Latest NewsArticleNewsIndiaCrimeEditor's Choice

ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥയായി മാറിയ കഴിഞ്ഞ വര്‍ഷങ്ങളിലേക്ക് ഒരെത്തിനോട്ടം

തോമസ്‌  ചെറിയാന്‍.കെ

രാജ്യത്തെ സാമ്പത്തിക രംഗത്തെ, പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തിയ മാസങ്ങളാണ് കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്. കോടികള്‍ നഷ്ടമുണ്ടാക്കിയ ബാങ്ക് തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത് ഓരോ പൗരന്റെയും ഉള്ളില്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി കഴിഞ്ഞ ദിവസങ്ങളിലാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍ സഹിതം പുറത്തുവിട്ടത്. വിവരാവകാശ പ്രകാരമുള്ള അപേക്ഷയുടെ മറുപടിയായിരുന്നു റിസര്‍വ് ബാങ്കിന്റെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബാങ്ക് തട്ടിപ്പുമായി മാത്രം ബന്ധപ്പെട്ട് 23,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക് തട്ടിപ്പ് മുന്‍ വര്‍ഷങ്ങളിലും കാര്യമായി നടന്നിരുന്നെങ്കിലും അടുത്തിടെ പുറത്തുവന്ന പഞ്ചാബ് നാഷണല്‍ ബാങ്കിലെ 13000 കോടി രൂപയുടെ തട്ടിപ്പാണ് മറ്റു ബാങ്ക് തട്ടിപ്പുകളേയും ജനശ്രദ്ധയില്‍ കൊണ്ടു വരാന്‍ കാരണമായത്.

ഏറ്റവും ഒടുവിലായി ഐഡിബിഐ ബാങ്കില്‍ നടന്ന 600 കോടി രൂപയുടെ വായ്പാ തട്ടിപ്പ് പുറത്തു വന്നതോടെ രാജ്യത്ത് നടന്ന മുഴുവന്‍ ബാങ്ക് തട്ടിപ്പ് കേസുകളുടെയും വിശദവിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു വാര്‍ത്താ ഏജന്‍സിയിലെ ലേഖകന്‍ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയാണ് തട്ടിപ്പിന്റെ പിന്നാമ്പുറ കണക്കുകളെ റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്നും പുറത്തു കൊണ്ടു വരാന്‍ സഹായിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം തുടര്‍ച്ചയായി ബാങ്ക് തട്ടിപ്പുകള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്ന ധ്വനിയും റിസര്‍വ് ബാങ്കിന്റെ വിശദീകരണത്തില്‍ നിന്നും വ്യക്തമാണ്. കണക്കുകള്‍ പ്രകാരം 2017-18 സാമ്പത്തിക വര്‍ഷമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തുകയുടെ വായ്പാ തട്ടിപ്പ് നടന്നത്. 28,459 കോടി രൂപയുടെ തട്ടിപ്പാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രമായി നടന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയത് 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യത്ത് നടന്ന ബാങ്ക് തട്ടിപിന്റെ കണക്കുകളാണ്. അപ്പോള്‍ അതിനു മുന്‍പും പുറത്ത് വരാത്ത കോടികളുടെ സാമ്പത്തിക തട്ടിപ്പ് രാജ്യത്ത് നടന്നിട്ടുണ്ടെന്ന് പകല്‍ പോലെ വ്യക്തമാണ്. 2013 മുതല്‍ 2018 വരെയുള്ള അഞ്ചു വര്‍ഷ കാലയളവില്‍ രാജ്യത്ത് നടന്നത് 1,00,718 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ നിന്നും കൃത്യം തുക എത്രയെന്ന് കണക്കെടുത്ത് വരുന്നതേയുള്ളൂ. അതിനാല്‍ തുക ഇനിയും വര്‍ധിക്കാനാണ് സാധ്യത.

റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം തട്ടിപ്പു കേസുകളുടെ എണ്ണവും തുകയും ഇങ്ങനെ. 2013-14ല്‍ 4306 കേസുകളില്‍ 10,170 കോടി, 2014-15ല്‍ 4639 കേസുകളില്‍ 19,455 കോടി, 2015-16ല്‍ 4693 കേസുകളില്‍ 18,698 കോടി, 2016-17ല്‍ 5076 കേസുകളില്‍ 23,933 കോടി, 2017-18ല്‍ 5152 കേസുകളില്‍ 28,459 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. ഓരോ വര്‍ഷവും കേസുകളുടെയും നഷ്ടമായ തുകയുടെയും എണ്ണം കൂടി വരുന്നതായി കണക്കുകളില്‍ നിന്നും വ്യക്തമാണ്. എങ്ങനെ ഇത്രയും തട്ടിപ്പുകള്‍ നടന്നു, ആരാണ് ഇതിന്റെ ചരടു വലികള്‍ക്ക് പിന്നില്‍, എന്തുകൊണ്ട് ബാങ്ക് അധികൃതര്‍ ഇത് കൃത്യമായി പരിശോധിച്ചില്ല, ഒരേ വ്യക്തിയ്ക്ക് തന്നെ മുന്‍ വായ്പ കുടിശിക നിലനില്‍ക്കേ തുടര്‍ വായപകള്‍ക്ക് എങ്ങനെ അനുമതി നല്‍കി, തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങളാണ് ഇപ്പോള്‍ ജനമനസുകളില്‍ നിന്ന് ഉയരുന്നത്.

