പാലക്കാട് : ഗ്രാമങ്ങളില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ കൊള്ള പലിശ വഴി കൊയ്യുന്നത് കോടിക്കണക്കിന് രൂപ. ഇവയില്‍ മിക്കതും പുതു തലമുറയില്‍പ്പെട്ട ധനകാര്യ സഥാപനങ്ങളാണ്. അമിത പലിശ ചുമത്തുന്ന ഇവര്‍ ഗ്രാമങ്ങളിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരില്‍ നിന്നുമാണ് അമിത പലിശ ഈടാക്കുന്നത്. അടുത്തിടെ കടക്കെണി മൂലം ആത്മഹത്യ ചെയ്ത തേങ്കുറിശ്ശി പഞ്ചായത്തിലെ നെല്ലിക്കല്‍കാട്, നമ്പൂതിരിക്കാട്, പുളിബ്രാണി, എന്നിവിടങ്ങളിലായി 250 ല്‍ അധികം കുടുംബങ്ങളാണ് താമസം. ഇവരില്‍ മിക്കവരും വിവിധ ആവശ്യങ്ങള്‍ക്കായി വന്‍ പലിശ നിരക്കില്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവരാണ്. ഓരോ കുടുംബത്തിനും കുറഞ്ഞത് രണ്ടു ലക്ഷം വരെയാണ് വായ്പ. ഈ ഭാഗത്ത് യാതൊരുരീടും ഇല്ലാതെ ഇത്തരം ധനകാര്യസ്ഥാപനങ്ങള്‍ മൂന്നു കോടി രൂപ വരെ വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്.
പലിശയിനത്തില്‍ ഒരു കോടി രൂപ ഈ കണക്കില്‍ പിരിക്കുന്നുമുണ്ട്. 25 മുതല്‍ 35 ശതമാനം വരെയാണ് പലിശ. സ്ത്രീകള്‍ക്കാണ് ഇവര്‍ കൂടുതലായും പലിശക്ക് പണം നല്‍കുന്നത്. പുരുഷന്മാര്‍ക്ക് വായ്പ നല്‍കാറില്ല. കുടുംബശ്രീ, അയല്‍കൂട്ടം എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ ഓപ്പറേഷന്‍. ഈട് നല്‍കണ്ട എന്ന ഘടകത്തിലാണ് മിക്ക സ്ത്രീകളും ആകൃഷ്ടരാകുന്നത്. എന്നാല്‍ പലിശയും മുതലും അമിതമായി കഴിയുമ്പോള്‍ ഇവര്‍ക്ക് പിന്നെ ഒന്നും ചെയ്യാന്‍ കഴിയാതെ വരും. ബ്ലേഡ് മാഫിയ സംഘങ്ങള്‍ ഓപ്പറേഷന്‍ കുബേരയൊടെ തകര്‍ന്നടിഞ്ഞ ശേഷമാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഗ്രാമങ്ങളില്‍ ചുവടുറപ്പിച്ചത്.
Post Your Comments