തിരുവനന്തപുരം•ഗുണമുള്ള ഭക്ഷണം മിതമായ നിരക്കില്‍ സാധാരണക്കാര്‍ക്ക് ഒരു നേരമെങ്കിലും നല്‍കുന്നതിനുള്ള വിശപ്പു രഹിത കേരളം പദ്ധതി സര്‍ക്കാര്‍ സംസ്ഥാനവ്യാപകമാക്കുന്നു. ആലപ്പുഴ ജില്ലയില്‍ സപ്ലൈകോയുടെയും വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഈ വര്‍ഷം തന്നെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി കിടപ്പു രോഗികള്‍ക്കും പ്രായം ചെന്നവര്‍ക്കും വീടുകളില്‍ ഭക്ഷണം എത്തിക്കും.
വിശപ്പു രഹിത കേരളം പദ്ധതിയിലെ ഭക്ഷണ വിതരണം സപ്ലൈകോ നിരീക്ഷിക്കും. സമൂഹ അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്ത് കാസറോളുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിക്കും. 21 കോടി രൂപ പദ്ധതി വ്യാപിപ്പിക്കുന്നതിന് വേണ്ടി വരും. ആലപ്പുഴയില്‍ 40.89 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഫലപ്രദമായ രീതിയില്‍ ഇവിടെ പദ്ധതി നടപ്പാക്കാനായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സി. ഡി. എസ്, ആശാ വര്‍ക്കര്‍ക്കമാര്‍ എന്നിവരുടെ സഹായത്തോടെയാണ് ആലപ്പുഴ ജില്ലയിലെ ഗുണഭോക്താക്കളെ കണ്ടെത്തിയത്.
ആദിവാസി മേഖലയില്‍ തനതു ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ചെറുധാന്യങ്ങളായ റാഗി, തിന, ചാമ, ചോളം എന്നിവയാണ് വിതരണം ചെയ്യുക. തനതു ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന ആദിവാസികളില്‍ നിന്ന് അവരുടെ ഉപയോഗം കഴിഞ്ഞുള്ളത് വാങ്ങി ആവശ്യക്കാരായ മറ്റു ആദിവാസികള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. അട്ടപ്പാടിയില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments