വരാപ്പുഴ: വരാപ്പുഴയിലെ വീടാക്രമണക്കേസില്‍ മൂന്നാംപ്രതിയായ ‘യഥാര്‍ഥ’ ശ്രീജിത്ത് എന്ന തുളസീദാസ് ശനിയാഴ്ച കോടതിയില്‍ കീഴടങ്ങി. പോലീസ് കസ്റ്റഡിയില്‍ മരിച്ചത് ആളുമാറിപ്പിടിച്ച നിരപരാധിയായ ശ്രീജിത്ത് ആണ്. ഒളിവില്‍ കഴിഞ്ഞിരുന്ന ശ്രീജിത്ത് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ഒരു മാസത്തിനു ശേഷം പോലീസിനെ വെട്ടിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇവര്‍ വീടാക്രമണക്കേസിലെ ഒന്നും മൂന്നും ആറും പ്രതികളാണ്. പോലീസ് കസ്റ്റഡിയില്‍ മരിച്ച വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിന് വാസുദേവന്റെ വീടാക്രമിച്ച സംഭവവുമായി ബന്ധമില്ലെന്ന് കീഴടങ്ങിയ പ്രതികൾ പറഞ്ഞു. ഇവരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വീട്ടില്‍ വിബിന്‍, മദ്ദളക്കാരന്‍ തുളസീദാസ് എന്ന ശ്രീജിത്ത്, കുഞ്ഞാത്തുപറമ്പില്‍ കെ.ബി. അജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ശനിയാഴ്ച ആലുവ കോടതില്‍ ഹാജരായ മൂന്ന് പ്രതികളും വീടാക്രമിക്കുന്ന സമയത്ത് ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നാണ് പറഞ്ഞത്. ഇതോടെ കസ്റ്റഡിമരണക്കേസില്‍ പോലീസ് കൂടുതല്‍ വെട്ടിലായി. ഏപ്രില്‍ ആറിനാണ് വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീട് ആക്രമിക്കുന്നതും തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്യുന്നതും. തുടര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പെടെ 14 പേരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തത്.
മൂന്നാംപ്രതിയായ തുളസീദാസ് എന്ന ശ്രീജിത്തിന് പകരം ആളുമാറിയാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റുചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും തുടക്കംമുതലേ ആരോപിച്ചിരുന്നു. തുളസീദാസ് നാട്ടില്‍ അറിയപ്പെട്ടിരുന്നത് ശ്രീജിത്ത് എന്ന വിളിപ്പേരിലാണ്. സംഭവത്തില്‍ തുളസീദാസിന് പങ്കുള്ളതായി ആത്മഹത്യ ചെയ്ത വാസുദേവന്റെ ബന്ധുക്കളും ആരോപിച്ചിരുന്നു. എന്നാല്‍, മരിച്ച ശ്രീജിത്ത് സംഭവത്തില്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് വാസുദേവന്റെ മകന്‍ വിനീഷ് പറഞ്ഞിരുന്നത്. കീഴടങ്ങിയ പ്രതികള്‍.
ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇവര്‍ ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. ”പേടിച്ചിട്ടാണ് ഇതുവരെ ഒളിവില്‍ കഴിഞ്ഞത്. ആദ്യം തൊടുപുഴയിലാണ് എത്തിയത്. അവിടെ സുഹൃത്തിന്റെ സഹായത്തോടെ കാട്ടില്‍ ഒളിവില്‍ കഴിഞ്ഞു. പിന്നീട് കുടകിലെത്തി. കേസിന്റെ ചൂട് കുറഞ്ഞതായി കണ്ടതോടെയാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്” -അവര്‍ പറഞ്ഞു.
Post Your Comments