ലണ്ടൻ: ശാസ്ത്രത്തെപ്പോലും തോൽപ്പിച്ച് ഈ കുഞ്ഞു ഹൃദയം തുടിച്ചത് 68 മണിക്കൂറിലധികം. ഒടുവിൽ ഏവരെയും ദുഃഖത്തിലാഴ്ത്തി അവൻ യാത്രയായി. ആൽഫിയെ ജീവിക്കാൻ അനുവദിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ അടക്കം ആവശ്യപ്പെട്ടിട്ടും ബ്രിട്ടീഷ് നിയമവ്യവസ്ഥ ചെവിക്കൊണ്ടില്ല. കോടതി നിർദേശപ്രകാരം തിങ്കളാഴ്ച ജീവൻരക്ഷാ സംവിധാനങ്ങൾ എടുത്തു മാറ്റിയ ആൽഫി ശനിയാഴ്ച പുലർച്ചെ 2.30നു മരിച്ചു. “എന്റെ പോരാളി പരിച താഴെവച്ച് ചിറകുകൾ നേടി…. ഹൃദയം വിങ്ങുന്നു”- ആൽഫിക്കായി പോരാടിയവരെ മരണവാർത്ത അറിയിച്ച് അച്ഛൻ ടോം ഇവാൻസ് ഫേസ്ബുക്കിൽ കുറിച്ചു.
2016 മേയിലാണ് ടോം ഇവാൻസ്- കേറ്റ് ജയിംസ് ദമ്പതികൾക്ക് ആൽഫി പിറന്നത്. അപൂർവമായ മസ്തിഷ്കരോഗം ഡിസംബറിൽ സ്ഥിരീകരിച്ചു. ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ആശുപത്രിയിലായിരുന്നു ചികിത്സ. മസ്തിഷ്കകോശങ്ങൾ നശിച്ച ആൽഫിക്കു ചികിത്സ തുടരുന്നതിൽ അർഥമില്ലെന്നും ഇനിയും ജീവിക്കാൻ അനുവദിക്കുന്നതു മനഷ്യത്വരഹിതമാണെന്നും ആശുപത്രി അധികൃതർ നിലപാടെടുത്തു. ഏതു വിധേനയും ജീവൻ നിലനിർത്തണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.
ആൽഫിയുടെ മാതാപിതാക്കൾ കീഴടങ്ങാൻ കൂട്ടാക്കാതെ ലോകത്തിന്റെ പിന്തുണ അഭ്യർഥിച്ചു. ആൽഫീസ് ആർമി എന്ന പേരിൽ വളരെപ്പേർ പിന്തുണയുമായി എത്തി. മാതാപിതാക്കൾ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടു. കുഞ്ഞിനു മറ്റു ചികിത്സകൾ നല്കാൻ അനുവദിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ചികിത്സാകാര്യത്തിൽ മാതാപിതാക്കളും ആശുപത്രിയും തമ്മിൽ തർക്കമുണ്ടായാൽ കോടതി തീരുമാനം എടുക്കണമെന്നാണു ബ്രിട്ടീഷ് നിയമം.
എന്നാൽ അവിടെ കോടതി പോലും അവർക്ക് വില്ലനായി. ജീവൻരക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റി മരിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കുഞ്ഞിനെ വത്തിക്കാനിലെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി ജീവൻ നിലനിർത്തണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതു നടക്കുമെന്ന പ്രതീക്ഷയിൽ ഇറ്റാലിയൻ സർക്കാർ തിങ്കളാഴ്ച കുഞ്ഞിനു പൗരത്വവും നല്കി. എന്നാൽ, ബ്രിട്ടനിലെ അപ്പീൽ കോടതി എതിരു നിന്നതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
Post Your Comments