ArticleSpecials

“കണ്ണീരുണങ്ങാത്ത കണ്ണൂരിലെ അമ്മമാർ”

ശിവാനി ശേഖര്‍

ലോകം മുഴുവൻ”മാതൃദിനം” ആഘോഷിക്കാനൊരുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ തങ്ങളുടെ ദുർവിധിയോർത്ത് വിലപിക്കുന്ന കുറച്ച് അമ്മമാരുണ്ട്! പക്വതയില്ലാത്ത രാഷ്ട്രീയ ചേരിപ്പോരുകളിൽ രക്തസാക്ഷികളായ മക്കളെയോർത്ത് തേങ്ങുന്ന അമ്മമാർ! അനാഥരായിപ്പോയ കുഞ്ഞുമക്കളെ മാറോട് ചേർത്തു വിലപിക്കുന്നവർ! മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച അരുംകൊലകൾ അനാഥമാക്കിയ കുടുംബത്തിന്റെ ബാക്കിപത്രങ്ങൾ!!ഈ മാതൃദിനത്തില്‍ അവരെ ആരും മറക്കാതിരിക്കട്ടെ!!!

“”കൊന്നതെന്തിനെന്നും, കൊല്ലിച്ചതാരെന്നുമറിയാതെ , രാഷ്ട്രീയക്കോമരങ്ങളുടെ കൈയിലെ കളിപ്പാവകളായ അണികൾ, കൂടെയുള്ളവന്റെ നെഞ്ചിൽ കത്തി കയറ്റിയിറക്കുമ്പോൾ, പത്തു മാസം ചുമന്ന് നൊന്തു പെറ്റ വയറിന്റെ പിടച്ചിലറിഞ്ഞിട്ടുണ്ടോ? അവന്റെ സന്തതികളെ പെറ്റു വളർത്തുന്ന മറ്റൊരമ്മയുടെ താലിച്ചരട് അറുത്തെടുക്കുമ്പോൾ , അവളുടെ ചങ്കു തകരുന്നതറിഞ്ഞിട്ടുണ്ടോ? ഈ ഭൂമിയിൽ പൊഴിഞ്ഞു വീഴുന്ന അവരുടെ ഓരോ തുള്ളി കണ്ണീരിനും ഇന്നല്ലെങ്കിൽ നാളെ കടുത്ത വില കൊടുക്കേണ്ടി വരുക തന്നെ ചെയ്യും!”

ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം ആർക്കും തീറെഴുതി കിട്ടിയതല്ലെന്നും,ആരുടെയും ജീവൻ എടുക്കാനുള്ള അധികാരം മനുഷ്യനില്ലെന്നും തിരിച്ചറിയാത്ത, മനസ്സാക്ഷി മരവിച്ച നാടായി മാറിയിരിക്കുന്നു കേരളം! പകരത്തിനു പകരം എന്ന മുദ്രാവാക്യത്തെ കൊലവിളിച്ച് നെഞ്ചിലേറ്റിയ അഭിനവ രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയമെന്ന പൊതുസേവനത്തിന്റെ അർത്ഥതലങ്ങൾ പൊളിച്ചെഴുതിയിരിക്കുന്നു! സ്ഥാനമാനങ്ങൾ വെട്ടിപ്പിടിക്കാൻ കൊല്ലും കൊലയും ശീലമാക്കുന്നവർ ,ചെയ്ത പാപങ്ങൾ പുഷ്പം പോലെ കഴുകിക്കളഞ്ഞ് തടി തപ്പാമെന്നോർത്തിട്ടുട്ടെങ്കിൽ, മുകളിലിൽ ദൈവമെന്ന പരമോന്നത നീതിപീഠമുണ്ടെന്ന് മറക്കരുത്!

അനാഥമായിപ്പോകുന്ന കുടുംബങ്ങളിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചു കരയുന്ന അമ്മ മനസ്സിന്റെ ശാപം ഏത് ഗംഗയിൽ മുങ്ങിയാലും വിട്ടൊഴിയില്ല! ആറ്റു നോറ്റു വളർത്തിയ മകനെ നിമിഷങ്ങൾക്കുള്ളിൽ കൺമുന്നിൽ തന്നെ നിശ്ചലമാക്കുമ്പോൾ തകർന്നു നിലവിളിക്കുന്ന അമ്മമനസ്സ് മാപ്പ് തരുമെന്ന് കരുതരുത്! തലമുറകൾക്കപ്പുറവും മായാത്ത ശാപമായി ആ അമ്മമനസ്സിന്റെ തേങ്ങലുകൾ വിടാതെ പിന്തുടരും!