വജ്ര വ്യവസായ ഭീമനായ നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയെന്ന് രാജ്യം അറിഞ്ഞതു മുതല്‍ എല്ലാ ബാങ്കിങ് സ്ഥാപനങ്ങളിലും ഉണ്ടായ കോലാഹലങ്ങള്‍ ചെറുതല്ല. ജാമ്യ രേഖ വ്യാജമായി ചമയ്ച്ച് വിദേശത്തേക്ക് കടത്തിയ ഈ കോടികള്‍ എങ്ങോട്ട് പോയെന്നതിനുള്ള മറുപടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും കൃത്യമായി നല്‍കാനാവില്ല. ബാങ്ക് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വ ബോധവും സത്യസന്ധതയും മറന്ന് വമ്പന്‍ വ്യവസായികളെ വഴിവിട്ട് സഹായിച്ചതാണ് തട്ടിപ്പിന്റെ പ്രഭവ സ്ഥാനമെന്ന് ഞെട്ടലോടെ നാം ഏവരും കേട്ട സംഗതിയാണ്. ഇതേ തുടര്‍ന്ന് ബാങ്ക് മാനേജര്‍മാരടക്കമുള്ള നിരവധി ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും നടപടികളെടുത്തിട്ടും തുടര്‍ തട്ടിപ്പുകള്‍ തടയാന്‍ ഉദ്യോഗസ്ഥര്‍ എന്ത് പദ്ധതിയാണ് ആവിഷ്‌കരിച്ചതെന്നതിന് ഇനിയും മറുപടി ലഭിച്ചിട്ടില്ല. ലോകത്തെ സാമ്പത്തിക ശക്തികളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തിന് മിനിമം സുരക്ഷയുടെ കവചം പോലുമില്ലെന്ന് ഇതോടെ തെളിയുകയായിരുന്നോ എന്നും ജനമനസുകളില്‍ സംശയമുണരുന്നു. മാറി വരുന്ന സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിട്ട് ചില ഉദ്യോഗസ്ഥര്‍ സ്വാര്‍ഥ താല്‍പര്യത്തിനായി നടത്തിയ തട്ടിപ്പില്‍ നാളിതുവരെയായിട്ടും രാഷ്ട്രീയ ഇടപെടല്‍ കാര്യമായി ഉണ്ടായിട്ടില്ലെന്നും നാം ഓര്‍ക്കേണ്ട സംഗതിയാണ്. 201819 സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ബാങ്കിങ് തട്ടിപ്പ് വരുത്തി വച്ച നൂലാമാലകള്‍ മറികടന്ന് മുന്നോട്ട് പോകുവാന്‍ രാജ്യത്തിന് സാധിച്ചിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പിനെ വരെ സാരമായി ഇത്തരം തട്ടിപ്പുകള്‍ ബാധിക്കുമോ എന്നും കണ്ടു തന്നെ അറിയണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സാമ്പത്തിക വര്‍ഷമാണിതെന്നതും നാം ഓര്‍ക്കണം. എന്നിരുന്നിട്ടും രാജ്യത്തിന്റെ ഭരണ ചക്രത്തിന്റെ മികവു കൊണ്ട് തന്നെ സാമ്പത്തിക രംഗത്ത് പെട്ടന്നൊരു തളര്‍ച്ച നമുക്ക് നേരിടേണ്ടി വന്നില്ലെന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ട സംഗതിയാണ്.

കേന്ദ്ര സര്‍ക്കാരിനറെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ വരെ രാജ്യത്തുണ്ടായ കിട്ടാക്കടം 8,40,958 കോടി രൂപയാണ്. ഇതില്‍ 2,01,560 കോടി രൂപ സ്റ്റേറ്റ് ബാങ്കിന്റെയും ബാക്കി തുക രാജ്യത്തെ മറ്റ് പൊതുമേഖയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെയുമാണ്. കാര്‍ഷിക വായ്പയുള്‍പ്പടെ ചെറുതും വലുതുമായ ഒരുപാട് കുടിശികകളുടെ കണക്കാണിത്. ഇത്രയധികം സാമ്പത്തിക ഞെരുക്കം ബാങ്കിങ് മേഖലയില്‍ ഉണ്ടായിട്ടും കാര്‍ഷിക കടം എഴുതി തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനവും സാമ്പത്തിക രംഗത്തെ കരകയറ്റാനാകുമെന്ന നിശ്ചയധാര്‍ഢ്യത്തോടുകൂടിയുള്ള പ്രവര്‍ത്തനവും അഭിനന്ദനാര്‍ഹമാണ്. വരും സാമ്പത്തിക വര്‍ഷം ബാങ്കിങ് മേഖലയ്ക്ക് പുതു ഉണര്‍വ് നല്‍കുന്നതായി മാറട്ടെ. ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യത ഉറപ്പാക്കുന്ന ചട്ടങ്ങള്‍ പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരെടുക്കുന്ന കര്‍ശന നിലപാടുകള്‍ പൂര്‍ണ വിജയത്തിലേക്ക് എത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം. വരുന്ന മുഖ്യ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ വികസനത്തിന്റെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ പ്രാപ്തമായ ഭരണകൂടം ഉണ്ടാകട്ടെയെന്നും അഴിമതിയെന്ന വാക്ക് രാജ്യത്തു നിന്നും പൂര്‍ണമായും തുടച്ചു മാറ്റപ്പെടട്ടെയെന്നും നമുക്ക് പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം

shortlink

Related Articles

Post Your Comments

Related Articles


Back to top button