ജസ്‌നയുടെ തിരോധാനം : ദുരൂഹതയോടെ ആ മൊബൈല്‍ സിം : സിമ്മിന്റെ ഉടമ 70കാരന്‍

റാന്നി: കാണാമറയത്തേയ്ക്ക് മറഞ്ഞ ജസ്‌നയെ കണ്ടെത്തുന്നതിനുള്ള ഒരേ ഒരു പിടിവള്ളി ആ മൊബൈല്‍ സിം മാത്രമായിരുന്നു. ഇപ്പോള്‍ ആ മൊബൈല്‍ സിമ്മിനെ കേന്ദ്രമാക്കിയാണ് പൊലീസ് അന്വേഷണം പുരോഗമിയ്ക്കുന്നത്.

കാണാതായ ജെസ്നയുടെ സഹോദരി ജെസിയുടെ ഫോണിലേക്ക് ബംഗളൂരുവില്‍ നിന്നെത്തിയ മിസ്ഡ് കോളുകളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘം. ജെസ്നയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രണ്ടു കോളുകള്‍ ജെസിയുടെ ഫോണിലേക്ക് എത്തിയത്. എന്നാല്‍ തിരികെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.

പോലീസിന്റെ അന്വേഷണത്തില്‍ ഇവ ബിഎസ്എന്‍എല്‍ നമ്പറുകളാണെന്ന് കണ്ടെത്തിയിരുന്നു. പ്രവര്‍ത്തിക്കാതിരുന്ന രണ്ടു നമ്പറുകളിലേക്കും 10 രൂപ വീതം ചാര്‍ജ് ചെയ്തപ്പോഴാണ് ബിഎസ്എന്‍എല്‍ ആണെന്ന് ഉറപ്പിച്ചത്. സിമ്മിന്റെ ഉടമ എഴുപതുകാരനായ ചലപതിയെന്ന ആള്‍ ആണെന്ന് മനസിലാക്കിയെങ്കിലും ഇയാളെയും കണ്ടെത്താനായിട്ടില്ല.

അതേസമയം പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജെസ്നയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ വിവരം അറിയിക്കണം. ഫോണ്‍: 9497990035.

ജെസ്നയെ ബംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തെതുടര്‍ന്ന് അന്വേഷണസംഘം ബംഗളൂരുവിലും തുടര്‍ന്ന് മൈസൂരിലേക്കു കടന്നുവെന്ന സൂചനയില്‍ അവിടെയും തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനാകാതെ പോലീസിനു തിരിക്കേണ്ടി വന്നു. ധര്‍മാരാമിലെ ആശ്വസഭവവനിലും നിംഹാന്‍സ് ആശുപത്രിയിലും കണ്ടുവെന്ന സൂചനയില്‍ അവിടുത്തെ സിസിടിവിയില്‍ പരിശോധിച്ചുവെങ്കിലും ജെസ്നയുടെ മുഖം പതിഞ്ഞിട്ടില്ലെന്ന് വടശ്ശേരിക്കര സിഐ എംഐ ഷാജി പറഞ്ഞു. ആശ്രമത്തില്‍ ജെസ്നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി ഒഴികെ മറ്റാര്‍ക്കും ജെസ്നയെ കണ്ടതായി ഓര്‍മ്മയില്ല.

ജെസ്ന കേസ് അന്വേഷിക്കുന്ന സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ജെസ്നയ്ക്കൊപ്പം തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് ഒരു സംഘം തൃശ്ശൂരിലും അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം.

Share
Leave a Comment