കണ്ണൂരിലെ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ നിലവിളികൾ തോരാതെ പെയ്യുമ്പോൾ ഇനിയുള്ള തലമുറയെങ്കിലും ഈ കിരാത രാഷ്ട്രീയത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങാതിരിക്കാൻ ഇവിടെയുള്ള അമ്മമാർ കിണഞ്ഞു പരിശ്രമിക്കുന്നു!
പഠനമോ,ജോലിയോ ഒന്നുമല്ല , തങ്ങളുടെ മക്കളുടെ ജീവനാണ് പരമപ്രധാനമെന്ന ഉൾവിളിയിൽ തങ്ങളുടെ കൺവെട്ടത്തു നിന്നും ദൂരദേശങ്ങളിലേയ്ക്ക് നിർബന്ധിച്ചയയ്ക്കുന്നു ഇവിടുത്തെ അമ്മമാർ.. ,ഉണ്ണുന്നിടത്തു നിന്നും, ഉറങ്ങുന്നിടത്തും നിന്നും വിളിച്ചിറക്കി കൊണ്ടു പോയി, കത്തിമുനയിലോ, വാൾത്തലപ്പിലോ തങ്ങളുടെ മക്കളുടെ ജീവിതമൊടുക്കാൻ , പകൽവെളിച്ചത്തിലോ, ഇരുളിന്റെ മറവിലോ രാഷ്ട്രീയ കിങ്കരൻമാർ വരികയില്ലെന്ന സമാധാനത്തിൽ ഉറങ്ങിയുണരാം ഈ അമ്മമാർക്ക്! എവിടെയെങ്കിലും മക്കൾ ജീവിച്ചിരിക്കുന്നുണ്ടെന്ന ആശ്വാസത്തിൽ കാലം കഴിക്കാം.

രാഷ്ട്രീയമെന്നത് പൊതുസേവനമാണ്! അല്ലാതെ സ്ഥാനമാനങ്ങൾ ലഭിക്കാൻ വേണ്ടി എന്തും ചെയ്യുന്ന ബുദ്ധിയുറക്കാത്ത കുറെ നേതാക്കൻമാരുടെ കാട്ടിക്കൂട്ടലുകളല്ല!!. അശാന്തിയുടെ നിഴലുകൾ വിതയ്ക്കുന്ന ഇത്തരം നിഷ്ഠൂര കൊലപാതകങ്ങൾ കേരളത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റി മറിച്ചിരിക്കുന്നു! അമ്മമാരുടെ നെഞ്ചു പൊട്ടിയ നിലവിളികൾ കൈരളിയുടെ ഹൃദയത്തിലേക്ക് കൂരമ്പുകളായി തുളച്ചു കയറിയിരിക്കുന്നു!.വരും തലമുറയ്ക്ക് സ്നേഹത്തിന്റെയും സന്മാർഗ്ഗത്തിന്റെയും പാതകൾ വെട്ടിത്തെളിച്ചിരുന്ന മലയാളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേയ്ക്ക് ചൂണ്ടുവിരലുയർത്തുന്ന ഈ കൊടും ക്രൂരതയ്ക്ക് എന്നാണൊരന്ത്യമുണ്ടാവുക! ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അനാഥജീവിതത്തിന് ആരു കൈത്താങ്ങാകും!

ആറടിമണ്ണിനു പോലും അവകാശമില്ലാത്ത ഈ മണ്ണിൽ ആരൊക്കെയോ ചേർന്നൊരുക്കിയ ഗൂഢനാടകങ്ങളിൽ ബലിയാടുകളാകുന്നവരേ…കൊല്ലുന്നതെന്തിനെന്നും ആർക്കു വേണ്ടിയാണ് കൊന്നതെന്നുമറിയാതെ ഒപ്പം നടക്കുന്നവന്റെ ജീവനെടുക്കാൻ തുനിയുമ്പോൾ , ഒന്നുമറിയാത്ത നിഷ്ങ്കളങ്കരായ കുഞ്ഞുങ്ങളുടെ മുഖമൊന്നോർക്കുക! മക്കളുടെ കാലൊച്ചയ്ക്കായി ഉറക്കമൊഴിച്ചിരിക്കുന്ന മാതൃ ഹൃദയങ്ങളെക്കുറിച്ചൊന്നോർക്കുക! ഒരായുസ്സു മുഴുവൻ കൂടെയുണ്ടാവുമെന്ന് വാക്കു കൊടുത്തു കൂടെ കൂട്ടിയ പ്രിയതമയെ ഒന്നോർത്തു നോക്കുക!!

ഒരാവേശത്തിന്റെ പേരിൽ ചോര ചീറ്റിക്കാനിറങ്ങുന്ന നിങ്ങളുടെ മനസ്സിൽ ഇനിയും മരിക്കാത്ത മനുഷ്യത്വം ഉറവ പൊട്ടുന്നത് അനുഭവിച്ചറിയാം! വരുതലമുറയിലെങ്കിലും ഈ ക്രൂരതയുടെ വിഷവിത്തുകൾ മുളച്ചു പൊന്താതിരിക്കട്ടെ എന്നാശിക്കാം!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button