളില്‍ തൊടുവാന്‍ കളിയുടെ രൂപത്തില്‍ ആരു നിര്‍ബന്ധിച്ചാലും അതു ശരിയല്ലെന്ന് പറഞ്ഞു പഠിപ്പിക്കുക. പരിചയമില്ലാത്തവര്‍ എന്ത് തന്നാലും വാങ്ങി കഴിക്കരുത് എന്ന് പഠിപ്പിക്കുക. കുട്ടികളുടെ സ്വഭാവത്തിലോ, പെരുമാറ്റത്തിലോ, ശ്രദ്ധക്കുറവോ ഇടപഴകുന്നതിലോ ,പഠനത്തിലോ എന്തെങ്കിലും മാറ്റം കണ്ടാല്‍ ഉടനെ ശ്രദ്ധിക്കുക. കാര്യം ചോദിച്ചു അറിയുക.

‘അമ്മ മോളെ വഴക്കു പറയില്ല. എന്ത് തന്നെ ആയാലും മോള്‍ പറഞ്ഞോ’ ‘അമ്മ മോളെ അടിക്കില്ല.’ എന്നൊക്കെ പറഞ്ഞു അവരെ ആശ്വസിപ്പിച്ചു കാര്യം അറിയുവാന്‍ ശ്രമിക്കുക. എന്നിട്ടും അവര്‍ തുറന്നു പറയുന്നില്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെ കുട്ടിയെ കാണിക്കുക. 1098 എന്ന ചൈല്‍ഡ് ഹെല്‍പ്ലൈനില്‍ വിളിച്ചു അറിയിക്കുക. അങ്ങനെ ഒരു മോശം അനുഭവം ആരില്‍ നിന്നെങ്കിലുമുണ്ടായാല്‍ അമ്മയോടൊ, അച്ഛനോടോ, ടീച്ചറിനോടൊ തുറന്ന് പറയുവാന്‍ അവരോട് പറയുക. കൂടാതെ പോലീസില്‍ അറിയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button